- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനമായി ഒരു നോക്കുകാണാൻ പൂക്കളുമായി ജന്മനാട്ടിലെ സഹപാഠികൾ; കണ്ണീരടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും; കുസാറ്റ് ദുരന്തത്തിൽ മരിച്ച സാറ തോമസിന് നാടിന്റെ അന്ത്യാഞ്ജലി; ആൻ റുഫ്തയുടെ മൃതദേഹം നാളെ സംസ്‌കരിക്കും
കോഴിക്കോട്: കുസാറ്റ് ടെക്‌ഫെസ്റ്റ് ദുരന്തത്തിൽ, മരിച്ച സാറാ തോമസിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ സാറയുടെ (20) സംസ്‌കാരം ഈങ്ങാപ്പുഴ സെയ്ന്റ് ജോർജസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിലായിരുന്നു. കുന്ദം കുളം ഭദ്രാസനാധിപൻ - ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസിസിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അൽഫോൻസാ ഹയർസെക്കൻഡറി സ്‌കൂളിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ പൊതുദർശനത്തിനും വീട്ടിലും വരാൻ കഴിയാതിരുന്നവർക്ക് സാറയെ അവസാനമായി കാണാൻ പള്ളിയിലും അവസരം നൽകിയിരുന്നു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനായി പള്ളിയിലെത്തിയത്.
സാറയുടെ മാതാപിതാക്കൾ, സഹോദരിമാർ, അടുത്ത ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് സെമിത്തേരിയിൽ സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. രാവിലെ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.
കുസാറ്റിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മൽ വയലപ്പള്ളിൽ തോമസ് സ്‌കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാനിയ, സൂസൻ എന്നിവരാണ് സഹോദരങ്ങൾ.
താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അൽഫോൻസാ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് സാറ തോമസിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. പൂർവകാല വിദ്യാർത്ഥിയെ അവസാനമായി കണ്ട് ആദരമർപ്പിക്കാൻ സ്‌കൂളിലെ വിദ്യാർത്ഥികൾ പൂക്കളുമായെത്തി. ദുരന്തത്തിൽ, സാറ തോമസ് അടക്കം നാലുപേരാണ് മരിച്ചത്. ദുരന്തത്തിൽ മരിച്ച ആൻ റുഫ്തയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.
മറുനാടന് മലയാളി ബ്യൂറോ