വൈപ്പിൻ: വിജയമെല്ലാം പൊരുതി നേടിയത് ആണെന്ന് വിശ്വസിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച ഡോ.എം.എ.കുട്ടപ്പൻ. മനോബലം കൊണ്ട് ജീവിതത്തിൽ ജയിച്ചുകയറിയ ഡോ.എം.എ.കുട്ടപ്പൻ വിട വാങ്ങുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്, രാഷ്ട്രീയ കേരളം അദ്ദേഹത്തോട് എത്രമാത്രം നീതി പുലർത്തിയെന്ന്? പത്തനംതിട്ട ജില്ലയിലെ ഒരു വളരെ സാധാരണ കുടുംബത്തിൽ ജനിച്ച എം.എ.കുട്ടപ്പൻ കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുൻനിരയിലെത്തിയത്.

അന്നത്തെ സാഹചര്യത്തിൽ ഒരു അലോപ്പതി ഡോക്ടറാകാൻ കഴിഞ്ഞ കുട്ടപ്പന് വളരെ വേഗം സർക്കാർ ജോലി ലഭിക്കാനും ഭാഗ്യമുണ്ടായി. പക്ഷെ അതൊക്കെ വേണ്ടെന്ന് വെച്ചിട്ടാണ് അദ്ദേഹം കല്ലും മുള്ളും നിറഞ്ഞ പൊതു ജീവിതം തെരഞ്ഞെടുത്തത്. ഒരു ഡോക്ടർക്ക് അന്നും ഇന്നും സമൂഹത്തിൽ ലഭിക്കുന്ന ആദരവും സാമ്പത്തിക സുരക്ഷിതത്വവും എല്ലാം അവഗണിച്ചാണ് അദ്ദേഹം എന്നും അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്ന കോൺഗ്രസിലെ തിരുത്തൽ ശക്തിയായി തുടങ്ങിയ പരിവർത്തനവാദി കോൺഗ്രസിന്റെ നേതാവായ എം.എ.ജോണിന്റെ ശിഷ്യനായത്. അക്കാലത്തെ കോൺഗ്രസിലെ എഴുതുകയും വായിക്കുകയും ചെയ്യുന്ന തലമുറയുടെ ആവേശമായിരുന്നു എം.എ.ജോൺ.

പിൽക്കാലത്ത് കോൺഗ്രസിൽ സജീവമായ ഡോ.എം.എ.കുട്ടപ്പൻ വണ്ടൂരിൽ നിന്നാണ് 1980 ൽ ആദ്യമായി നിയമസഭയിൽ എത്തിയത്. പക്ഷെ 1982 ലെ തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. പകരം പന്തളം സുധാകരനെയാണ് കെ.കരുണാകരൻ നിർദ്ദേശിച്ചത്. പിന്നീട് പല വട്ടം അദ്ദേഹം എംഎ‍ൽഎയായി. എക്കാലത്തും കോൺഗ്രസിലെ ആന്റണി വിഭാഗത്തിൽ ഉറച്ച് നിന്ന നേതാവായിരുന്നു എം.എ.കുട്ടപ്പൻ.

1994 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ രാജ്യസഭയിലേക്ക് ഒഴിവ് വന്നപ്പോൾ എ-വിഭാഗം നിർദ്ദേശിച്ചത് എം.എ.കുട്ടപ്പന്റെ പേരായിരുന്നു. പക്ഷെ കരുണാകരൻ ആ പേര് തള്ളിക്കളഞ്ഞു. ഇതിന്റെ പേരിൽ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാജി വെയ്ക്കുന്നതിൽ വരെ ചെന്നെത്തി. ഒരു പക്ഷെ പിൽക്കാലത്ത് കെ,.കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം പോലും തെറിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ രൂക്ഷമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതിൽ ഈ സംഭവം ഒരു പ്രധാന കാരണമായി മാറിയിരുന്നു.

എന്നാൽ 2001 ലെ പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് എ.കെ.ആന്റണി സർക്കാർ രൂപീകരിച്ചപ്പോൾ എം.എ.കുട്ടപ്പനെ മന്ത്രിയാക്കി എ-ഗ്രൂപ്പ് മധുരമായി പ്രതികാരം വീട്ടി. ഡോക്ടറായ എം.എ.കുട്ടപ്പനെ ആരോഗ്യമന്ത്രിയാക്കും എന്ന് പലരും കരുതിയിരുന്നു എങ്കിലും അദ്ദേഹത്തിന് ലഭിച്ചത് പിന്നോക്ക ക്ഷേമ വകുപ്പ് തന്നെ ആയിരുന്നു. ഒരു പക്ഷെ അന്ന് എം.എ.കുട്ടപ്പനെ കോൺഗ്രസ് ആരോഗ്യമന്ത്രിയാക്കിയിരുന്നു എങ്കിൽ 1957 ലെ ഇ.എം.എസ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന ഡോ.എ.ആർ.മേനോൻ ഡോക്ടറായിരുന്നത് പോലെ കേരളത്തിന് മറ്റൊരു ഡോക്ടറെ ആരോഗ്യമന്ത്രിയായി ലഭിക്കുമായിരുന്നു. പിന്നീട് 2016 ലാണ് അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടാകുന്നത്.

തന്റെ നേതാവ് ആയിരുന്ന എം.എ.ജോണിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് എം.എ.കുട്ടപ്പൻ അസുഖബാധിതനായത്. പിന്നീട് എം.എ.കുട്ടപ്പനെ കുറിച്ച് അധികമൊന്നും നമ്മൾ കേട്ടിരുന്നില്ല. ജീവിതസായാഹ്നത്തിൽ പാർട്ടിയിലെ പഴയ സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനും ക്ഷേമം അന്വേഷിക്കാനും എത്തിയിരുന്നോ എന്നറിയില്ല. പക്ഷെ ഡോ.എം.എ.കുട്ടപ്പൻ കേരള രാഷ്ട്രീയത്തിലെ ഒരപൂർവ്വ വ്യക്തിത്വം തന്നെ ആയിരുന്നു.