കോഴിക്കോട്: എല്ലാവരെയും അങ്ങനെ നെഞ്ചോടുചേർക്കില്ല സോഷ്യൽ മീഡിയ. പ്രത്യേകിച്ച് ന്യുജെൻ പിള്ളർ. അവർക്കറിയാം കുറിക്കുകൊള്ളുന്ന കോഴിക്കോടൻ ശൈലിയുടെ കേൾവിസുഖം. അതിൽ നമ്പർ വൺ നമ്മുടെ മാമുക്കോയ അല്ലാതെ മറ്റാരാണ്. ഒരു പക്ഷേ കോവിഡ് അടച്ചുപൂട്ടലിൽ എല്ലാവരും വീട്ടിലിരുന്നപ്പോഴാകും, സർഗ്ഗാത്മകത പൂപോലെ വിടർന്നത്. മാമുക്കോയ പോലും ഓർക്കാത്ത ഡയലോഗുകൾ തഗ്ഗുകളായും, മീമുകളായും പുതിയ പിളേളർ പൊക്കിക്കൊണ്ടുവന്നു.

കൗണ്ടറുകളുടെ ഉസ്താദ്, തഗ്ഗുകളുടെ സുൽത്താൻ അങ്ങനെ എന്തൊക്കെ വിളിപ്പേരുകൾ. ആളുകൾ താൻ കാരണം ചിരിക്കുന്നെങ്കിൽ ചിരിക്കട്ടെ എന്നായിരുന്നു ഇക്കാര്യത്തിൽ മാമുക്കോയയുടെ നിലപാട്. ' ഇപ്പോൾ വൈറലാകുന്നതിൽ പലതും ഞാൻ എന്റെ ശൈലിയിൽ കയ്യീന്ന് ഇട്ട് പറഞ്ഞതാണ്. ചിലതൊക്കെ സ്‌ക്രിപ്പ്റ്റിലുണ്ടാകും. കോഴിക്കോടൻ ശൈലിയിൽ അതു പറയുമ്പോൾ ഒരു കേൾവി സുഖം ഉണ്ട്. അന്നത്തെ എന്റെ സംവിധായകർ തന്ന സ്വാതന്ത്ര്യം കൂടിയാണ് ഇപ്പോൾ ജനം ഏറ്റെടുക്കുന്നത് എന്നതും സന്തോഷം തരുന്നു' മാമുക്കോയ പറഞ്ഞു.

ഒരുകിടിലൻ സാമ്പിൾ ഇതാ:

മന്ത്രമോതിരത്തിലെ ചായക്കടക്കാരൻ അബ്ദു. പാപ്പിയുടെ (കലാഭവൻ മണി) സംവിധാനത്തിൽ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്. കുമാരനാണ് (ദിലീപ്) ദുഷ്യന്തൻ. മാമുക്കോയ മഹർഷിയാണ്. തപോവനത്തിലെ മുനികന്യകയെ വണ്ടുകൾ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തൻ പറയുമ്പോൾ മഹർഷിയുടെ മറുപടി ഇങ്ങനെ,

'പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാൽപ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്.''

അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരൻ ഇങ്ങനെ പറയുന്നു, 'അബ്ദുക്ക നിങ്ങളിതിൽ മഹർഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.''

അപ്പോൾ അബ്ദു; 'കുമാരാ നിനക്ക് ഈയിടെയായി അൽപ്പം വർഗീയത കൂടുന്നുണ്ട്. എടോ കലാകാരന്മാർ തമ്മിൽ വർഗീയത പാടില്ല. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ. അതുകൊണ്ടല്ലേ ഈ അബ്ദുക്ക പച്ചമലയാളത്തിൽ പറഞ്ഞത് എനിക്ക് സന്യാസീം മഹർഷീം വേണ്ട, ദുഷ്യന്തൻ ആയിക്കോളാന്ന്....''

