- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മച്ചമ്പിയേ, പഞ്ചവർണ്ണത്തിന്റെ പട്ടിയുടെ സ്ഥിരം ശത്രുവായ 'തിളക്കത്തിലെ' വെളിച്ചപ്പാട്; കാലത്തിനൊപ്പം ചേർത്തുവെച്ച ഒട്ടേറെ കൊച്ചുപ്രേമൻ ശൈലികൾ; കോമഡിക്കൊപ്പം 'ഗുരു'വിൽ അടക്കം ചെയ്ത റോളുകൾ ഇരുത്തം വന്ന നടന്റെ പകർന്നാട്ടമായി; വിമർശനങ്ങളെ അംഗീകാരങ്ങളായി കണ്ട പോസീറ്റീവ് ആക്ടിങ്ങിന്റെ വക്താവായ നടൻ വിടവാങ്ങുമ്പോൾ
തിരുവനന്തപുരം:മച്ചമ്പിയേ...തെങ്കാശിപ്പട്ടണത്തിലെ ആ ഒരൊറ്റ ഡയലോഗ് മതി കൊച്ചുപ്രമനെന്ന നടനെ അനശ്വരമായ മലയാള സിനിമാ ലോകത്ത് എക്കാലവും നിലനിർത്താൻ.അങ്ങനെ പ്രശസ്തമായ കൊച്ചുപ്രേമൻ ശൈലികൾ ഒട്ടേറെയാണ് മലയാള സിനിമാ ശാഖയിൽ പിന്നീട് അദ്ദേഹം കുറിച്ചിട്ടത്.കോമഡിക്കായി പലരും ഡയലോഗുകൾ തിരയുമ്പോൾ സ്വാഭാവികമെന്നോണമുള്ള തന്റെ സംസാര ശൈലി തന്നെ നർമ്മമുള്ളതാക്കി മാറ്റനുള്ള കഴിവായിരുന്നു കൊച്ചുപ്രേമനെ എന്നും വ്യത്യസ്തനാക്കിയിരുന്നത്.ഒരു ഇടവേളക്ക് ശേഷം തിരികെയെത്തിയ തിളക്കത്തിലെ വെളിച്ചപ്പാടിലൂടെ അദ്ദേഹം പിന്നീട് മാറിയത് മലയാള സിനിമയിലെ അഭിവാജ്യമായ കോമഡി താരമെന്ന തലത്തിലേക്കായിരുന്നു.
ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു കൊച്ചുപ്രേമൻ എന്ന കെ.എസ് പ്രേംകുമാർ.എട്ടാം ക്ലാസിൽവച്ചാണ് അദ്ദേഹം ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്.ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്.
1979 ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെയാണ് കൊച്ചുപ്രേമൻ വെള്ളിത്തിരയിലേക്കെത്തുന്നത്.പിന്നീട് 1997-ൽ രാജസേനന്റെ ഡൽഹിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.
സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നായിരുന്നു കൊച്ചുപ്രേമന്റെ അഭിപ്രായം.കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്.
മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഡൽഹിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം,പട്ടാഭിഷേകം,ഛോട്ടാമുംബൈ, ലീല, ഓർഡിനറി, മായാമോഹിനി,പാപ്പീ അപ്പച്ചാ,കൊച്ചാൾ തുടങ്ങിയവയാണ് മറ്റുപ്രധാനചിത്രങ്ങൾ.സിനിമയ്ക്ക് പുറമേ നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. നടി ഗിരിജാ പ്രേമനാണ് ഭാര്യ. മകൻ -ഹരികൃഷ്ണൻ.