കോഴിക്കോട്: ഹാസ്യനടനായും സ്വഭാവനടനായും മലബാറിന്റെ സംഭാഷണ ശൈലിയിലൂടെ മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന ചിരിയുടെ സുൽത്താൻ മാമുക്കോയ വിടവാങ്ങി. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടർ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്‌കാരിക കൂട്ടായ്മകളിൽ അദ്ദേഹം എന്നും സജീവമായിരുന്നു.

കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളിൽ പത്താംക്ലാസ് വരെയുള്ള പഠനം പൂർത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാൻ അദ്ദേഹം ശ്രദ്ധിച്ചു. മലബാർ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവർത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

സുഹൃത്തുക്കളെല്ലാവരും ചേർന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂർ ബാലൻ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജൻ സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം.

വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ, സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

കോഴിക്കോടൻ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയിൽ ജനകീയമാക്കിയ നടൻകൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുൻപ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്‌കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയിൽ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹ്യനിരീക്ഷകന്റെ റോളായിരുന്നു യഥാർഥ ജീവിതത്തിൽ മാമുക്കോയയുടേത്. സാമൂഹികപരവും മതപരവും രാഷ്ട്രീയപരവുമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.

നാടകത്തിൽ നിന്നും വെള്ളിത്തിരയിലേക്ക്

പള്ളിക്കണ്ടി എലിമെന്ററി സകൂൾ, കുറ്റിച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് എംഎം സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കല്ലായിയിലെ കൂപ്പിൽ തടി അളവുകാരനായി. സ്‌കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചു. നിരവധി അമച്വർ നാടകങ്ങളിലും പിന്നീട് അഭിനയിച്ചു. പകൽ കൂപ്പിലെ പണിയും രാത്രി നാടകവുമായി അങ്ങനെ ഒരുപാടുകാലം.

1962 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ആദ്യ വരവ്. ആ ചിത്രത്തിൽ ഒരു നിഷേധിയുടെ കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വർഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ 'സുറുമയിട്ട കണ്ണുകൾ' എന്ന സിനിമയിൽ മുഖം കാട്ടി.

സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സ്‌കൂൾ പശ്ചാത്തലത്തിലുള്ള കഥയിൽ അറബി മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയക്ക്. സ്‌ക്രിപ്റ്റിൽ രണ്ടുമൂന്ന് സീൻ മാത്രമുള്ള കഥാപാത്രം.

എന്നാൽ ആ സീനുകളിൽ മാമുക്കോയയുടെ പ്രകടനം വിസ്മയപ്പെടുത്തിയതോടെ കഥാപാത്രത്തിന്റെ സീൻ കൂട്ടി. അങ്ങനെ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി'ൽ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു അടുത്ത വേഷം. ചിത്രത്തിലെ നായകനായെത്തിയ മോഹൻലാലിന്റെ കൂട്ടുകാരിലൊരാൾ. അതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ സത്യൻ അന്തിക്കാട്ശ്രീനിവാസൻ ടീമിന്റെ 'സന്മനസുള്ളവർക്ക് സമാധാനം' എന്ന സിനിമയിലെത്തി.

അതു തീരാറായപ്പോഴേക്കും സിബി മലയിലിന്റെ മമ്മൂട്ടി ചിത്രം 'രാരീര'ത്തിൽ അവസരം ലഭിച്ചു. മാമുക്കോയ എന്ന കല്ലായിലെ മരം അളവുകാരനും നാടക നടനും സിനിമയിലെ സജീവസാന്നിധ്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട്. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മഴവിൽക്കാവടി' തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു.

'പെരുമഴക്കാല'ത്തിലെ കഥാപാത്രത്തിന് 2004 ൽ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കേരള സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏർപ്പെടുത്തിയ 2008 ൽ അത് ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു, ചിത്രം 'ഇന്നത്തെ ചിന്താവിഷയം'. എഴുപത്തിയഞ്ചാം വയസ്സിൽ 'കുരുതി' എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച 'മൂസ ഖാദർ' എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാമുക്കോയ നായകനായും ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് 'കോരപ്പൻ ദ് ഗ്രേറ്റ്'.

സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരൻ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ സമ്പീശൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങൾ.

പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യക ജൂറി പരാമർശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നെഞ്ച് വേദന വന്നതിനെത്തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാൽ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. 'കുരുതി'യിലെ മൂസാ ഖാലിദായി തിരശ്ശീലയിൽ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അർബുദത്തെ നേരിടുന്നത്. 33 റേഡിയേഷൻ, ആറു കീമോതെറാപ്പിക്കും വിധേയനായി.

തൊണ്ടയിലായിരുന്നു കാൻസർ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തിൽ സ്വീകരിച്ച് പോന്നത്. ജീവിതത്തിൽ നമുക്ക് അസുഖം വരുമെന്നും അപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത വ്യക്തിബന്ധമാണ് മാമുക്കോയക്ക് ഉണ്ടായിരുന്നത്. മാമുക്കോയയുടെ നാടായ ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു. 'കാക്ക' എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്.

പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെ തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ട് മാമുക്കോയ. പ്രമുഖരായ പലരെയും ബഷീറിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നത് മാമുക്കോയ ആയിരുന്നു. അതുകൊണ്ടുതന്നെ 'ബഷീറിന്റെ ബ്രോക്കറാ'ണ് മാമുക്കോയ എന്നൊരു തമാശയും പ്രചരിച്ചു.

ബഷീറുമായുള്ള അടുപ്പം നിരവധി സാഹിത്യകാരന്മാരുമായി പരിചയപ്പെടാനും മാമുക്കോയക്ക് അവസരമൊരുക്കി. എസ്.കെ പൊറ്റക്കാട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ പഴയകാല സാംസ്‌കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഭാഗമായി. മാമുക്കോയക്ക് സുഹ്‌റയുമായുള്ള കല്യാണാലോചന കൊണ്ടുവന്നത് പൊറ്റക്കാട് ആയിരുന്നു. എസ്‌കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. എസ്.കെ, കോഴിക്കോട് അബ്ദുൾഖാദർ, എംഎസ്ബാബുരാജ് തുടങ്ങിയവരൊക്കെ അന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം,സുരാസു,കെ.ടി മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായെല്ലാം മാമുക്കോയ അടുപ്പം സൂക്ഷിച്ചു.

മാമുക്കോയക്കു ചെറുപ്പത്തിലെ ഉള്ള താത്പര്യമായിരുന്നു ഫുട്‌ബോളിനോട്. വാർധക്യത്തോട് അടുത്തപ്രായത്തിലും അവസരം കിട്ടിയാൽ അദ്ദേഹം ഫുട്‌ബോൾ കളിച്ചു. ടിവിയിൽ ഫുട്‌ബോൾ കളിയുണ്ടെങ്കിൽ രാത്രി എത്രവൈകിയും കളി കണ്ടു. മലബാറിന്റെ ഫുട്‌ബോൾ കളിത്തട്ടിലെ മത്സരവേദികളിൽ കഴിയുമ്പോഴെല്ലാം സാന്നിധ്യമായി.