- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...; ഇമാതിരി ചെറ്റവർത്തമാനം പറയരുത്! ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക്, എന്താ വന്ന്ണ്ടാ! എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായി മാമുക്കോയ; വിട പറഞ്ഞത് സൈബറിടത്തിലെ ന്യൂജെൻ പിള്ളേരുടെ താരം
കോഴിക്കോട്: എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായിരുന്നു മാമുക്കോയ. അതുകൊണ്ട് തന്നെ സൈബറിടത്തിന്റെ പ്രിയപ്പെട്ട താരവുമായിരുന്നു അദ്ദേഹം. പഴയ സിനിമകളിലെ ഡയലോഗുകൾ സൈബറിടത്തിലെ പിള്ളേരെടുത്തു തഗ് വീഡിയോകളാക്കി. 'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...' അപ്പോഴേക്കും മാമുക്കോയയുടെ ചുണ്ടിലേക്ക് ഒരു എരിയുന്ന സിഗററ്റും തൊപ്പിയും സ്വർണ മാലയും പറന്നെത്തും. അതായിരുന്നു മാമുക്കോയ. തഗ്ഗോഡ് തഗ്ഗ്. ആ തഗ് ഡയലോഗുകളുടെ ഉസ്താദിനെയാണ മലയാളികൾക്ക് വിയോഗത്തോടെ നഷ്ടമാകുന്നത്.
മലയാളിക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുകയാണ് മാമുക്കോയ മുൻപ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന മാമുക്കോയ കോമഡികൾ ഈ കൊറോണ കാലത്ത് വൈറലായിരുന്നു. ലോക്ക് ഡൗൺ കാലത്ത് അടക്കം മാമുക്കോയ താരമായരിന്നു. അന്ന് വീടിന് പുറത്തിറങ്ങാനാകാതെ വീട്ടിനകത്തു പെട്ടുപോയവർക്ക് സമയം കളയാനുള്ള ഒരു ഉപാദിയായി മാറിയിരിക്കുകയുമാണ് ഇത്തരം ട്രോൾ വീഡിയോകളെന്നതാണ് മറ്റൊരു വസ്തുത. കൂട്ടത്തിൽ ഇപ്പോൾ താരമായിരിക്കുന്നത് നടൻ മാമുക്കോയയാണ്.
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ മുൻപന്തിയിലുള്ള താരമായ മാമുക്കോയയാണ്. അദ്ദേഹത്തിന്റെ പണ്ടത്തെ സിനിമകളിലെ കിടിലൻ ഡയലോഗുകൾ തഗ് ലൈഫ് വീഡിയോകളും ട്രോളുകളുമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽമീഡിയ പേജുകളിലും യൂട്യൂബിലുമൊക്കെ മാമുക്കോയ ഒരു കാലത്ത് അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങൾ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയാണ് വ്യത്യസ്തതയ്യാർന്ന തഗ് ലൈഫ് വീഡിയോകൾ ട്രോളന്മാർ സൃഷ്ടിച്ചിരിക്കുന്നത്.
കടത്ത് കയറാനെത്തുന്ന ഐമുട്ടിക്കാ എങ്ങോട്ടായെന്ന് സുഹൃത്ത് ചോദിക്കുമ്പോൾ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രമായ ഐമുട്ടിക്ക പറയുന്നത് ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക് പോകും എന്താ വന്ന്ണ്ടാ...ഒരു ഡോക്ടറോട് ഡോക്ടറല്ലേ എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോൾ ഡക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ എന്ന് ഡോക്ടർ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്, അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടിട്ടാ നിൽപ്പ്, അങ്ങേരെന്താ പാമ്പുപിടിത്തക്കാരനാണോയെന്നാണത്.
ചായക്കടയിലേക്കെത്തുന്നൊരാൾ ചായക്കടക്കാരനോട് മധുരം കുറച്ചൊരു ചായ എന്ന് പറയുന്നു, കഴിക്കാനെന്തെങ്കിലും വേണോയെന്നായി ചായക്കടക്കാരൻ, ഇത് കേട്ട് അടുത്തിരിക്കുന്ന മാമുക്കോയയുടെ കഥാപാത്രം പറയുന്നത് കഴിക്കാനല്ലേ ചായ അല്ലാതെപിന്നെ കൈയുംകാലും കഴുകാനാണോയെന്നാണ്. എന്താ നിന്റെ പേര്. 'ജബ്ബാർ' നായരാ? 'അല്ല നമ്പൂതിരി അവർക്കലെ ജബ്ബാർന്ന് പേരുണ്ടാവാ', ഒരുത്തന് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഇമാതിരി ചെറ്റവർത്തമാനം പറയരുത്, ഇതുപോലുള്ള നർമ്മം കലർന്ന മാമുക്കോയയുടെ ഹാസ്യ സംഭാഷണ ശകലങ്ങളാണ് തഗ് ലൈഫ് വീഡിയോകളായി സോഷ്യല് മീഡിയകളിൽ ഇപ്പോൾ ഹിറ്റായി ഓടിയത്.
