- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം വീണത് ആന്മരിയ; കൊച്ചുകളെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിയും മുങ്ങി താണു; ഏഴു വയസ്സുകാരി എങ്ങനെ വീണെന്നത് ആരും കണ്ടില്ല; ഒരു കുടുംബത്തിലെ മൂന്ന് പേരുടെ വേർപാടിൽ കണ്ണീർ കടലായി കൊമ്പൊടിഞ്ഞാൽ എന്ന മലയോര ഗ്രാമം
അടിമാലി: കണ്ണീർക്കടലായി മലയോരഗ്രാമം. ആന്മരിയ (12)യുടെയും അമേയ (7)യുടെയും മുത്തശി എൽസമ്മ(55)യുടെയും വേർപാടിൽ വിറങ്ങലിച്ച് കൊമ്പൊടിഞ്ഞാൽ. ഇന്നലെ വൈകിട്ട് 4.30 തോടെയാണ് 3 ജീവനെടുത്ത ദുരന്തം പുറത്തുവരുന്നത് .കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ വിനോയി - ജാസ്മി ദമ്പതികളുടെ മക്കളാണ് ആന്മരിയ (12)യും അമേയ (7) യും. ജാസ്മിയുടെ മാതാവാണ് (55)കാരിയായ എൽസമ്മ.
എൽസമ്മയും കുട്ടികളും അയൽവാസിയായ അമ്മിണിയും ഒരുമിച്ചാണ് വീടിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാൻ എത്തിയത്. സ്കൂളിൽ നിന്നെത്തിയ ആന്മരിയയും അമേയയും യൂണിഫോം മാറാൻ നിൽക്കാതെ എൽസമ്മയ്ക്കൊപ്പം പാറക്കുളത്തിലേയ്ക്ക് പുറപ്പെടുകയായിരുന്നു. ആന്മരിയ പാറക്കുഴിയിൽ നിന്നും ബക്കറ്റിൽ വെള്ളം മുക്കി എൽസമ്മ തുണി അലക്കുന്ന ഭാഗത്തേയ്ക്ക് എത്തിച്ചുനൽകിയിരുന്നു. വെള്ളം കിടക്കുന്ന കുഴിയിൽ നിന്നും അൽപ്പം മാറിയാണ് തുണി അലക്കുന്നതിനായി കല്ലുകൾ ഇട്ടിരുന്നത്.
വെള്ളം മുക്കുന്നതിനിടെ ആന്മരിയ കാൽവഴുതി പാറക്കുളത്തിൽ പതിച്ചു. നിലിവിളികേട്ട് എൽസമ്മ ഓടിയെത്തുമ്പോൾ അന്മരിയ വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് കാണുന്നത്. രക്ഷിക്കുന്നതിനായി ഇവർ വെള്ളത്തിലേയ്ക്ക് ഇറങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു. 80 തിനോടടുത്ത് പ്രായമുള്ള അമ്മിണി മാത്രമാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്.ഇവർ അലറിക്കരഞ്ഞെങ്കിലും സഹായത്തിന് ആരും എത്തിയില്ല.പാറക്കുളത്തിന് സമീപത്ത് താമസക്കാർ ഇല്ലായിരുന്നു.
ഇതെത്തുടർന്ന് താൻ സഹായം തേടി അടുത്ത വീട്ടിലേയ്ക്ക് പോയെന്നും കുറച്ചുദൂരം വരെ അമേയയും കൂടെയുണ്ടായിരുന്നെന്നും പിന്നീട് ചേച്ചി വരാതെ താൻ വരുന്നില്ലന്ന് പറഞ്ഞ് കുട്ടി വഴിയിൽ നിൽക്കുകയായിരുന്നെന്നും തിരിച്ചെത്തുമ്പോൾ ഈ കൂട്ടിയെ കണ്ടില്ലെന്നുമാണ് അമ്മണി വെളിപ്പെടുത്തിയിട്ടുള്ളത്. അമേയ എങ്ങിനെ വെള്ളത്തിൽ അകപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല. പാറക്കുളത്തിൽ നിന്നും കുറച്ചുമാറിയാണ് വീടുകളുള്ളത്.അമ്മിണി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞ് ആളെക്കൂട്ടിയെത്തിയപ്പോഴേയ്ക്കും 15 മിനിട്ട് പിന്നിട്ടിരുന്നു.
പ്രദേശവാസിയും മുങ്ങൽ വിദഗ്ധനുമായ കൊച്ചച്ചേരിൽ ആന്റണി ഉടൻ സ്ഥലത്തെത്തി കുളത്തിൽ മുങ്ങിതപ്പിയാണ് മൂന്നുപേരെയും പുറത്തെടുത്തത്. ആദ്യം ആന്മരിയെയും പിന്നാലെ മറ്റുരണ്ടുപേരെയും ആന്റണി കരയ്ക്കെത്തിച്ചു. കരയ്ക്കെടുക്കുമ്പോൾ അമേയയയ്ക്ക് നേരിയ അനക്കമുണ്ടായിരുന്നു. ഉടൻ രക്ഷപ്രവർത്തകർ കുഞ്ഞിനെയും കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് പാഞ്ഞു. താമസിയാതെ മരണം സ്ഥിരീകരിയക്കുകയായിരുന്നു.
ആന്മരിയ പണിക്കൻകുടി ഗവൺമെന്റ് സ്കൂളിൽ ഏഴാം ക്ലാസിലും അമേയ രണ്ടാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.ജാസ്മിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു.ഇപ്പോൾ മാതാവും മക്കളും കൂടി നഷ്ടമായി.കൊമ്പൊടിഞ്ഞാലിലെ വാടക വീട്ടിൽ ഇനി അവശേഷിക്കുന്നത് വിനോയിയും ജാസ്മിയും മാത്രം.ഇരുവരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിയക്കുകയാണ് ഉറ്റവരും അടുപ്പക്കാരും.
അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.കൊമ്പൊടിഞ്ഞാൽ എൽസമ്മയുടെ വീട്ടിലാണ് പൊതുദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.ദുഃഖത്തിൽ പങ്കുചേരാൻ നിരവധി പേർ നാടിന്റെ നാനഭാഗത്തുനിന്നായി കൊമ്പൊടിഞ്ഞാലിനെ വീട്ടിലേയ്ക്ക് എത്തുന്നുണ്ട്.
നേരത്തെ ബസ്സ് ഓടിച്ചിരുന്ന വിനോയി ഇപ്പോൾ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.ജാസ്മി വ്യാപാരസ്ഥാനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്നു.എൽസമ്മ ഏലത്തോത്തിൽ പണിക്കുപോയിരുന്നു.ഇന്നലെ പണികഴിഞ്ഞ് വന്ന് ,അലക്കി കുളിക്കുന്നതിനായി കൊച്ചുമക്കളെയും കൂട്ടി വീട്ടിൽ നിന്നറങ്ങിയതാണ് എൽസമ്മ.
വളരെ വർങ്ങളായി ഈ വിനോയി -ജാസ്മി ദമ്പതികൾ കൊമ്പടിഞ്ഞാലിലും പരിസര പ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.ഇവർക്ക് സ്വന്തമായി സ്ഥലമോ വീടോ ഉണ്ടായിരുന്നില്ല.അടുത്തിടെ കൊന്നത്തടി പഞ്ചായത്ത് ലൈമിഷൻ പദ്ധതിയിൽപ്പെടുത്തി കുടുംബത്തിന് സ്ഥലവും വീടും അനുവദിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.