'അന്ന് പലരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് ഇപ്പോൾ പിള്ളേര് പൊടി തട്ടിയെടുക്കുന്നത്. ഒരുപാട് പേര് വിളിക്കുന്നുണ്ട്. ചിരിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ്. 30 വർഷങ്ങൾക്ക് മുൻപ് ചെയത് സിനിമയിലെ ഡയലോഗുകൾ പോലും ഇപ്പോൾ വൈറലാകുന്നുണ്ട്. അന്ന് ഇതൊന്നും ഇത്ര കാര്യമായി എടുത്തിരുന്നില്ല ആരും. അന്ന് ചിരിച്ചിരുന്നോ എന്നുപോലും സംശയമുണ്ട്. എന്നാൽ ഇപ്പോൾ അതുമാറി. ് ചിരി ഒരു മരുന്നാവട്ടെ', ഇങ്ങനെയാണ് മാമുക്കോയ അതിനെ കണ്ടിരുന്നത്.

കണ്ടാൽ അമ്പരന്നുപോകുന്ന തഗ് ലൈഫ് വീഡിയോകൾ ട്രോളന്മാർ സൃഷ്ടിക്കുമ്പോഴും മാമുക്കോയ്ക്ക് പരാതി ഉണ്ടായിരുന്നില്ല. ഒരുചിരി പാസാക്കി അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുമായിരുന്നു.

തന്റെ മകനെ ഒന്നും ചെയ്യരുതെന്നു പറഞ്ഞ് പേടിച്ച് വരുന്ന ഫിലോമിനയോട് ഗുണ്ടയായ കീലേരി അച്ചുവിന്റെ ഡയലോഗ് ഇങ്ങനെയാണ്..ഒന്നും ചെയ്യില്ല കുത്തി കുടലെടുക്കെ ഉള്ളു! വഴിയിൽ തടയുന്ന സെക്യുരിറ്റിക്കാരൻ ആരെയാണ് കാണേണ്ടത് എന്നു പറഞ്ഞാൽ മതി വിളിച്ചു കാണിച്ചുതരാം! എന്നു പറയുമ്പോൾ എനിക്ക് പടച്ചതമ്പുരാനെ ഒന്നു കാണണം... ഒന്നു വിളിച്ചു കാണിച്ചു തരാൻ പറ്റുമോ എന്നും ഇല്ലത്തെ കാര്യസ്ഥനായി വേഷം കെട്ടി വന്നിട്ട് തമ്പുരാന്റെ മുന്നിലെത്തി മാണ്ട എന്നു പറഞ്ഞതുമെല്ലാം എങ്ങനെ മറക്കാൻ.

കടത്ത് കയറാനെത്തുന്ന ഐമുട്ടിക്കാ എങ്ങോട്ടായെന്ന് സുഹൃത്ത് ചോദിക്കുമ്പോൾ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രമായ ഐമുട്ടിക്ക പറയുന്നത് ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക് പോകും എന്താ വന്ന്ണ്ടാ...ഒരു ഡോക്ടറോട് ഡോക്ടറല്ലേ എന്ന് മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുമ്പോൾ ഡോക്ടറല്ലെങ്കിൽ ഇതുപോലൊരു സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ടോണ്ടിരിക്കുവോടോ എന്ന് ഡോക്ടർ പറയുന്നു, ഇത് കേട്ട് മാമുക്കോയയുടെ കഥാപാത്രം പറയുന്നതാണ് തഗ്, അത് നോക്കേണ്ട, പരമശിവൻ പാമ്പിനെ കഴുത്തിലിട്ടിട്ടാ നിൽപ്പ്, അങ്ങേരെന്താ പാമ്പുപിടിത്തക്കാരനാണോയെന്നാണ്.

ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിൽ മാമുക്കോയ രണ്ട് മിനിറ്റുകൾ മാത്രമേ ഉള്ളൂ. ഇന്ന അത് നിരവധി മീമുകളിലും ട്രോള് വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നു. ദിനേശൻ (ശ്രീനിവാസൻ), ശോഭ (പാർവ്വതി) എന്നിവർക്ക് പോസ് ചെയ്യാനുള്ള അക്ഷമ നിർദ്ദേശങ്ങൾ നൽകുന്ന മിന്നുന്ന ഫോട്ടോഗ്രാഫറായാണ് മാമുക്കോയ അഭിനയിക്കുന്നത്. ഒരാൾ എങ്ങനെ മനോഹരമായി പുഞ്ചിരിക്കണമെന്ന് ദിനേശനെ കാണിക്കുന്നതാണ് ഈ രംഗത്തെ ഏറ്റവും നല്ലഭാഗം.

