കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കേരളം ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനനിബിഢമായ വിലാപയാത്രയായി മാറിയിട്ടുണ്ട. അഞ്ച് മണിക്കൂർ കൊണ്ട് എത്തുമെന്ന് കരുതിയ വിലാപയാത്ര കോട്ടയത്ത് എത്തിയത് 28 മണിക്കൂർ സമയമെടുത്താണ്. അത്രയും വികാര നിർഭരമായ യാത്രാമൊഴിയാണ് അദ്ദേഹത്തിന് ജനങ്ങൾ നൽകുന്നത്. ഇപ്പോൾ കോട്ടയത്തു നിന്നും വിലാപയാത്രയായി പുതുപ്പള്ളിയിൽ മൃതദേഹം എത്തിച്ചിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള വിലാപയാത്രയിൽ ആൾക്കൂട്ടത്തിന് നടുവിലൂടെ ഉമ്മൻ ചാണ്ടിയെ വഹിച്ചുള്ള ബസിന്റെ സാരഥിമാരായത് രണ്ട് പേരാണ്. അവരുടെ ജീവതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ഇതെന്നാണ് അവർ പറയുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര പുതുപ്പള്ളിയിലേയ്ക്ക് പുറപ്പെടുമ്പോഴും ഒരു തരി പോലും ക്ഷീണം ഉണ്ടായിരുന്നില്ലെന്നാണ് കെഎസ്ആർടിസി ഡ്രൈവർമാർ പറയുന്നത്.

കെഎസ്ആർടിസി ഡ്രൈവർമാരായ തിരുവനന്തപുരം സ്വദേശി ശ്യാമും എറണാകുളം സ്വദേശി സി.വി.ബാബുവുമായിരുന്നു അന്ത്യയാത്രയിൽ ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനത്തിന്റെ സാരഥിമാരായത്. അഞ്ച് മണിക്കൂർ കൊണ്ട് വിലാപയാത്ര കോട്ടയത്തെത്തിച്ച് തിരികെയെത്താമെന്ന് കരുതിയ ഇവർ ഒരു ദിവസം പിന്നിട്ടിട്ടും യാത്ര തുടരുകയാണ്. വിലാപയാത്രയ്ക്കിടെ ഉണ്ടായ അനുഭവങ്ങൾ ഇവർ പങ്കുവെക്കുകയും ചെയ്തു.

'കോട്ടയം വരെയെത്തി മടങ്ങാൻ പത്തോ പതിനൊന്നോ മണിക്കൂർ മതി. ഇനി രണ്ട് മണിക്കൂർ കൂടുതലായാലും പ്രശ്‌നമില്ല എന്ന് കരുതിയാണ് യാത്ര പുറപ്പെട്ടത്. എന്നാൽ ആദ്യത്തെ നാലര കിലോമീറ്റർ പിന്നിടാൻ തന്നെ മൂന്ന് മണിക്കൂർ സമയമെടുത്തു. അതോടെ അടുത്ത ദിവസമെങ്കിലും എത്താൻ സാധിച്ചാൽ മതിയെന്നായി. ഉമ്മൻ ചാണ്ടിയെ പോലൊരു വ്യക്തിയുടെ വിലാപയാത്രയിൽ സാരഥിയാകാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ട്.

മഴയും വെയിലും പരിഗണിക്കാതെ രാത്രി ഏറെ വൈകിയിട്ട് പോലും ഒരേ രീതിയിൽ ജനപ്രവാഹമായിരുന്നു. ജനങ്ങളുടെ നിലവിളി കേൾക്കുമ്പോൾ ഞങ്ങൾക്കും സങ്കടം വരുന്നുണ്ടായിരുന്നു. ഏറെ വൈകിയിട്ടും അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തിരുന്ന ജനങ്ങളുടെ ക്ഷമ കാരണമാകാം ഇത്രയും സമയം വണ്ടിയോടിച്ചിട്ടും ഒരു മടുപ്പും തോന്നിയില്ല- ഇരുവരും പറയുന്നു.

അക്ഷരനഗരിയിൽനിന്ന് തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് ഉമ്മൻ ചാണ്ടി അവസാന യാത്ര തുടങ്ങിയതും അണമുറിയാത്ത ജനപ്രവാഹത്തോടെ ആയിരുന്നു. നാടിന്റെ സ്‌നേഹവായ്പുകൾക്ക് നടുവിലൂടെയാണ് മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്ര. പ്രിയനേതാവിന് വികാരനിർഭരമായ യാത്രയയപ്പു നൽകുന്ന ജനസഹസ്രങ്ങൾ, മൃതദേഹം വഹിച്ചുള്ള വാഹനത്തിനു പിന്നാലെയും ഒഴുകിക്കൊണ്ടിരിക്കുന്നു. നിശ്ചയിച്ച സംസ്‌കാര ചടങ്ങുകൾക്ക് കേവലം രണ്ടര മണിക്കൂർ ബാക്കിയിരിക്കേയും നാടിന്റെ നായകനായ കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈകാതെ പുതുപ്പള്ളിയിലെത്തിച്ചേരും. കർദിനാൾ മാർ ആലഞ്ചേരിയും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.

തലസ്ഥാനത്തെ വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാവിലെ ഏഴിനാണ് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ പുതുപ്പള്ളി ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മനാട്ടിലേക്ക് വിലാപയാത്ര പുറപ്പെട്ടത്. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു.

പ്രിയനേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ റോഡിന് ഇരുവശവും തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ മുൻനിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് ജനം വഴിനീളെ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരുന്നത്. രാത്രിയിലും മഴയത്തും ഹൃദയാഭിവാദ്യം അർപ്പിക്കാൻ വഴിയരികയിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്.