- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഫ്. കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ അന്തരിച്ചു
കോട്ടയം: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഓർമകൾ ബാക്കിയാക്കി ലഫ്റ്റനന്റ് കേണൽ കെ.കെ.മീനാക്ഷി കുര്യാറ്റേൽ (85) വിടവാങ്ങി. സഹോദര പുത്രൻ കെ.സുനിൽ കുമാറിന്റെ തറവാട്ട് വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 11ന് കൈപ്പുഴ തെക്ക് എസ്എൻഡിപി ശ്മശാനത്തിൽ സംസ്‌ക്കരിക്കും. പരേതരായ കുട്ടികോന്തിയുടെയും കാളിയമ്മയുടെയും മകളാണ് ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയിൽ വിരമിച്ച കെ.കെ.മീനാക്ഷി കുര്യാറ്റേൽ.
1971 ൽ ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യൻ സൈനികരോടൊപ്പം പ്രവർത്തിച്ച ധീരവനിതയാണ് മീനാക്ഷി. മിലിട്ടറി നഴ്‌സായി ജോലിയിൽ പ്രവേശിച്ച് ലഫ്റ്റനന്റ് കേണൽ പദവിയിൽ വിരമിച്ചു. ലഡാക്കിലെ മികച്ച സേവനത്തിനു രാഷ്ട്രപതിയിൽ നിന്നു പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്. ഇന്ത്യൻ സൈന്യത്തോടൊപ്പം യുദ്ധസമയത്ത് ലഡാക്കിൽ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന മീനാക്ഷി ആശുപത്രിക്കു നേരെ പലതവണ ഉണ്ടായ പാക്കിസ്ഥാന്റെ ഷെല്ലിങ്ങിൽ നിന്ന് ട്രെഞ്ചുകളിൽ ചാടിയാണ് രക്ഷപ്പെട്ടത്.
നന്നേ ചെറുപ്പത്തിൽ തന്നെ മീനാക്ഷി നഴ്‌സായി മിലിട്ടറിയിൽ ചേർന്നു. മീനാക്ഷി ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യൻ സൈനികരോടൊപ്പം ലഡാക്കിലേക്കുള്ള മെഡിക്കൽ സംഘത്തിൽ മീനാക്ഷിയെയും നിയോഗിച്ചു. ആ സമയം വീട്ടിൽ അറിയിക്കുന്നതിനൊന്നും സമയമുണ്ടായിരുന്നില്ല. കത്തെഴുതാൻ പോലും അവസരം കിട്ടിയിരുന്നില്ലെന്ന് മീനാക്ഷി ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഡിസംബറിലാണ് യുദ്ധം ഉണ്ടായത്. എന്നാൽ മീനാക്ഷിയും സംഘവും നവംബർ ആദ്യ ആഴ്ചയിൽ തന്നെ ലഡാക്കിൽ എത്തി.
സർവ്വ സന്നാഹങ്ങളുമായി യുദ്ധത്തെ നേരിടാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. സാധാരണ സ്ത്രീകൾ ഉൾപ്പെടാത്ത മെഡിക്കൽ സംഘമാണ് അതിർത്തിയിൽ ജോലി നോക്കുക. പക്ഷേ, അന്നത്തെ സാഹചര്യത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്താൻ സൈന്യം നിർബന്ധിതരായി. യുദ്ധം തുടങ്ങിയതോടെ മുറിവേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് എത്തിച്ചുതുടങ്ങി. ഓരോ തവണയും എഴുപത്തഞ്ചോളം പട്ടാളക്കാരെ ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നത്. ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് മെഡിക്കൽ സംഘം പ്രവർത്തിച്ചത്. കൂടുതൽ പരിചരണം ആവശ്യമായവരെ ശ്രീനഗറിലേക്കും ഡൽഹിയിലേക്കും അയച്ചു.
ലഡാക്കിലെ ആശുപത്രിക്കു നേരെയും പലതവണ ആക്രമണം ഉണ്ടായി. പലയിടങ്ങളിലായി ഉണ്ടായിരുന്ന ട്രെഞ്ചിലേക്ക് ചാടിയാണ് നഴ്‌സുമാരും മറ്റും രക്ഷപ്പെട്ടത്. നാടുമായുള്ള ബന്ധം പൂർണമായും ഇല്ലാതിരുന്ന കാലം. വല്ലപ്പോഴും വരുന്ന കത്തായിരുന്നു ആശ്വാസം. അതും പരിശോധനകൾക്ക് വിധേയം. മോശം കാലാവസ്ഥ കാരണം വിമാനം താഴേക്ക് ഇറക്കാൻ പറ്റാതെ വന്നാൽ അതും കിട്ടില്ല. പക്ഷേ, വിമാനത്തിൽ നിന്നു ഭക്ഷണവും മറ്റും പാരച്യൂട്ടിൽ കിട്ടിയിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് അവധി കിട്ടി നാട്ടിലേക്ക് എത്താൻ കഴിഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക വീരോചിത സ്വീകരണമായിരുന്നു മീനാക്ഷിയെ കാത്തിരുന്നത്.
മിലിട്ടറിയിൽ 28 വർഷത്തെ സേവനത്തിനു ശേഷം 1994 ൽ കൊൽക്കത്ത കമാൻഡ് ഹോസ്പിറ്റലിൽ നിന്നു വിരമിച്ചു. പിന്നീട് മംഗലപുരം കസ്തൂർബാ മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. നാട്ടിൽ കൈപ്പുഴ കുര്യാറ്റേൽ തറവാട്ടിൽ സഹോദരൻ പരേതനായ കെ.കെ. ദാമോദരന്റെ മകൻ സുനിൽ കുമാറിനൊപ്പമായിരുന്നു താമസം.