കോട്ടയം: കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ലയിൽ തന്നെ. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സിനഡ് ഇന്ന് രാത്രിയിൽ ചേരും. ഇതിനിടെ മെത്രാപൊലീത്തയുടെ മൃതദേഹം കേരളത്തിൽ കൊണ്ടു വരണമെന്നതിൽ മുതിർന്ന ബിഷപ്പുമാർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്. ഇത് സഭാ നേതൃത്വവും അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. ജന്മനാട്ടിൽ മെത്രോപൊലീത്തയ്ക്ക് അന്ത്യ വിശ്രമമൊരുക്കാനാണ് തീരുമാനം.

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാനാണ് ഇന്ന് സഭ സിനഡ് ചേരുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.

മലയാളി കണ്ടുശീലിച്ച സുവിശേഷപ്രസംഗരീതിയെ അപ്പാടെ മാറ്റിമറിച്ചാണ് കെപി യോഹന്നാൻ വളർന്ന് പന്തലിച്ചത്. റേഡിയോ സുവിശേഷം അവതരിപ്പിച്ചു. ആത്മീയ യാത്രയിലൂടെ റേഡിയോ വലിയ പ്രചാരം നേടി. കോട്ടയത്തും തിരുവല്ലയിലും ആത്മീയയാത്ര പ്രസ്ഥാനത്തിന്റെ വലിയ കട്ടൗട്ടുകൾ 90-കളിൽ വലിയ ശ്രദ്ധനേടിയിരുന്നു. പിന്നീട് റേഡിയോയിൽനിന്ന് സുവിശേഷപ്രവർത്തനം ടെലിവിഷനിലേക്ക് മാറ്റി. ആത്മീയയാത്ര ചാനൽസംഘം വളർന്ന് പന്തലിച്ചു. ഗോസ്പൽ ഏഷ്യെ വളർത്തി.

1983ൽ തിരുവല്ല മഞ്ഞാടി ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തനം തുടർന്ന ഗോസ്പൽ ഫോർ ഏഷ്യയെ പ്രശസ്തമാക്കിയതും റേഡിയോയും ചാനലും തന്നെ. അമേരിക്കയിൽ ദീർഘകാലം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനെല്ലാം തുണയായത്. 2000-ന്റെ തുടക്കത്തിൽ ബിലീവേഴ്സ് ചർച്ച് എന്ന പുതിയ സഭയുടെ വരവിനൊപ്പം മറ്റ് ചില വിവാദങ്ങളും ഉയർന്നു. എന്നാൽ വിശ്വാസികളെ ചേർത്ത് നിർത്താൻ കെപി യോഹന്നാന് ആയി.

സഭയുടെ സമ്പത്തും ബിഷപ്പിന്റെ വിദേശബന്ധങ്ങളുമാണ് മറ്റൊരു വിവാദവിഷയമായത്. പലപ്പോഴും ആദായനികുതി വകുപ്പ് ആസ്ഥാനത്തേക്ക് എത്തി. അക്കൗണ്ടുകളിൽ പലവട്ടം പരിശോധന നടന്നു. ചെറുവള്ളി എസ്റ്റേറ്റും മറ്റും ഇടയ്ക്ക് കണ്ടുകെട്ടി. നികുതി ഇടപാട് തെളിഞ്ഞതോടെ നടപടി അവസാനിച്ചു എന്നാണ് സഭ വിശദീകരിച്ചത്. വിദേശധനം സ്വീകരിക്കുന്നതിന്റെ പേരിലും സഭയ്‌ക്കെതിരേ ആദായനികുതിവകുപ്പ് നീങ്ങിയിരുന്നു. ഇതേത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളെല്ലം യോഹന്നാൻ തിരിച്ചു പിടിച്ചു. ഇതിന് പിന്നാലെയാണ് അപകടം ജീവനെടുത്തത്.

കെ.പി. യോഹന്നാനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ സംശയിക്കാത്തക്കതായി ഒന്നുമില്ലെന്ന് ബിലീവേഴ്‌സ് ചർച്ച് അധികൃതർ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് കെ.പി. യോഹന്നാൻ മരിച്ചത്. അപകടത്തിൽ കെ.പി. യോഹന്നാന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും ഇടുപ്പിനും തലച്ചോറിനും ഗുരുതര പരിക്കേറ്റിരുന്നു.

യുഎസിലെ ടെക്‌സസിൽ പ്രഭാത സവാരിക്കിടെ കെ.പി. യോഹന്നാനെ വാഹനം ഇടിക്കുകയായിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി അദ്ദേഹം കാമ്പസിനു പുറത്തേക്ക് പോകുകയായിരുന്നു.