കോഴിക്കോട്: പ്രമുഖ മര വ്യവസായിയും ആർ എസ് പി നേതാവുമെല്ലാമായിരുന്ന എ എം കറപ്പൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് നഗരത്തിലെ കൊതുകുകളോട് പതിറ്റാണ്ടുകളോളം സന്ധിയില്ലാ സമരം നയിച്ച സമാനതകളില്ലാത്ത ഒരു ചരിത്രം. അധികൃതരെയോ, സംഘനടകളെയോ കൂട്ടുപിടിക്കാതെയായിരുന്നു സ്വന്തം ചെലവിൽ കൊതുകുകൾക്കെതിരേ ഈ മനുഷ്യൻ ഒറ്റയാൾ പോരാട്ടം നടത്തിയത്.

തൊണ്ണുറുകളിൽ ഇദ്ദേഹത്തിന്റെ വേറിട്ട പോരാട്ടം കാഴ്ചക്കാർക്ക് കൗതുകമായിരുന്നു. നടക്കാവ് ബിലാത്തിക്കുളത്തെ അധികാരിമണമൽ വീട്ടിൽ നിന്നായിരുന്നു സ്വന്തം കാറിലും വാടകക്കെടുത്ത വാഹനങ്ങളിലുമായി ഇദ്ദേഹം കൊതുകുകൾക്കെതിരേ ബോധവത്കരണത്തിന് ചുക്കാൻപിടിച്ചത്. കൊതുകുകളെ തുരത്താൻ ബഹുര്ര്രാഷ്ട കമ്പനികളുടെ ലിക്വിഡുകളും പുകയ്ക്കാവുന്ന വസ്തുക്കളുമൊന്നും അത്ര പരിചിതമല്ലാത്ത കാലത്തായിരുന്നു ഈ ലക്ഷ്യത്തിനായി വൻതുക ചെലവഴിച്ചത്.

കൊതുകുകളെ ആകർഷിക്കാൻ വീട്ടിലും പുറത്തുമെല്ലാം അനേകം പാത്രങ്ങളിൽ വെള്ളംനിറച്ചുവെക്കുകയും നിശ്ചിത ദിവസം കഴിഞ്ഞാൽ അവ ഉണങ്ങിയ മണ്ണിൽ ഒഴിച്ച് കൊതുകുകളുടെ ലാർവകളെ നശിപ്പിച്ച് അവയുടെ വംശ വർധനവ് തടയുന്നതുമായ വളരെ ലളിതമായ ഉപായമായിരുന്നു പയറ്റിയത്. ഇതുതന്നെയായിരുന്നു തന്റെ പ്രചാരണ വാഹനങ്ങളിലൂടെ മൈക്ക് കെട്ടി പൊതുജനങ്ങളിലേക്കു എത്തിക്കാനും ശ്രമിച്ചത്. മലപ്പുറം ഏറനാട്ടെ നെടുവയിലെ എ എം ചോയിയുടെയും കുഞ്ഞിരയുടെയും മകനായ കറപ്പൻ ഒമ്പതാം വയസ്സിലാണ് കോഴിക്കോട്ടേക്കു വരുന്നത്. മൈസൂർ രാജാവിനെതിരായ ജനകീയ പ്രക്ഷോഭത്തിലും വലിയങ്ങാടിയിലെ കൈവണ്ടി തൊഴിലാളികളുടെ സമരത്തിലും പങ്കെടുത്ത ഇദ്ദേഹം രണ്ടു തവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

ലോകത്തിലെ തന്നെ ആദ്യ കൊതുകു വിരുദ്ധ സമ്മേളനം സംഘടിപ്പിച്ച വ്യക്തികൂടിയാണ്. 1998 ഏപ്രിൽ അഞ്ചിനായിരുന്നു കോഴിക്കോട്് നഗരത്തിലെ അളകാപുരിയിൽ സമ്മേളനം സംഘടിപ്പിച്ചത്. കറപ്പൻ സെക്രട്ടറിയും ഡോ. എ അച്യുതൻ പ്രസിഡന്റുമായി അന്ന് കൊതുകു നിർമ്മാർജന സമിതിക്കും രൂപംനൽകിയിരുന്നു. തിക്കോടിയനും കുഞ്ഞാണ്ടിയുമായിരുന്നു രക്ഷാധികാരികൾ. തുടക്കത്തിൽ മുഖംതിരിച്ചുനിന്ന കോഴിക്കോട് നഗരസഭ പിന്നീട് സമിതിയുടെ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി എത്തിയതും ചരിത്രം. ആദ്യകാലത്ത് കേരള സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. പിന്നീട് പാർട്ടി വിട്ട് ആർ എസ് പിയിലെത്തി. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗംവരെയായ അദ്ദേഹം തന്റെ ജയിൽവാസ കാലംവരെ സജീവ രാഷ്ട്രീയത്തിൽ തുടർന്നെങ്കിലും പിന്നീട് രാഷ്ട്രീയം വിടുകയായിരുന്നു.

ഈ കാലഘട്ടമായിരുന്നു കൊതുകിനെതിരായ ഒറ്റയാൾ സമരത്തിലേക്കു എത്തിച്ചത്. മര വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച കാലത്തായിരുന്നു കൊതുകുകളുടെ നിർമ്മാർജനം അത്യാവശ്യമാണെന്ന് തിരിച്ചറിയുന്നത്. മില്ലിൽ സൂക്ഷിക്കുന്ന തടികളുടെ പുറംപോളകളിലും മറ്റും അവശേഷിക്കുന്ന വെള്ളത്തിൽ കൊതുകിന്റെ സാന്നിധ്യം കണ്ടതോടെ അവ പിഴുതെറിഞ്ഞായിരുന്നു തുടക്കം. തന്റെ വ്യാപാരത്തിൽനിന്നു ലഭിച്ച ലാഭത്തിന്റെ സിംഹപങ്കും കൊതുകുനിർമ്മാർജനത്തിനായി ചെലവഴിക്കുകയായിരുന്നു. തന്നെ കൊതുകുകൾ പ്രത്യേകം ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന തിരിച്ചറിവിൽനിന്നായിരുന്നു ജൈവ കൊതുക നിർമ്മാർജനമെന്ന ആശയം കറുപ്പനിൽ ഉടലെടുത്തത്. കറുപ്പന്റെ അന്ത്യത്തോടെ ഒരു വേറിട്ട പോരാട്ടത്തിനും കൂടിയാണ് തിരശ്ശീല വീഴുന്നത്.