- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിൽ ബാല്യവും കൗമാരവും; ഹിറ്റ്‌ലർ യൂത്തിൽ അംഗമായി; ഹംഗറിയിൽ സൈനിക സേവനം; പതിനെട്ടാം വയസിൽ കത്തോലിക്കാ സെമിനാരിയിൽ ചേർന്നത് സഹോദരനൊപ്പം; നിലപാടുകളിൽ കാർക്കശ്യം; സഭയ്ക്ക് മതബോധന ഗ്രന്ഥം നൽകിയ ബനഡിക്ട് പതിനാറാമൻ
വത്തിക്കാൻ സിറ്റി: മുൻഗാമിയായ ജോൺ പോൾ മാർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറി മാതൃകയാകുകയും ചെയ്ത സഭാതലവനായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ.
ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്ത്തലിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായി ജനനം. ജോസഫ് റാറ്റ്‌സിംഗർ എന്നായിരുന്നു പേര്. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി. പതിനെട്ടാം വയസ്സിൽ കത്തോലിക്ക സെമിനാരിയിൽ ചേർന്നതോടെയാണ് സഭാജീവിതത്തിലെത്തുന്നത്.
ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിൽ ബാല്യവും കൗമാരവും. 14 വയസ്സ് തികഞ്ഞപ്പോൾ നാസ്തി യുവജന സംഘടനയായ ഹിറ്റ്‌ലർ യൂത്തിൽ അംഗമാകേണ്ടിവന്നു. എങ്കിലും നാസ്തികളോടുള്ള വിയോജിപ്പു മൂലം സജീവമായിരുന്നില്ല. സഹപ്രവർത്തകർക്കൊപ്പം മ്യൂണിക്കിൽ നിയോഗിക്കപ്പെട്ടു. തുടർന്നു കാലാൾസൈന്യത്തിലെ പരിശീലനത്തിനുശേഷം ഹംഗറിയിൽ സൈനിക സേവനം തുടങ്ങി.
അമേരിക്കൻ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്.. 1945 ലായിരുന്നു ഇത്. 1951ൽ വൈദികപ്പട്ടം ലഭിച്ചു. 1962ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ച് ബിഷപ്പിന്റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ൽ മ്യൂണിക് ആർച്ച് ബിഷപ്പായി .ഇതേ വർഷം തന്നെ കർദ്ദിനാളും.1981 നവംബറിൽ കർദ്ദിനാൾ റാറ്റ്‌സിംഗർ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വർവഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തു.
ജോൺ പോൾ രണ്ടാമനുമായി ഏറെ അടുപ്പം പുലർത്തി, അദ്ദേഹത്തിന്റെ വലംകൈയായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയാകും റാറ്റ്‌സിംഗറെന്ന് 2005 ജനുവരിയിൽ തന്നെ പ്രവചനങ്ങളുണ്ടായി. ടൈം മാഗസിനടക്കം അതെഴുതി. ജോൺ പോൾ രണ്ടാമന്റെ നിര്യാണത്തെ തുടർന്ന് 2005 ഏപ്രിൽ 19ന് പേപ്പൽ കോൺക്ലേവിന്റെ രണ്ടാം ദിനം കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗർ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു.
ഏവരെയും ഞെട്ടിച്ച സ്ഥാനത്യാഗം
2013 ഫെബ്രുവരി 11-ന് വിശുദ്ധരുടെ നാമകരണ നടപടികളുടെ പൂർത്തീകരണത്തിനായി കർദിനാൾ സംഘത്തിന്റെ യോഗം നടക്കുകയായിരുന്നു. അതൊരു സാധാരണ നടപടിക്രമം മാത്രമായിരുന്നു. യോഗത്തിൽ മാർപാപ്പ ബനഡിക്ട് പതിനാറാമൻ പ്രസംഗിക്കുകയാണ്. പ്രസംഗത്തിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു. ''ഈ നടപടിക്രമം പൂർത്തീകരിക്കുന്നതിന് മാത്രമല്ല നമ്മളിവിടെ ചേർന്നിരിക്കുന്നത്. സഭാജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം ഞാൻ നിങ്ങളെ അറിയിക്കുകയാണ്..
