ചെറുവത്തൂൾ: അരുണാചൽ സൈനിക ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. വെള്ളി വൈകിട്ട് ആറിനാണ് സൈനിക ഉദ്യോഗസ്ഥർ അഛൻ അശോകശന്റ ഫോണിൽ ദുരന്ത വാർത്ത അറിയിച്ചത്.

നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ ജോലിക്ക് കയറിയത്. ഒരുമാസം മുമ്പ് നാട്ടിൽ അവധിക്ക് വന്നിരുന്നു. അമ്മ കെ വി കൗശല്യ. സഹോദരങ്ങൾ: അശ്വതി, അനശ്വര.

അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് സൈനികരും മരിച്ചു. മിഗ്ഗിങ് എന്ന ഗ്രാമ പ്രദേശത്തിന് സമീപത്ത് വെച്ച് സൈന്യത്തിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) തകർന്നു വീഴുകയായിരുന്നു.

റോഡുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലയിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. അതുകൊണ്ട് ആദ്യ ഘട്ടത്തിൽ രക്ഷപ്രവർത്തനം സാധ്യമായില്ല. ഒക്ടോബറിൽ അരുണാചൽ പ്രദേശിൽ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ഈ മാസം ആദ്യം തവാങ്ങിനടുത്ത് ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് ഉൾപ്പെടെ ഏഴ് യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. രാവിലെ 11.40 ഓടെ രുദ്രപ്രയാഗിലെ ഗരുഡ് ചാട്ടിക്ക് സമീപമുള്ള കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടകരുമായി പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

മോശം കാലാവസ്ഥയും കാഴ്ചക്കുറവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിച്ചത്. കൃത്യമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അഥോറിറ്റി സിഇഒ സി രവിശങ്കർ വ്യക്തമാക്കുകയും ചെയ്തിരുന്നു.