- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകം കളിച്ചുനടന്ന കാലത്ത് കൂട്ടത്തിലൊരു സുഹൃത്തിനും അതേ പേര്; അങ്ങനെ കെ എസ് പ്രേംകുമാർ പൊടുന്നനെ കൊച്ചുപ്രേമനായി; ശബ്ദസവിശേഷതയും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും കണ്ട് പെരുത്തിഷ്ടമായത് 'ജെ സിക്ക്; 'എഴു നിറങ്ങളിൽ' വേഷമിട്ടെങ്കിലും സിനിമയിൽ ബ്രേക്കായത് സത്യൻ അന്തിക്കാടിനെ കണ്ടതോടെ
തിരുവനന്തപുരം: മിക്ക പഴയകാല നടന്മാരെയും പോലെ നാടകമായിരുന്നു കൊച്ചു പ്രേമന്റെയും തട്ടകം. വെറും നടനല്ല, ആരാധകരുടെ പ്രിയപ്പെട്ട നടൻ. ഹാസ്യത്തിന്റെ മേമ്പൊടിയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ കാണികളുടെ ഹൃദയം കവരുന്നവയായിരുന്നു. നാടക സമിതിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് തന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേർക്കും ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ അദ്ദേഹം കെ.എസ്.പ്രേംകുമാർ എന്ന പേര് മാറ്റി കൊച്ചു പ്രേമൻ എന്ന പേര് സ്വീകരിച്ചു.
കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എൻ. കെ. ആചാരി ഒരുക്കിയ ''ജ്വാലാമുഖി' എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്സിന്റെ ''അനാമിക' എന്ന നാടകത്തിലാണ് പ്രേക്ഷകർ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടർന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികൾക്കൊപ്പം കൊച്ചുപ്രേമൻ പ്രവർത്തിച്ചു. ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയർത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്സിന്റെ ''അമൃതം ഗമയ', വെഞ്ഞാറമ്മൂട് സംഘചേതനയുടെ ''സ്വാതിതിരുനാൾ', ''ഇന്ദുലേഖ', രാജൻ പി. ദേവിന്റെ ''ആദിത്യമംഗലം ആര്യവൈദ്യശാല' തുടങ്ങിയവ.
വളരെ ചെറുപ്പം മുതൽ തന്നെ സ്‌കൂൾ നാടക രംഗത്ത് അദ്ദേഹം സജീവമായിരുന്നു.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമൻ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ തണലിൽ നിന്ന് അദ്ദേഹം ''ഉഷ്ണവർഷം' എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണൽ നാടകവേദികൾക്കൊപ്പം റേഡിയോനാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങൾ. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ ''ഇതളുകൾ' എന്ന പരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ ''കൃമീരി അമ്മാവൻ' എന്ന കഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.
തിരുവനന്തപുരം കാർത്തികതിരുനാൾ തിയറ്ററിൽ കൊച്ചുപ്രേമൻ എഴുതി, സംവിധാനം ചെയ്ത നാടകം നടക്കുകയായിരുന്നു. തീർത്തും യാദൃച്ഛികമായി പ്രശസ്ത സംവിധായകൻ ജെ. സി. കുറ്റിക്കാട് ആ നാടകം കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോൾ ജെ. സി. നേരിട്ടു കണ്ടു. 'നാടകം എനിക്കിഷ്ടമായി; അഭിനയവും. അടുത്തു തന്നെ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അഭിനയിക്കാൻ താത്പര്യമുണ്ടോ?'' ജെ. സി. ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമന്റെ ഫോൺ നമ്പറും വാങ്ങിപോയി. പിന്നെ ഒരുവർഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോൺ വന്നു. ജെ. സി. യുടെ 'ഏഴ് നിറങ്ങൾ' എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു ആ ഫോൺ സന്ദേശം. ആദ്യ ചിത്രത്തിനു ശേഷം പത്തു വർഷത്തെ ഇടവേളയാണ് കൊച്ചുപ്രേമൻ എടുത്തത്. നാടകത്തിലെ തിരക്കും പഠനവുമൊക്കെ ഈ കാലയളവിൽ അദ്ദേഹം പൂർത്തിയാക്കി.
പത്തു വർഷത്തിനു ശേഷം രാജസേനന്റെ ഡൽഹിവാല രാജകുമാരൻ-'ൽ എത്തി. രാജസേനനൊടൊപ്പം എട്ടോളം ചിത്രങ്ങളിൽ കൊച്ചുപ്രേമൻ ഭാഗമായി. കഥാനായകൻ' എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റിയിൽ കൊച്ചുപ്രേമൻ അഭിനയിച്ച നാടകം സത്യൻ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്.
'സിനിമാ നടൻ എന്ന ലേബൽ എനിക്ക് തന്നത് ഈ ചിത്രമാണ്''- എന്ന് അദ്ദേഹം പറയുന്നു. തമാശവേഷങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് കൊച്ചുപ്രേമൻ തെളിയിച്ചത് 'ഗുരു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. ജയരാജ് സംവിധാനം തിളക്കം' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയിൽ തിരക്കായി.
രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല' -യിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിരയായി. പക്ഷേ, വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായാണ്.