30 വർഷങ്ങൾക്ക് മുൻപ് ചെയത് സിനിമയിലെ ഡയലോഗുകൾ പോലും സൈബറിടത്തിൽ വൈറലാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം റഞ്ഞത് ഇതൊന്നും ഇത്ര കാര്യമായി എടുത്തിരുന്നില്ല ആരും. അന്ന് ചിരിച്ചിരുന്നോ എന്നുപോലും സംശയമുണ്ട്. എന്നാൽ ഇപ്പോൾ അതുമാറി. ഈ വല്ലാത്ത സമയത്ത് ചിരി ഒരു മരുന്നാവട്ടെ. ഇപ്പോൾ വൈറലാകുന്നതിൽ പലതും ഞാൻ എന്റെ ശൈലിയിൽ കയ്യീന്ന് ഇട്ട് പറഞ്ഞതാണ്. ചിലതൊക്കെ സ്‌ക്രിപ്പ്റ്റിലുണ്ടാകും എന്നായിരുന്നു.
മാമുക്കോയയുടെ ഭാഷയിൽ തന്നെ വിവരിച്ചാൽ രണ്ട് ഓട്ടോറിക്ഷകളിലായി ഒരു ഓഫിസിനു മുന്നിൽ വന്നിറങ്ങിയ മറ്റേതെങ്കിലും കഥാപാത്രം ഈ ദുനിയാവിലുണ്ടാവുമോ? 'ബാലഷ്ണാ...' എന്ന വിളിയുമായുള്ള ആ വരവു മറക്കാൻ ആർക്കെങ്കിലുമാകുമോ? സാമൂഹിക വ്യവസ്ഥിതിക്കു നേരെ കലഹിക്കുന്ന ഡയലോഗുകൾ വ്യത്യസ്തരീതിയിൽ അവതരിപ്പിച്ചതിലൂടെയാണ് മാമുക്കോയ ഏറെ ശ്രദ്ധേയനായത്. ലളിതവും പൊടുന്നനെയുമുള്ള കാലാതീതമായ ആ ഡയലോഗുകൾ പുതുതലമുറയ്ക്കിടയിൽ 'സുൽത്താൻ ഓഫ് തഗ് ഡയലോഗ്‌സ്' എന്ന വിശേഷണവും മാമുക്കോയക്ക് നൽകി.
''പേരെന്താ?'' എന്ന് ചോദിക്കുന്നയാളോട് 'ജബ്ബാർ' എന്ന് മറുപടിക്കു തൊട്ടുപിന്നാലെ 'നായരാണോ' എന്ന ചോദ്യത്തിന് ''അല്ല, നമ്പൂരി... ഓര്ക്കാണല്ലോ ഇങ്ങനത്തെ പേരിടല്'' എന്നു പറയുന്നതിലെ സ്വാഭാവിക ഡയലോഗ് ഡെലിവറി സ്പീഡ് മാമുക്കോയയുടെ പ്രത്യേകതയായിരുന്നു. ''തപോവനത്തിൽ വണ്ട്'' എന്ന് അമ്പരക്കുന്ന ദുഷ്യന്തനോട് '' വണ്ട് ന്നൊക്കെ പ്പറഞ്ഞാല് എജ്ജാദി വണ്ട് '' എന്ന് മൂപ്പിക്കുന്ന ചായക്കടക്കാരൻ കണ്വമഹർഷിയായി 'മന്ത്രമോതിര'ത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചയാളാണ് മാമുക്കോയ. 'കൺകെട്ട്' എന്ന ചിത്രത്തിലെ 'കീലേരി അച്ചു', 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിലെ 'ഗഫൂർക്കാ', 'സന്ദേശ' ത്തിലെ 'കെ. ജി. പൊതുവാൾ', 'ചന്ദ്രലേഖ'യിലെ പലിശക്കാരൻ, 'കളിക്കള'ത്തിലെ പൊലീസുകാരൻ, 'ഹിസ് ഹൈനസ് അബ്ദുള്ള'യിൽ 'ജമാൽ', 'ഒപ്പ'ത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങി സംഭാഷണവിരുതരായ അനേകം കഥാപാത്രങ്ങളുണ്ട് ആ നിരയിൽ. എല്ലാ കഥാപാത്രങ്ങളും സ്‌ക്രീനിൽ ആ 'തഗ് ലൈഫ്' അതേപോലെ സൂക്ഷിച്ചു.
'റാംജിറാവു സ്പീക്കിങ്', 'തലയണ മന്ത്രം', 'ശുഭയാത്ര', 'ഇരുപതാം നൂറ്റാണ്ട്', 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്', 'പൊന്മുട്ടയിടുന്ന താറാവ്', 'പട്ടണപ്രവേശം', 'ധ്വനി' തുടങ്ങി നിരവധി സിനിമകളിൽ മാമുക്കോയ ചെയ്ത വേഷങ്ങളും ഏറെ ശ്രദ്ധേയമാണ്. സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളായിട്ടും കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം പലപ്പോഴും രംഗത്തെത്തിയത്. ലളിതവും സത്യസന്ധവുമായ അഭിനയരീതിയായിരുന്നു മാമുക്കോയയുടേത്. തനിക്ക് അഭിനയിക്കാൻ അറിയില്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് മാമുക്കോയ ഒരിക്കൽ പറഞ്ഞത്.