ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിലിന്റെ സംസ്‌കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചയോടെ നടന്നു. ചങ്ങനാശേി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ പള്ളിയിലെ കബറിട പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ നടന്നത്.

സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയോടെയാണ് സംസ്‌കാര ശുശ്രൂഷകൾ തുടങ്ങിയത്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അമ്പതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാർമികരായി.

സീറോ മലങ്കരസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീൻസഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സന്ദേശങ്ങൾ നൽകി. ഫ്രാൻസീസ് മാർപാപ്പായ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാർ തോമസ് പാടിയത്ത് വായിച്ചു.

ചെമ്പ് പട്ടയിൽ കൊത്തി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാർ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയിൽ വച്ച് അടക്കംചെയ്തു. മെത്രാപ്പൊലീത്തൻ പള്ളിയോടു ചേർന്നുള്ള മർത്തമറിയം കബറിടപള്ളിയിലെ മുൻ ആർച്ച്ബിഷപ്പ് ദൈവദാസൻ മാർ കാവുകാട്ട് ഉൾപ്പെടെയുള്ള അഭിവന്ദ്യരായ മെത്രാന്മാരുടെ കബറിടത്തോടുചേർന്നാണ് മാർപവ്വത്തിലിന്റെ ഭൗതികശരീരം അടക്കം ചെയ്തത്.

ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് മാർ പവ്വത്തിലിന് ആദരവ് അർപ്പിക്കാൻ എത്തിയത്. ഭൗതികശരീരം പൊതുദർശനത്തിനുവച്ചിരുന്ന സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയും പരിസരങ്ങളും ജനനിബിഢമായിരുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ, നാനാജാതി മതസ്ഥർ തുടങ്ങി വൻജനാവലിയാണ് വലിയ ഇടയനെ അവസാനമായി ഒരുനോക്കുകാണാനായി ഒഴുകി എത്തിയത്.

പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരും മുന്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരും ഇന്നു രാവിലെ ആദരാഞ്ജലികൾ അർപ്പിച്ചു.മാർ പവ്വത്തിലിനോട് ആദരവ് പ്രകടിപ്പിച്ച് ചങ്ങനാശേരിയിലെ മുഴുവൻ വ്യാപാരികളും കടകളടച്ച് ഹർത്താലാചരിച്ചു.