- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി; നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കുമ്പോൾ നാരീശക്തി പുരസ്‌കാരം; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ്; കാർത്ത്യായനിയമ്മ ഇനി ഓർമ്മ
ആലപ്പുഴ: അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കിൽ പാസായ ആലപ്പുഴ മുട്ടം ചിറ്റൂർ പടീറ്റത്തിൽ കാർത്ത്യായനിയമ്മ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാർത്ത്യായനിയമ്മ. നാൽപ്പതിനായിരം പേർ എഴുതിയ അക്ഷര ലക്ഷം പരീക്ഷയിൽ 98ശതമാനം മാർക്കുവാങ്ങിയാണ് കാർത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്.
കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവായിരുന്നു കാർത്യായനിയമ്മ. സാക്ഷരതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിനാണ് കാർത്യായനിയമ്മയ്ക്കു നാരീശക്തി പുരസ്‌കാരം ലഭിച്ചത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ, സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി കേരളം അവതരിപ്പിച്ച ടാബ്ലോയിൽ ഏറ്റവും മുൻപിലുണ്ടായിരുന്നത് കാർത്യായനിയമ്മയുടെ പ്രതിമയായിരുന്നു. അസുഖങ്ങളാൽ ചികിൽസയിയിരുന്നു കാർത്ത്യായനിയമ്മ. ഓർമയ്ക്കും സംസാരത്തിനും പ്രശ്നം ഇല്ലെങ്കിലും പക്ഷാഘാതം വന്ന് ഒരു കാലിനും കൈക്കും തളർച്ച ബാധിച്ചിരുന്നു. മകൾ ജോലിക്കു പോകുമ്പോൾ കാർത്യായനിയമ്മയ്ക്ക് ഹോം നഴ്സിന്റെയും ഡോക്ടർമാരുടെയും സേവനം ജില്ലാ പഞ്ചായത്തു മുൻകയ്യെടുത്ത് ഉറപ്പു വരുത്തുകയായിരുന്നു.
ആഫ്രിക്കയിലെ ബോട്‌സ്വാന മുതൽ പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയ വരെ അഞ്ചു വൻകരകളിലെ 53 രാജ്യങ്ങളിൽ കാർത്യായനിയമ്മയെ അറിയുമായിരുന്നു. വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസഡറായി കാർത്യായനിയമ്മയെ തെരഞ്ഞെടുത്തിരുന്നു. 53 അംഗരാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമൺവെൽത്ത് ലേണിങ് ലക്ഷ്യമിടുന്നത്. കോമൺവെൽത്ത് ലേണിങ് വൈസ് പ്രസിഡന്റ് ആർ ബാലസുബ്രഹ്‌മണ്യം കാർത്യായനിയമ്മയെ നേരത്തെ സന്ദർശിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ജേണലുകളിൽ കാർത്യായനിയമ്മയുടെ റാങ്ക് നേട്ടം പ്രസിദ്ധീകരിച്ചിരുന്നു.
പരീക്ഷാ വിജയത്തിന് ശേഷം കംപ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവർക്ക് മന്ത്രി സി രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടർ പഠനവും കാർത്യായനിയമ്മ നടത്തിയിരുന്നു.
കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചച്ചു
രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനിയമ്മയായിരുന്നു.
നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്‌കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്‌കാരം വാങ്ങിയ ശേഷവും പുരസ്‌കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.
കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.