'എന്റെ മനസ്സാക്ഷി ദൈവത്തിനുമുന്നിൽ ആവർത്തിച്ചു പരിശോധിച്ചു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് വേണ്ടവിധം ശുശ്രൂഷ ചെയ്യാൻ പ്രായം ഇനിയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഞാൻ അശക്തനാണ്. മാറ്റങ്ങൾക്ക് വിധേയമായ ലോകത്ത് ആത്മീയമായും വിശ്വാസപരമായും സഭയെ നയിക്കുന്നതിന് ശാരീരികാരോഗ്യം മാത്രമല്ല, മനഃശ്ശക്തിയും വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനഃശ്ശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിയുന്നു.
അതുകൊണ്ട് റോമാ രൂപതയുടെ മെത്രാൻ സ്ഥാനത്തുനിന്നും ആഗോളസഭയുടെ പരമാധികാര സ്ഥാനത്തുനിന്നും ഞാൻ വിടവാങ്ങുന്നു. ഫെബ്രുവരി 28-ന് രാത്രി എട്ടുമുതൽ ഈ സിംഹാസനം ശൂന്യമായിരിക്കും. ഏറ്റവും യോഗ്യതയുള്ള ഒരാളെ ഈ പരമോന്നത പദവിയിലേക്ക് കോൺക്ലേവ് തിരഞ്ഞെടുക്കും'' - അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കർദ്ദിനാൾ സംഘം ഞെട്ടിപ്പോയി. ചടങ്ങ് പൂർത്തിയാക്കി പാപ്പ തന്റെ മുറിയിലേക്ക് പോയി. ആരും അറിയാതെ അതീവ രഹസ്യമായാണ് അദ്ദേഹം തന്റെ കുറിപ്പ് തയ്യാറാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇത് കേട്ടപ്പോൾ എല്ലാവർക്കും ഞെട്ടലായിരുന്നു.
വത്തിക്കാൻ തോട്ടത്തിലുള്ള മാത്തർ എക്ലേസിയ എന്ന മന്ദിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. 2013 ഫെബ്രുവരി 28-ന് രാവിലെ കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയോടെ വത്തിക്കാൻ തോട്ടത്തിലുള്ള മാത്തർ എക്ലേസിയയിലേക്ക് ബനഡിക്ട് പതിനാറാമൻ യാത്രയായി. വിരമിച്ച ശേഷവും മാർപാപ്പയായപ്പോൾ സ്വീകരിച്ച ബനഡിക്ട് പതിനാറാൻ എന്ന പേര് അദ്ദേഹം നിലനിർത്തി.
മാർപാപ്പമാർ അണിയുന്ന വെള്ള ളോഹ നിലനിർത്തിയപ്പോൾ പെല്ലെഗ്രീന എന്ന മേൽ വസ്ത്രവും അരപ്പട്ടയും മാർപാപ്പാമാർ അണിയാറുള്ള പേപ്പൽ ഷൂവും ഒഴിവാക്കി. മുക്കുവന്റെ മോതിരമെന്ന് അറിയപ്പെടുന്ന ഔദ്യോഗിക മോതിരവും അദ്ദേഹം തിരിച്ച് നൽകി.
