- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുൻ ഒളിമ്പ്യനുമായിരുന്ന കൗർ സിങ് അന്തരിച്ചു; വിടവാങ്ങിയത്, ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തതിന് വിശിഷ്ട സേനാ മെഡൽ നൽകി രാജ്യം ആദരിച്ച സൈനികനായ ഇതിഹാസ താരം
ചണ്ഡിഗഢ്: ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുൻ ഒളിമ്പ്യനുമായിരുന്ന കൗർ സിങ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ഹരിയാണ കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
അമേരിക്കൻ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുമായി കൗർ സിങ് മത്സരിച്ചിട്ടുണ്ട്. 1980-ൽ ന്യൂഡൽഹിയിൽ നടന്ന പ്രദർശന മത്സരത്തിലായിരുന്നു മുഹമ്മദ് അലി - കൗർ സിങ് പോരാട്ടം. മുഹമ്മദ് അലിയെ നേരിട്ട ഏക ഇന്ത്യൻ ബോക്സറെന്ന നേട്ടവും കൗർ സിങ്ങിന് സ്വന്തമാണ്.
സംഗ്രൂരിലെ ഖനാൽ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ അദ്ദേഹം 1971-ൽ ഇന്ത്യൻ ആർമിയിൽ ചേരുകയും രാജസ്ഥാനിലെ ബാർണർ സെക്ടറിൽ നിന്ന് ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തിലെ സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ സേനാ മെഡലും വിശിഷ്ട സേനാ മെഡലും നൽകി ആദരിച്ചു.
സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്സിങ്ങിൽ പതിയുന്നത്. 1979-ൽ സീനിയർ നാഷണൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലൂടെ അരങ്ങേറ്റം. ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണമണിഞ്ഞ കൗർ സിങ് പിന്നീട് 1983 വരെ തുടർച്ചയായി നാലു വർഷവും ജേതാവായി.
1980-ൽ മുംബൈയിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. പിന്നീട് 1982-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതോടെ അദ്ദേഹം ദേശീയ ഹീറോയായി. ഇതോടെ 1982-ൽ അർജുന അവാർഡും 1983-ൽ പത്മശ്രീയും ലഭിച്ചു. 1984-ൽ നടന്ന ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
1984-ൽ ബോക്സിങ് മതിയാക്കിയ അദ്ദേഹം 1994-ൽ സൈന്യത്തിൽ നിന്നും വിരമിച്ചു. 2020 ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിച്ച കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൗർ സിങ് തന്റെ പത്മശ്രീ, അർജുന പുരസ്‌കാരങ്ങൾ തിരികെ നൽകിയിരുന്നു.