- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ സഖാവേ കോടിയേരീ... നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... നിങ്ങളുയർത്തിയ ചെഞ്ചോരക്കൊടി താഴുകില്ല, താഴ്‌ത്തുകില്ല... ലാൽ സലാം..; കോടിയേരിക്കായി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു സഖാക്കൾ; തലശ്ശേരിയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ഉറ്റസഖാവിന് അന്ത്യാജ്ഞലി അർപ്പിച്ചു പിണറായിയും
തലശ്ശേരി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങൽപ്പീടികയിലെ വസതിയിലെത്തിക്കും. പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.
കണ്ണൂരിൽ നിന്നു വിലാപയാത്ര തലശ്ശേരിയിലേക്ക് കടന്നവന്ന വഴിയിൽ വലിയ ജനസഞ്ചയം പ്രിയസഖാവിനെ കാണാൻ എത്തിയിരുന്നു. മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല് കേന്ദ്രങ്ങളിലും തടിച്ചുകൂടിയ ജനാവലിക്കിടയിലൂടെയാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. ടൗൺഹാളിൽ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി, തോമസ് ഐസക്, കെ കെ ശൈലജ അടക്കമുള്ള നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ചു.
ഇന്ന് മുഴുവൻ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. ടൗൺഹാളിലും വസതിയിലും പൊതുദർശനത്തിനിടെ പൊലീസ് ആദരമർപ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
തലശ്ശേരിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്. പ്രിയ സഖാവേ കോടിയേരീ... നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... നിങ്ങളുയർത്തിയ ചെഞ്ചോരക്കൊടി താഴുകില്ല, താഴ്‌ത്തുകില്ല... ലാൽ സലാം.. ലാൽ സലാം.. തുടങ്ങി കോടിയേരിക്കായി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ചത്.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോടിയേരിയുടെ ഭൗതിക ശരീരം 12.55ഓടെയാണ് ജന്മനാട് ഏറ്റുവാങ്ങിയത്.
സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് തലശ്ശേരി ടൗൺഹാളിലേക്കുള്ള വിലാപയാത്ര തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, സ്പീക്കർ എ.എൻ. ഷംസീർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മന്ത്രിമാരായ വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനോയ് കോടിയേരി, മരുകൾ റനീറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.