വിട്ടുവീഴ്ചയില്ലാത്ത നിലപാട്
ഏറ്റവും ജനപ്രിയ പാപ്പമാരിൽ ഒരാളായ ജോൺപോൾ രണ്ടാമന്റെ പിന്തുടർച്ചക്കാരനായിരുന്ന ബെനഡിക്ട് പതിനാറാമൻ കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ അടിയുറച്ചു നിന്നുള്ള ഭരണമാണ് കാഴ്ച വെച്ചത്. ദൈവശാസ്ത്രത്തിലെ യാഥാസ്ഥിതിക നിലപാടുകളിലൂടെയാണ് അദ്ദേഹംശ്രദ്ധേയനായത്. ഗർഭച്ഛിദ്രത്തെയും സ്വവർഗവിവാഹങ്ങളെയും നഖശിഖാന്തം എതിർത്തു. വിട്ടുവീഴ്ചകൾക്ക് ഒരിക്കലും തയ്യാറായില്ല. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഉദ്ബോധിപ്പിച്ചു.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. 1981 മുതൽ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ കത്തോലിക്കാ വിശ്വാസം സംരക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. ധാർമികതയുടേയും വിശ്വസ സംഹിതകളുടേയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം ഒരുക്കമായിരുന്നില്ല. അതു കൊണ്ടു തന്നെ യാഥാസ്ഥിതികനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. വിശ്വാസത്തിനെതിരേ ഉയർന്നുവന്ന വെല്ലുവിളികൾ മുളയിലേ നുള്ളുന്നതിൽ അദ്ദേഹം കാണിച്ച കാർക്കശ്യം അദ്ദേഹത്തെ പലർക്കും അനഭിമതനാക്കി.
സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും മനസിലാക്കാൻ ലോകമെങ്ങുമുള്ള കത്തോലിക്കർ ഉപയോഗിക്കുന്ന കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം എന്ന പുസ്തകം തയ്യാറക്കിയത് ബനഡിക്ട് പതിനാറാമനാണ്. ട്രന്റ് കൗൺസിലിനെത്തുടർന്ന് 1566-ൽ കത്തോലിക്കാ സഭയ്ക്ക് റോമൻ കാറ്റിക്കിസം എന്ന പേരിൽ ഒരു മതബോധന ഗ്രന്ഥം ഉണ്ടെങ്കിലും അത് സാധാരണക്കാർക്ക് ഗ്രഹിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ഇത് മാറ്റണമെന്ന് ഒന്നാം വത്തിക്കാൻ കൗൺസിലും രണ്ടാം വത്തിക്കാൻ കൗൺസിലും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 1986-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം തയ്യാറാക്കുക എന്ന ഉത്തരവാദിത്വം വിശ്വാസ തിരുതസംഘത്തിന്റെ അന്നത്തെ അധ്യക്ഷമനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗറെ ഏൽപ്പിച്ചത്. 1992-ലാണ് ഈ പദ്ധതി പൂർത്തിയായത്.
യാഥാസ്ഥിതികൻ എന്ന് വിളിക്കപ്പെട്ടപ്പോളും ഇതരമതങ്ങളുടെ അടുത്ത സുഹൃത്തായി ബനഡിക്ട് പതിനാറാമൻ പ്രകീർത്തിക്കപ്പെട്ടു. സൗദിയിലെ അബ്ദുള്ള രാജാവ് വത്തിക്കാനിലെത്തി ബനഡിക്ട് പതിനാറാമനെ സന്ദർശിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 66 പുസ്തകങ്ങളും മാർപാപ്പ എന്ന നിലയിൽ മൂന്ന് ചാക്രിക ലേഖനങ്ങളും മൂന്ന് അപ്പസ്തോലിക പ്രബോധനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സത്യത്തിന്റെ സ്നേഹം, ദൈവം സ്നേഹമാകുന്നു, രക്ഷയുടെ പ്രത്യാശ എന്നിവയാണ് ചാക്രിക ലേഖനങ്ങൾ. പാപ്പാ പദവിയിൽ ഇരിക്കുമ്പോൾ മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചതാണ് നസ്രായനായ യേശു എന്ന പുസ്തകം. വളരെ ശ്രേഷ്ഠവും കാലികവുമായ ദൈവശാസ്ത്ര പഠന ഗ്രന്ഥമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദൈവശാസ്ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രചനകൾ. പഠനത്തിലും പ്രാർത്ഥനയിലുമുള്ള ജീവിതമായിരുന്നു പിന്നീട് അദ്ദേഹം നയിച്ചത്. പ്രത്യേക അവസരങ്ങളിൽ തന്റെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.