പാലക്കാട്: പാലക്കാട് ജില്ലയിൽ സിപിഎമ്മിനെ ജനകീയമാക്കുന്നതിൽ പങ്കുവഹിച്ച നേതാവിനെയാണ് എം ചന്ദ്രന്റെ വിയോഗത്തിലൂടെ സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്. 2006 മുതൽ 2016 വരെ ആലത്തൂർ എംഎൽഎ ആയിരുന്നു അദ്ദേഹം. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അർബുദ ബാധയെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

എം. കൃഷ്ണന്റേയും കെ.പി. അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിലാണ് ജനനം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കെ.എസ്.വൈ.എഫിന്റെയും സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം കെ.എസ്.എഫ്. താലൂക്ക് സെക്രട്ടറി, സിപിഎം. പാലക്കാട് ജില്ല കമ്മിറ്റിയംഗം, ഏഴ് വർഷത്തോളം സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, നിരവധി ടേഡ്യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ :കോമളവല്ലി(മംൻ പാലക്കാട് ജില്ല കൗൺസിലർ) മക്കൾ : അഡ്വ. ആഷി (ഗവ. പ്ലീഡർ ), ഷാബി (ചാർട്ടേഡ് അക്കൗണ്ടന്റ് ).

ഭൗതിക ശരീരം ഇന്ന് രാത്രി 10.30 മുതൽ 11.30 വരെ കൂറ്റനാട് വട്ടേനാട് ജി.എൽ. പി സ്‌കൂളിൽ പൊതു ദർശനത്തിനു വെക്കും. രാത്രി 12 മണി മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനം തുടരുകയും ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് സംസ്‌കാരം നടക്കും.

എം. ചന്ദ്രന്റെ വിയോഗം: തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം. ചന്ദ്രൻ. ദീർഘകാലം സി.പി. എം പാലക്കാട് ജില്ല സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതിൽ ചന്ദ്രൻ നേതൃപാടവം പ്രകടമാക്കി. ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രൻ. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ സഭാതലത്തിൽ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കുന്നതിനും സഹായിച്ചു.

പാലക്കാട് ജില്ലയിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ അതിനെതിരെ ശക്തമായ നേതൃത്വം നൽകി നയിച്ച നേതാവായിരുന്നു ചന്ദ്രൻ. എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ കുറിച്ചു.

അതുല്യനായ സംഘാടകനെയും ധീരനും മനുഷ്യ സ്‌നേഹിയുമായ കമ്യൂണിസ്റ്റിനെയുമാണ് സഖാവ് എം ചന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു. പാലക്കാട് ജില്ലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനും വിശേഷിച്ച് സിപിഐ എമ്മിനും ഇടക്കാലത്ത് സംഭവിച്ച ക്ഷീണം പരിഹരിച്ച് വലിയ ശക്തിയായി ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ വളർത്തിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച സഖാവാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായി ജില്ലാ കേന്ദ്രത്തിൽ, കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ പ്രവർത്തിക്കുന്ന കാലത്താണ് ചന്ദ്രേട്ടനുമായി അടുത്തിടപഴകാൻ അവസരമുണ്ടായത്. അദ്ദേഹത്തിന്റെ തുറന്ന പെരുമാറ്റവും എം ടി കഥകളിലെ സംഭാഷണം പോലുള്ള വർത്തമാനവും ലാളിത്യവുമൊക്കെ അടുത്തറിയാൻ പറ്റി. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് എളുപ്പവഴികളൊന്നും ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാർക്ക് മുന്നേറാൻ പോരാട്ടത്തിന്റെയും സമരങ്ങളുടെയും പാത മാത്രമേയുള്ളൂ. ആ പാതയിലൂടെ ഒരു പതിറ്റാണ്ടിലധികം അദ്ദേഹം പാലക്കാട് ജില്ലയിലെ പ്രസ്ഥാനത്തെ നയിച്ചു.

വർഗ-ബഹുജന പ്രസ്ഥാനങ്ങളെ വളർത്തിയെടുക്കുന്നതിലും അവയിലൂടെ ഉയർന്നു വരുന്ന പ്രവർത്തകരെ പൊതു പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിലും വളരെയേറെ ശ്രദ്ധ പുലർത്തിയ നേതാവാണ്. വളരെ താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് ഉയർന്നു വന്ന നേതാവാണ്. അതിനാൽ നാടിനെയും ജനങ്ങളെയും നന്നായി മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും രാജേഷ് പറഞ്ഞു.