ചെന്നൈ: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ(98) അന്തരിച്ചു. ആലപ്പുഴയിൽ വേരുകളുള്ള എംഎസ് സ്വാമിനാഥന്റെ മുഴുവൻ പേര് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. ഇന്ത്യൻ കാർഷിക മേഖലയെ സ്വയം പര്യാപ്തതയിലേക്ക് നയിച്ച വ്യക്തി.

1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

ആലപ്പുഴക്കാരൻ ഡോ. മങ്കൊമ്പ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെയാളാണ് സ്വാമിനാഥൻ. അമ്പലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നുമെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം.

മദ്രാസ് മെഡിക്കൽ കോളജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥന്റെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെ. എല്ലാവർഷവും വേനലവധിക്കാലം മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിലാണ് ചെലവഴിച്ചത്.

ഹരിതവിപ്ലവത്തിന്റെ പിതാവെന്ന നിലയിലേക്ക് വളർന്ന എം.എസ്.സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുന്നതിൽ പിതാവിന്റെ സാമിപ്യത്തോടൊപ്പം മുത്തച്ഛനും പ്രധാന പങ്കു വഹിച്ചിട്ടുള്ളതായി സ്വാമിനാഥൻ സൂചിപ്പിച്ചിട്ടുണ്ട്. സ്വാമിനാഥന് 11 വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിതാവിന്റെ സഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണയിലാണ് പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞത്.

കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്നതരത്തിൽ ഒരു ശാസ്ത്രവും സങ്കേതവുമാക്കാനുള്ള ആഗ്രഹവുമായി കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. അതാണ് നിർണ്ണായകമായി മാറിയത്. ലോകത്തെ ഹിരതാഭമാക്കുകയായിരുന്നു സ്വാമി നാഥന്റെ എന്നുമുള്ള ലക്ഷ്യം.

1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു. അദ്ദേഹത്തിന് ഇതിനകം നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: 1961 ഭട് നഗർ അവാർഡ് 1971 മാഗ്‌സാസെ അവാർഡ്, 1987 റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി, 1987 വേൾഡ് ഫുഡ് പ്രൈസ് 2000 ഫ്രങ്ക്‌ലിൻ റൂസ്വെൽറ്റ് പുരസ്‌ക്കാരം, 2021-ൽ കേരള ശാസ്ത്ര പുരസ്‌കാരം. ഇവ കൂടാതെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.