- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും ജീവതത്തിന് കൂട്ടായപ്പോൾ ശീലിച്ചത് സമചിത്തതയോടെ കാര്യങ്ങളെ നേരിടാൻ; അനുഭവസമ്പത്തു കൊണ്ടുചെന്നെത്തിച്ചത് പാർട്ടി സെക്രട്ടറി മുതൽ സംസ്ഥാന ആഭ്യന്തര മന്ത്രി പദത്തിൽ വരെ; വിടവാങ്ങുന്നത് ഇടതുപക്ഷക്കാരിലെ ചിരിക്കുന്ന മുഖം
തിരുവനന്തപുരം: സിപിഎം നേതാക്കാന്മാരെയും അണികളെയും കുറിച്ചൊക്കെ പറയുമ്പോൾ പൊതുവേ കേൾക്കുന്ന ഏറ്റവും വലിയ പരാതിയാണ് ചിരിക്കാത്ത ഗൗഗവമുള്ള മുഖഭാവവും പ്രകൃതവും.എന്നാൽ ആ വിമർശനത്തിന് ഒരു അപവാദമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എന്നും ഏത് പ്രതിസന്ധിഘട്ടത്തിലും ചിരിക്കുന്ന മുഖത്തോടെ ആ പ്രശ്‌നത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതായിരുന്നു കോടിയേരിയുടെ രീതി.അതിനാൽ തന്നെയാവണം വി എസ് ഒക്കെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മറ്റ് പാർട്ടിക്കാർ വരെ അംഗീകരിക്കുന്ന മുഖമായി കോടിയേരി മാറിയതും.
വിഷയത്തെ സമചിത്തതയോടെ നേരിടുന്ന കോടിയേരി രീതിക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.ഏറ്റവും ഒടുവിലായി അത് പ്രകടമായ ഒരു സംഭവം ഈ സമീപകാലത്തുണ്ടായി.എന്നാ താൻ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ കോടിയേരിയുടെ പ്രതികരണം ഇതിന് ഉദാഹരണമാണ്.അന്ന് റോഡിലെ കുഴി സംബന്ധിച്ച പരസ്യം വിവാദത്തിന് വഴിവെച്ച് സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനം വരെ ഉണ്ടായപ്പോൾ കോടിയേരിയാണ് ആദ്യമായി ഔദ്യോഗികമായി പാർട്ടിക്കുവേണ്ടി സംസാരിച്ചത്.ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അത് പാർട്ടി നിലപാട് ആകില്ലെന്നും കലാസൃഷ്ടികളെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇതിന് ശേഷമാണ് വകുപ്പ് മന്ത്രി പോലും വിഷയത്തിൽ സംസാരിച്ചത്.
ഇതൊരു ചെറിയ ഉദാഹരണം മാത്രം..ചെറുതും വലുതുമായ ഇത്തരം നിരവധി പ്രശ്‌നങ്ങളും അതിനെ തണുപ്പിച്ച കോടിയേരി എഫക്ടിനും ഒട്ടനവധി തവണ രാഷ്ട്രീയ കേരളം സാക്ഷിയായിട്ടുണ്ട്.സാധാരണഗതിയിൽ സിപിഎം നേതാക്കൾക്കു മേൽ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാർഷ്ട്യമോ കോടിയേരിയിൽ ഒരുകാലത്തും പ്രകടമായിരുന്നില്ല. മാത്രമല്ല, ചാട്ടുളിപോലെ തുളച്ചുകയറുന്ന അസാധാരണ പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പ്രതിപക്ഷത്തും സൗഹൃദങ്ങളുണ്ടായിരുന്നു കോടിയേരിക്ക്. ഒരുപക്ഷേ പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സൗഹൃദങ്ങളുള്ള സിപിഎം. നേതാവ് കോടിയേരി ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാകില്ല.
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല കോടിയേരിയുടെ ജനനം. തന്റെ അച്ഛനോ അമ്മയോ ആരും കമ്യൂണിസ്റ്റ് താൽപര്യമുള്ളവരായിരുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നാടിന്റെ പശ്ചാത്തലവും സ്‌കൂളിന്റെ അന്തരീക്ഷവുമാണ് തന്നെ വിദ്യാർത്ഥി പ്രവർത്തകനായി മാറ്റിയതെന്നും അന്ന് കോടിയേരി സാക്ഷ്യപ്പെടുത്തിയിരുന്നു.അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇരുപതാം വയസ്സിൽ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ വളർത്താൻ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ബാലകൃഷ്ണന്റെ പഠനം സാധ്യമാക്കിയത്.ഈ അനുഭവങ്ങളൊക്കെയാണ് അദ്ദേഹത്തെ ഇത്തരത്തിലൊരു നേതാവാക്കിയതും
പതിനെട്ടാം വയസ്സിൽ സിപിഐഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സിൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കൽ സെക്രട്ടറി. പക്ഷേ, ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂൾ അദ്ധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെൺകുട്ടികളേയും ബാലകൃഷ്ണനെയും വളർത്തിയത്. പശുവളർത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂൾകാലത്ത് പാൽവീടുകളിൽ കൊടുത്ത ശേഷമാണ് ബാലകൃഷ്ണൻ ക്ലാസിലേക്കു പോയിരുന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളിൽ. പക്ഷേ, കോടിയേരി ബേസിക് ജൂനിയർ സ്‌കൂളിൽ നിന്ന് ഓണിയൻ സ്‌കൂളിൽ എത്തിയപ്പോൾ തന്നെ ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്ഐയുടെ പൂർവരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സർക്കാർ മയ്യഴിയിൽ പ്രിഡിഗ്രി മാത്രമുള്ള ജൂനിയർ കോളജ് തുടങ്ങിയപ്പോൾ ആദ്യ ബാച്ചിൽ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയൻ ചെയർമാൻ. ആ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.
ഇരുപതാം വയസ്സിൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ആയ ആറുവർഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന മണ്ഡലം.
ധാർഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമർഥനുമായ രാഷ്ട്രീയക്കാരൻ. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും കയ്യടക്കത്തോടെയുള്ള കൈകാര്യംചെയ്യൽ. പിണറായി വിജയനു ശേഷം ഒരു പക്ഷേ കേരള മുഖ്യമന്ത്രിപദത്തിലേക്കു പോലും എത്തിച്ചേരുമായിരുന്ന സിപിഎമ്മിന്റെ കരുത്തൻ. കോടിയേരി ബാലകൃഷ്ണൻ എന്ന വ്യക്തിയും നേതാവും കേരള രാഷ്ട്രീയത്തിൽ അടയാളങ്ങൾ സൃഷ്ടിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടുകൂടിയാണ്