ന്യൂഡൽഹി: ഗോദയുടെ നാട്ടിൽ നിന്നാണ് മുലായത്തിന്റെ വരവ്.ഗോദയിൽ നിന്നുതന്നെയാണ് മുലായം ചുവടുകൾ ഉറപ്പിച്ചതും.എതിരാളിയുടെ ഒരോ ചുവടിനെയും സസൂക്ഷ്മം നിരീക്ഷിച്ചുള്ള നീക്കങ്ങളാണ് ഗോദയിലെ കരുത്ത്.ഈ കരുത്ത് തന്നെയാണ് രാഷ്ട്രീയത്തിലും മുലായത്തിന് തുണയായത്.എതിരാളിയുടെ ഒരോ നീക്കവും സസുക്ഷ്മം നിരീക്ഷിച്ച് കൊണ്ടുള്ള നീക്കം.അതിൽ അടിപതറിയത് രാഷ്ട്രീയത്തിലെ നിരവധി മല്ലന്മാർക്കാണ്.

ഗുസ്തിക്കാരന്റെ അതേ സൂക്ഷ്മതയോടെയും മെയ്വഴക്കത്തോടെയും രാഷ്ട്രീയ ഗോദയിലും നിറഞ്ഞുകളിച്ച മുലായം സിങ് യാദവ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിന് അരികെ വരെയെത്തിയെന്നത് ചരിത്രം. മണ്ഡൽ രാഷ്ട്രീയം മുലായം സിങ്ങിന്റെ രാഷ്ട്രീയ ഉയർച്ചയുടെ പടവായിരുന്നു.
ജസ്വന്ത് നഗർ എംഎൽഎയായിരുന്ന നാഥു സിങ്ങിന്റെ ആശീർവാദത്തോടെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്ന് 1967-ൽ കന്നിയങ്കത്തിൽ വിജയിച്ചു. നിയമസഭാ അംഗം, ലോക്‌സഭാ അംഗം, മൂന്നുവട്ടം ഉത്തർപ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി... പ്രധാനമന്ത്രി പദം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്നു ഇറ്റാവാ ജില്ലയിലെ സെയ്ഫായി ഗ്രാമക്കാരനായിരുന്ന മുലാംയം സിങ് യാദവ്.

1990 എന്ന വർഷം മുലായം സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായിരുന്നു. ബിജെപി നേതാവ് എൽ കെ അദ്വാനി നയിച്ച രഥയാത്രയെ തുടർന്ന് ബാബറി മസ്ജിദിലേയ്ക്ക് മാർച്ച് ചെയ്ത കർവേസകർക്കെതിരെ മുഖ്യമന്ത്രിയെന്ന നിലയിൽ വെടിവെപ്പിന് ഉത്തരവിട്ടു. മുലായത്തിന്റെ പാർട്ടി ഭരിച്ച കേന്ദ്ര സർക്കാർ പിന്നാക്ക സംവരണത്തിനുള്ള മണ്ഡൽ കമ്മീഷൻ ശുപാർശ നടപ്പിലാക്കി. ഇവ രണ്ടും മുലായം സിഗിന്റെ രാഷ്ട്രീയത്തിൽ വഴിത്തിരിവായി. രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ മുലായം 1992-ൽ സമാജ് വാദി പാർട്ടിയെന്ന പേരിൽ പാർട്ടി രൂപവത്കരിച്ചു. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടു. തൊട്ടടുത്ത വർഷം തിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുട വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയിച്ചത് മുലായത്തിന്റെ കണക്കുകൂട്ടലായിരുന്നു. ബിജെപി ഉയർത്തിയ വർഗ്ഗീയ രാഷ്ട്രീയം എശിയില്ല.

ബാബറി മസ്ജിജ് തകർക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം വിഭാഗം മുലായത്തെ രക്ഷകനായി കണ്ടു. അതോടൊപ്പം മണ്ഡൽ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭം പിന്നോക്കക്കാരെ മുലായത്തിലേയ്ക്ക് അടുപ്പിച്ചു. യാദവർ ഉൾപ്പെടെയുള്ള പിന്നാക്കക്കാരും മുലായത്തിനൊപ്പം ചേർന്നു. അങ്ങനെ ഇന്ത്യയിൽ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് മുലായം അടിത്തറയിട്ടു. മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടതിന് മുലായത്തെ മുല്ലാ മുലായമെന്ന് വിളിച്ചു. 93-ലെ തിരഞ്ഞെടുപ്പിൽ ബി എസ് പിയുമായി ചേർന്ന് സഖ്യ സർക്കാർ രൂപവത്കരിച്ചു. എന്നാൽ ബി എസ് പി സഖ്യ സർക്കാർ 95-ൽ വീണു. ബി എസ് പി നേതാവ് മായാവതിയെ എസ് പി പ്രവർത്തകർ ലക്‌നൗവിലെ ഗസ്റ്റ് ഹൗസിൽവെച്ച് കയ്യേറ്റം ചെയ്തു, ഇതോടെ ഇരുവരും തമ്മിൽ കടുത്ത ശത്രുതയിലായി.

