മാനന്തവാടി: ഓണക്കാലത്ത് മലയാളികളെ കണ്ണീരിലാഴ്‌ത്തുന്ന കാഴ്‌ച്ചകളാണ് മാനന്തവാടിയിൽ ഉണ്ടായത്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചത് കണ്ണീർക്കാഴ്‌ച്ചയായി മാറി. വെള്ളിയാഴ്ച വൈകീട്ടാണ് തലപ്പുഴ കണ്ണോത്ത് മലക്കടുത്ത് 14 പേരുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിയുന്നത്. ദുരന്തസ്ഥലത്ത് അധികം ആൾതാമസമില്ലെങ്കിലും വാഹനം മറിയുന്നത് ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരൻ തൊട്ടടുത്ത തലപ്പുഴ ടൗണിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയതോടെ രക്ഷാ പ്രവർത്തനത്തിന് നാട്ടുകാരും പൊലീസും ഓടിയെത്തുകയായിരുന്നു. നല്ല ഇറക്കവും റോഡിന്റെ ഒരുഭാഗം താഴ്ചയുമുള്ള പ്രദേശമാണിവിടെ. കയർ കെട്ടിയാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

തുടർന്ന് ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു. രക്ഷപ്രവർത്തനത്തിന് ഇറങ്ങിയരും കണ്ടത് കരൾ പിളരുന്ന കാഴ്‌ച്ചകളായിരുന്നു. കല്ലിലിടിച്ചു തല പിളർന്നും മുഖമാകെ ചോരയിൽ കുളിച്ചും പരുക്കേറ്റവർ കിടന്നു. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ ഉറങ്ങുമെന്നറിയില്ല. അപകടത്തിൽപെട്ടവരുടെ നിലവിളിയും ഞരക്കവും മൂളലും പരുക്കേറ്റ മുഖങ്ങളും ആ കരളലിയിക്കുന്ന രംഗവും മനസ്സിൽനിന്നു മായില്ല- രക്ഷാപ്രവർത്തകർ പറഞ്ഞു.

അപടകം അറിഞ്ഞ് വിവിധ വാഹനങ്ങളിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഏതാനും ജീവൻ നഷ്ടമായിരുന്നു. ദുരന്ത വാർത്തയറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിനാളുകളാണ് വയനാട് മെഡിക്കൽ കോളജിലേക്ക് ഒഴുകിയെത്തിയത്. സ്ഥലം എംഎ‍ൽഎ ഒ.ആർ. കേളു, ജില്ല കലക്ടർ ഡോ. രേണുരാജ്, ജില്ല പൊലീസ് മേധാവി പദം സിങ്, എ.ഡി.എം എൻ.ഐ. ഷാജു തുടങ്ങിയവരെല്ലാം ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. രാത്രിയോടെ മന്ത്രി എ.കെ. ശശീന്ദ്രനും എത്തി.

പരുക്കേറ്റവരെ 25 മീറ്റർ താഴെ നിന്ന് മുകളിലെത്തിക്കാനും തുടർന്ന് ആശുപത്രിയിലേക്കു മാറ്റാനും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ഏറെ പണിപ്പെട്ടു. അതിനിടെ, മറിഞ്ഞു കിടന്ന ജീപ്പ് തനിയെ സ്റ്റാർട്ട് ആയതും പരിഭ്രാന്തി പരത്തി. ജീപ്പിൽ നിന്നു താക്കോൽ തെറിച്ചു പോയിരുന്നില്ല. രക്ഷാപ്രവർത്തകർ ജീപ്പിൽ നിന്നു പരുക്കേറ്റവരെ പുറത്തേക്കെടുക്കുന്നതിനിടയിൽ താക്കോൽ തനിയെ തിരിഞ്ഞതാവാം സ്റ്റാർട്ട് ആയതിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. പിന്നീട് ഏറെ പണിപെട്ടാണ് ജീപ്പിന്റെ എൻജിൻ ഓഫാക്കിയത്. എത്ര പേർ ജീപ്പിൽ ഉണ്ടെന്നതിൽ കൃത്യമായ വിവരമില്ലാത്തതിനാൽ ഇരുട്ടു പരന്നിട്ടും തിരച്ചിൽ തുടർന്നു. പിന്നീടാണ് 14 പേരാണ് അപകടത്തിൽപെട്ടതെന്ന വിവരം ലഭിക്കുന്നത്. അതോടെ, രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും അപകടവാർത്തയറിഞ്ഞ് നാടൊന്നാകെ കണ്ണോത്തുമലയിലേക്ക് ഒഴുകിയെത്തി.

തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്നവരാണ് മരിച്ചവർ. മടക്കിമല തേയിലത്തോട്ടത്തിൽ ജോലി ഇല്ലാത്തതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലാണ് ഇവർ ജോലിക്ക് പോയിരുന്നത്.സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തേയിലത്തോട്ടത്തിലാണ് ഇവർ ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നത്. രാവിലെ ഒരു തോട്ടത്തിൽ പോയി തേയില പറിച്ചശേഷം മറ്റൊരു തോട്ടത്തിലേക്ക് പോവുന്നതിനിടെയാണ് ദുരന്തം ഒമ്പത് ജീവനുകൾ തട്ടിയെടുത്തത്. വളരെ ദരിദ്ര കുടുംബത്തിലുള്ളവരാണ് മരിച്ചവരെല്ലാം.

ജീപ്പിൽ തേയിലത്തോട്ടം തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന മുന്നറിയിപ്പ് നേരത്തെയുള്ളതാണെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. റോഡിന്റെ അപകടാവസ്ഥയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും വാഹനമോടിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അശ്രദ്ധയും അപകടത്തിനു പ്രധാന കാരണങ്ങളാണെങ്കിലും തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോയെന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും കൈകഴുകാനാകില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

വയനാട്ടിലെ മിക്ക തോട്ടങ്ങളിൽ നിന്നും ജീപ്പിലാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. സീറ്റിൽ ഉൾക്കൊള്ളാനാകുന്നതിലുമധികം പേരെ കുത്തി നിറയ്ക്കുന്നുവെന്നതു മാത്രമല്ല, ചിലർ ചവിട്ടുപടിയിൽ തൂങ്ങിപ്പോകുന്നതും സ്ഥിരം കാഴ്ച. പരമാവധി 11 പേർക്കാണ് ജീപ്പിൽ താരതമ്യേന സുരക്ഷിതമായി യാത്ര ചെയ്യാനാകുക. സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനമൊന്നുമില്ലാത്ത വാഹനമാണെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

പ്രദേശത്തെ തൊഴിലാളികളെ സ്ഥിരമായി ജോലി സ്ഥലത്തും തിരിച്ച് താമസസ്ഥലത്തേക്കും എത്തിച്ചിരുന്ന ജീപ്പാണ് ഇന്നലെ അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തെറിച്ച് വീണപ്പോൾ, ആദ്യം നിലംപതിച്ചത് ജീപ്പിന്റെ പിറകുവശമാണ്. കൂടുതൽ പേർ ഇരുന്ന് യാത്ര ചെയ്തത് ജീപ്പിന്റെ പുറകിലായിരുന്നു. മരിച്ചവരിലധികവും ജീപ്പിന്റെ പിൻവശത്തെ സീറ്റുകളിൽ ഇരുന്നവരും. വാളാട്ടിലെയും തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെയും വിവിധ തോട്ടങ്ങളിലാണ് ജോലി. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലായിരിക്കും മിക്കപ്പോഴും ജോലി. അപകടം നടന്ന സ്ഥലത്തേക്ക് കൂടുതൽ ആളുകളെത്തിയതോടെ പൊലീസ് പ്രദേശം കെട്ടിത്തിരിച്ചു.

രാവിലെ ജോലിക്ക് പോയവരുടെ മരണവാർത്തയറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയാണ് മക്കിമല ആറാം നമ്പർ കോളനിക്കാർ. 23 വീട്ടുകാരാണ് ഇവിടെ കഴിയുന്നത്. ഇതിലേറെയും തമിഴ് കുടുംബങ്ങളാണ്. തേയിലച്ചപ്പ് നുള്ളി ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. പതിവുപോലെ 13 പേരും ജീപ്പിൽ വാളാടുള്ള സ്വകാര്യ തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ചെങ്കുത്തായ കുഴി ആയതിനാൽ ദുഷ്‌കരമായി. മരിച്ചവരിൽ ഒരാളുടെ തല പൂർണമായി തകർന്നിരുന്നു. ബാക്കിയുള്ളവരുടെയും തലക്കാണ് പരിക്കേറ്റത്. മരിച്ചവരെല്ലാം അര കി.മീ. ചുറ്റളവിൽ ഉള്ളവരാണ്.