ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് (62) അന്തരിച്ചു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുപോകും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗമായിരുന്നു. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം പരിവാർ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ശബരിമലയിൽ അടക്കം തീർത്ഥാടകർക്ക് വേണ്ടി ഇടപെടൽ നടത്തിയിരുന്നു.

തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. തിരുവനന്തപുരം, കാസർകോട് കലക്ടർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്‌മിനിസ്‌ട്രേറ്റർ, ടൂറിസം ഡയറക്ടർ, റജിസ്‌ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്‌സ് സെക്രട്ടറി, സപ്ലൈകോ എംഡി, ഹയർ സെക്കന്ററി ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.പുത്തൂരിൽ സഹോദരി ഷീല കൊല്ലപ്പെട്ടത് സതീശന് വേദനയായിരുന്നു. പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതും വിവാദമായി.

അഴിമതി കറ പുരളാത്ത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സതീഷ്. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രവർത്തന പരിചയവുമായാണ് വിവാദ കാലത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തത്. അമൂല്യ നിധിയുടെ കണക്കെടുപ്പ് അടക്കം ഈ സമയത്താണ് നടന്നത്. തഹസിൽദാറായി റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഗവൺമെന്റ് സെക്രട്ടറിയായാണ് വിരമിച്ചത്. 2004ലാണ് ഐഎഎസ് ലഭിച്ചത്. രമയാണ് ഭാര്യ. മകൾ : ഡോ. ദുർഗ, മരുമകൻ : ഡോ. മിഥുൻ ശ്രീകുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.