വളരെ ചെറിയ ചില ഡയലോഗുകൾ പോലും അവിസ്മരണീയമാക്കാൻ മാമുക്കോയക്ക് കഴിയും. 1989-ലെ റാംജി റാവു സ്പീക്കിംഗിൽ , 'ബാലകൃഷ്ണാ... ഇറങ്ങി വട തോരപ്പാ' എന്ന് വിളിച്ചുകൊണ്ട് അദ്ദേഹം ഓഫീസിലേക്ക് ഇരച്ചുകയറുന്നു. ശങ്കരാടി പുറത്തിറങ്ങുമ്പോൾ ശാന്തമായി മറുപടി പറയുന്നു 'സോറി ഇങ്ങളല്ലാ വേരോരു തോരപ്പനുണ്ട്'. 2011-ലെ ഉസ്താദ് ഹോട്ടലിൽ ആസിഫ് അലിയോട് ചോദിക്കുമ്പോൾ വളരെ നിഷ്‌കളങ്കമായ മുഖമാണ് അദ്ദേഹത്തിന്റേത് - 'കുഞ്ചാക്കോ ബോബൻ അല്ലെ?'

സിനിമയെന്നോ ജീവിതമെന്നോ ഭേദമുണ്ടായിരുന്നില്ല ഈ കോഴിക്കോട്ടുകാരന്.. മാമുക്കോയ തന്നെക്കുറിച്ചു തന്നെ പറയുന്നതിങ്ങനെ- 'അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യൻ'. മാമുക്കോയയിലെ മനുഷ്യൻ സ്‌നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന, നന്മനിറഞ്ഞ കലാകാരനാണ്- 'ചരിത്രംന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. യുദ്ധത്തിന്റെ കഥകള് പരീക്ഷാപ്പേപ്പറിലെ മാർക്ക് കിട്ടുന്ന ചരിത്രാ. ഞമ്മള് പറയ്ന്ന ചരിത്രത്തിനു ആരും മാർക്കൊന്നും തരൂല. പഠിക്കാനോ എഴുതാനോ വേണ്ടീട്ടല്ല ഈ കഥകള്. ഓർമിക്കാൻ വേണ്ടി മാത്രം. കൊറേ ആളോൾടെ കൂട്ടായ്മയിലാണ് ഓരോ കാലത്തും ചരിത്രംണ്ടാവ്ന്നത്. പറഞ്ഞ് പറഞ്ഞ് വരുമ്പം ഓരോര്ത്തർക്കുംണ്ടാവും ഓരോ കഥകള്.'

വള്ളുവനാടൻ രീതിയിൽ നിന്ന് മാറി മലബാറിനെ സിനിമയിൽ അടയാളപ്പെടുത്തുന്നതിൽ ഇത്രയധികം പങ്കുവഹിച്ച മറ്റൊരാളില്ല. കോഴിക്കോടൻ ഭാഷാ ശൈലിയെ പുതുതലമുറ നെഞ്ചോടുചേർത്തതിനും മറ്റൊരു കാരണം അന്വേഷിക്കേണ്ടതില്ല. സൂപ്പർതാരങ്ങളുടെ പഞ്ച്ലൈനുകളോട് കിടപിടിക്കുന്ന 'മാമുക്കോയ തഗ് ലൈഫ്' വീഡിയോ സമാഹാരങ്ങളുടെ എണ്ണം യൂട്യൂബിൽ എത്രയോ. ഹാസ്യനടൻ എന്ന നിലയിൽ ചിരിപ്പിക്കുകയും, സ്വഭാവ നടനെന്ന നിലയിൽ വിസ്മയിപ്പിക്കുകയും ചെയ്ത അതുല്യനടനാണ്  മാമുക്കോയ.