മാനന്തവാടി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. ടാക്‌സി ഡ്രൈവറായ അജി (42) ആണു കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദ പനച്ചിയിലാണു കാട്ടാന കയറിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്ക് എത്തിയത്.

കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തിൽ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകർത്തു. ഇപ്പോഴും ജനവാസമേഖലയോടു ചേർന്നു നിലയുറപ്പിച്ചിരിക്കുകയാണ്.

റേഡിയോ കോളർ ഘടിപ്പിച്ച കർണാടകത്തിൽ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത് എന്നതു കൊണ്ട് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. അജിയുടെ മൃതദേഹം നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകൾ ഉയർത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

പുലർച്ചെ ആന ജനവാസമേഖയിൽ ഇറങ്ങിയതായി റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ വ്യക്തമായിരുന്നു. വനപാലകർ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ എത്തിച്ചിരുന്നു. എന്നാൽ, കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാൻ പോയ അജിയെ ആന ഓടിക്കുകയായിരുന്നു. അജി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതിൽ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തണ്ണീർക്കൊമ്പനൊപ്പം ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിട്ട ഒരു കാട്ടാനകൂടി വയനാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം സി.സി.എഫ്. വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കർണാടകത്തിന് കത്തയച്ചിരുന്നു. എന്നാൽ, ഇന്റർനെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസർ ഐഡിയും പാസ്വേഡും മാത്രമായിരുന്നു കർണാടക നൽകിയത്. ഇതിൽ പലപ്പോഴും വൈകിയായിരുന്നു സിഗ്‌നൽ ലഭിച്ചിരുന്നത്.