മലപ്പുറം: മലപ്പുറം മൈലപ്പുറം നൂറാടിക്കടവിന് സമീപം കടലുണ്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ മാതാവും കുഞ്ഞും പുഴയിൽ മുങ്ങിമരിച്ചതിന്റെ ഞെട്ടലിൽ നാട്ടുകാർ. വേങ്ങര കണ്ണമംഗലം സ്വദേശി ഉള്ളാട്ടുപറമ്പിലെ സമീറിന്റെ ഭാര്യയും മൈലപ്പുറം കണ്ണത്തുപാറ വി.ഐ.പി കോളനിയിലെലെ പൂളക്കണ്ണി ഗഫൂറിന്റെ മകളുമായ ഫാത്തിമ ഫായിസ( 30), മകൾ ദിയ ഫാത്തിമ (6) എന്നിവരാണ് ദാരുണമായി മരിച്ചത്. ഫാത്തിമ ഫായിസയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിക്കയാണ്.

വേങ്ങര കണ്ണമംഗലത്തെ ഭർതൃവീട്ടിൽനിന്നും ഫായിസയും മക്കളും ഇന്ന് രാവിലെയാണു മൈലപ്പുറത്തുള്ള വീട്ടിലേക്ക് വിരുന്നുവന്നത്. രാവിലെ 10.30ഓടെയാണു ഫായിസയും ഇവരുടെ സഹോദരിയും മക്കളും ഒരുമിച്ചു പുഴക്കടവിൽ കുളിക്കാൻ പോയത്. ഫായിസയുടെ സഹോദരിയും ദിയ ഫാത്തിമയുടെ മൂത്തസഹോദരിയായ എട്ടാംക്ലാസുകാരിയും ഇവരെ രക്ഷപ്പെടുത്താനിറങ്ങി വെള്ളത്തിൽ മുങ്ങിയെങ്കിലും നാട്ടുകാരെത്തി രക്ഷപ്പെടുത്തി.

മുങ്ങിത്താഴുകയായിരുന്ന മൂത്തസഹോദരിയുടെ മുടിയിൽപിടിച്ചു കരക്കെത്തിച്ചപ്പോഴാണു ഉമ്മയും അനിയത്തിയും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞത്. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിലാണു ഇരുവരുടേയും മൃതദേഹങ്ങൾ ലഭിച്ചത്. സഹോദരിയുടെ മക്കളോടൊപ്പം ദിയഫാത്തിമയും കളിക്കുന്നതുകൂടെയുള്ള സഹോദരി ഉൾപ്പെടെയുള്ളവർ കണ്ടിരുന്നു. എന്നാൽ ഇതിനിടയിലാണ് ദിയ ഫാത്തിമ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ടത്.

ഇതോടെ മാതാവ് ഫായിസ രക്ഷപ്പെടുത്താനായി മകളുടെ അടുത്തേക്കു എടുത്തു ചാടുകയായിരുന്നു. ഇതോടെ ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു. ഇതിനിടയിൽ മറ്റുരണ്ടുപേരും ഇവരെ രക്ഷിക്കാനിറങ്ങിയതായിരുന്നു. വെള്ളിയാഴ്‌ച്ചയായതിനാൽ ആളുകൾ ജുമഅ നമസ്‌കാരത്തിനു പോകാൻ ഒരുങ്ങുന്ന സമയത്താണു അപകടമുണ്ടായത്. അപകടം കണ്ട സഹോദരിയുടെ മക്കൾ ആർത്തുവിളിച്ചു കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടിയാണു രക്ഷാ പ്രവർത്തനം നടത്തിയത്.

ഉടൻ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും ദുരന്തം ഇതുവരെ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.