എസ് പി നേതാക്കൾ മുലായത്തെ നേതാജിയെന്ന് സ്‌നേഹത്തോടെ വിളിച്ചു. 1996-ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഐക്യ മുന്നണി രൂപവത്കരിക്കപ്പെട്ടു. സിപിഎം നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടു. ജ്യോതി ബസു പിന്മാറിയതോടെ മുലായം പ്രധാനമന്ത്രിയാകുമെന്ന് എതാണ്ട് ഉറപ്പിച്ചു. എന്നാൽ പഴയ സഹപ്രവർത്തകൻ ലാലു പ്രസാദ് യാദവ് മുലായത്തെ വെട്ടി. ഇതോടെ സർക്കാരിലെ രണ്ടാമനായി പ്രതിരോധ മന്ത്രി സ്ഥാനം എറ്റെടുത്തു.

2002-ൽ മൂന്നാം തവണ മൂലായം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. അതിനിടെ കേന്ദ്രത്തിൽ ഇടത് പക്ഷം പിന്തുണ പിൻവലിച്ചപ്പോൾ യു പി എ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നൽകി സംരക്ഷിച്ചു. 2012-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പിക്ക് ആദ്യമായി ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചപ്പോൾ മകൻ അഖിലേഷ് യാദവിന് മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് മുലായം സിങ് യാദവ് പിന്നോട്ട് മാറിനിന്നു. പക്ഷെ, ആ തീരുമാനം മുലായം സിങ്ങിന്റെ കുടുംബ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ അസ്വാരസ്യം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനുശേഷം മുലായത്തിന് രാഷ്ട്രീയത്തിൽ ഒരു തിരിച്ചുവരവ് ഉണ്ടായില്ല.

2014-ലെ പൊതു തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി മുലായത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നു. പിന്നീട് 2019-ൽ രണ്ടര പതിറ്റാണ്ടോളം നീണ്ട പിണക്കം മറന്ന് മുലായം മായാവതിയുമായി കൈ കോർത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷെ, അതൊന്നും മുലായം സിങ്ങെന്ന നേതാവിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു റീ ലോഞ്ച് നൽകിയില്ല. വി.പി സിങ്ങിന്റെ മണ്ഡൽ രാഷ്ട്രീയവും ചൗധരി ചരൺസിങ്ങിന്റെ കർഷക രാഷ്ട്രീയവും രാം മനോഹർ ലോഹ്യയയുടെ സോഷ്യലിസവും ഉയർത്തി രാഷ്ട്രീയം കളിച്ച മുലായത്തിന്റെ തിരിച്ചിറക്കവും ആ രാഷ്ട്രീയം ദുർബലപ്പെടുന്നത് കണ്ടുകൊണ്ടായിരുന്നു.

ഇന്ത്യയിലെ എറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തെ മൂന്ന് പതിറ്റാണ്ടോളം നിയന്ത്രിച്ച ഇന്ത്യയിലെ എണ്ണംപറഞ്ഞ സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളെന്ന നിലയിൽകൂടി ഇന്ത്യൻ രാഷ്ട്രീയചരിത്രം മുലായത്തെ അടയാളപ്പെടുത്തും.ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായ മുലായം സിങ് യാദവിനെ അനുസ്മരിച്ച് ദേശീയ നേതാക്കൾ.മുലായം സിങ് യാദവിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. സാധാരണകുടുംബത്തിൽ നിന്ന് വന്ന് അസാധാരണ നേട്ടങ്ങൾ കൈവരിച്ചയാളയാണ് മുലായം. മണ്ണിന്റെ മകനായ മുലായം എല്ലാ രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നെന്നും മുർമു പറഞ്ഞു.

 സാമൂഹികനീതിക്കായി പൊരുതിയ നേതവാണ് മുലായം സിങ് യാദവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനകീയ സേവകൻ എന്ന നിലയിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. ജയപ്രകാശ് നാരായണന്റെയും ഡോ. ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു മുലായം എന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

 യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങിയ മുലായം അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന യോദ്ധാവായിരുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതും ദേശീയതാത്പര്യത്തിന് ഊന്നൽ നൽകുന്നതുമായിരുന്നെന്ന് മോദി പറഞ്ഞു.

സമാജ് വാദി പാർട്ടി സ്ഥാപകനും മുൻ പ്രതിരോധമന്ത്രിയും ഉത്തർപ്രദേശ് മുൻുമുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാവത്ത നഷ്ടമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.പാർശ്വവത്കരിക്കപ്പെട്ടവരുടെയും പിന്നാക്കക്കാരന്റെയും ഉന്നമനത്തിനായി പോരാടിയ നേതാവാണ് മുലായം സിങ്ങെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകഘട്ടത്തിൽ വർഗീയതയ്ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ച ആളായിരുന്നു മുലായമെന്നും വർഗീയതയക്കെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ കരുത്ത് പകരുമെന്നും യെച്ചൂരി പറഞ്ഞു.

 

അതിശയിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു മുലായമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യമൂല്യങ്ങളുടെ വക്താവായിരുന്നു അദ്ദേഹമെന്നും നഡ്ഡ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്നു മുലായമെന്നും നഡ്ഡ ട്വിറ്ററിൽ കുറിച്ചു.

 

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മുലായം സിങിന്റെ അന്ത്യം. മരണത്തെ തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് സർക്കാർ അറിയിച്ചു.നാളെ വൈകട്ട് മൂന്ന് മണിക്ക് സായ്ഫായിൽ നടക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.