കോട്ടയം: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചാണ് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും ഭാര്യയും അതിദാരുണമായി മരിച്ചത്. മണിമല പൂതിയോട്ട് സി. ജെ. ജോസഫ് (70), ഭാര്യ ഉഷ (67) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ നടത്തും. ചൊവ്വാഴ്‌ച്ച് വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ -മൂവാറ്റുപുഴ പാതയിൽ മണിമലയ്ക്ക് സമീപം കരിമ്പനക്കുളത്ത് വച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൽക്ഷണം ജോസഫ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് ഉഷ മരിക്കുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. അപകടത്തിൽ മറ്റൊരു കാറും തകർന്നു. രണ്ടു കാറിലുമുണ്ടായിരുന്നവർക്ക് നിസാര പരുക്കാണേറ്റത്.

ദമ്പതികൾ റാന്നി മക്കപ്പുഴയിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു. എയർഫോഴ്സ് ജോലിയിൽ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു ജോസഫ്. മക്കൾ: ജിജോ ജോയ് ജോസഫ്, ജുജിൻ ജോയ് ജോസഫ്. മരുമക്കൾ: ബെലിൻ, ബെനോൾസി.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായി മണിമല പൊലീസ് അറിയിച്ചു. നവീകരിച്ച പുനലൂർ -മൂവാറ്റുപുഴ പാതയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.