ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പവ്വത്തിൽ (92) വിടവാങ്ങുന്നത് മതേതര കേരളത്തിന് അതുല്യ സംഭാവനകൾ നൽകി. എല്ലാ മത വിഭാഗങ്ങളുമായി അടുപ്പം പുലർത്തിയ പവ്വത്തിൽ സാധാരണക്കാരിലേക്ക് പകർന്ന് നൽകിയത് സ്നേഹവും വിശ്വാസവുമായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

കേരള സഭയുടെ ഉറച്ചശബ്ദവും ഇന്റർ ചർച്ച് കൗൺസിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭകൾക്കുള്ളിലെ ഐക്യത്തിനൊപ്പം മറ്റ് മതവിഭാഗങ്ങളേയും ചേർത്ത് നിർത്തി.

സമകാലിക വിഷയങ്ങളിൽ ശക്തവും ധീരവുമായ നിലപാടുകൾ എടുത്ത് സഭയെ മുന്നോട്ട് നയിച്ചിരുന്ന ഇടയശ്രേഷ്ഠനായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ. കാര്യസാധ്യത്തിനായി നിലപാടുകളിൽ വെള്ളം ചേർക്കാനോ നെട്ടോട്ടമോടാനോ അദ്ദേഹം ഒരിക്കലും തയാറായിട്ടില്ല.

'സീറോ മലബാർ സഭയുടെ കിരീടം' എന്നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മാർ ജോസഫ് പൗവ്വത്തിലിനെ വിശേഷിപ്പിച്ചിരുന്നത്. 2007ൽ വിശ്രമ ജീവിതത്തിലേക്ക് കടന്നെങ്കിലും പിന്നീടും കേരളത്തിന്റെ സാമൂഹ്യ-ആത്മീയ ചിന്താക്രമത്തിൽ വഴികാട്ടിയായിരുന്നു മാർ പൗവ്വത്തിൽ.

1962 മുതൽ ഒരുദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെടുന്നവരാണ്.

സഭയുടെ ശ്ലൈഹിക പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനും പൗരസ്ത്യ ആധ്യാത്മികതയുടെ പ്രയോക്താവുമായും അദ്ദേഹം അന്ത്യശ്വാസം വരെയും നിലകൊണ്ടു. കത്തോലിക്ക സഭയുടെ നാളേയ്ക്കു വേണ്ടിയുള്ള നിലപാടുകൾ സ്വീകരിച്ചുമാണ് മാർ ജോസഫ് പൗവ്വത്തിൽ നിത്യതയിലേക്ക് യാത്രയാകുന്നത്.

1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പി.ജെ. ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1962 ഒക്ടോബർ മൂന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു.

1972 ഫെബ്രുവരി 13ന് റോമിൽ വച്ച് പോൾ ആറാമൻ പാപ്പായിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ചായിരുന്നു മാർ ജോസഫ് പൗവ്വത്തിലിന്റെ മെത്രാഭിഷേകം. ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം.

1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മെയ്‌ 12-നായിരുന്നു സ്ഥാനാരോഹണം. ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിച്ച അറിയിപ്പ് അന്നത്തെ വത്തിക്കാൻ ന്യുൺഷ്യോ വഴിയാണ് ലഭിച്ചത്.

ഇതനുസരിച്ചു ചങ്ങനാശേരിയിൽ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾക്ക് അതിരൂപത കേന്ദ്രം ആലോചന തുടങ്ങി. ഇതിനിടയിൽ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള റോമിൽനിന്നുള്ള അറിയിപ്പ് ന്യുൺഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറി.

തമിഴ്‌നാട്ടിൽനിന്നുള്ള ഫാ. അരുളപ്പ ഉൾപ്പെടെ 18 പേർ മാർ ജോസഫ് പൗവ്വത്തിലിനൊപ്പം റോമിൽ അന്നു മെത്രാന്മാരായി അഭിഷിക്തരായി. കർദിനാൾ ഡോ.ലൂർദ് സ്വാമിയാണ് അനുമോദന പ്രസംഗം നടത്തിയത്. ഇംഗ്ലണ്ടിൽ അക്കാലത്തു ജോലിയിലായിരുന്ന സഹോദരൻ ഡോ. ജോൺ പൗവ്വത്തിലും ഭാര്യയും ചടങ്ങിൽ സംബന്ധിച്ചു.

പോൾ ആറാമൻ പാപ്പയുമായി എക്കാലവും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ പോൾ ആറാമനാണ്. മാർപാപ്പ 1964-ൽ മുംബൈ എത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ കൊച്ചിയിൽ നിന്നും കപ്പൽ മാർഗമാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.

അഞ്ച് മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ബനഡിക്ട് മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്നു. വിശ്വാസ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്‌കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിലും കർക്കശ നിലപാടാണ് സ്വീകരിച്ചത്.

മാർ ആന്റണി പടിയറ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22 വർഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സർവതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച മാർ പൗവത്തിൽ സഭയുടെ ക്രാന്ത ദർശിയായ ആചാര്യനായിരുന്നു.

ക്രൗൺ ഓഫ് ദ ചർച്ച് എന്നാണ് സഭാപിതാക്കന്മാർ മാർ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്. 1993 മുതൽ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതൽ 1998വരെ സി.ബി.സിഐ പ്രസിഡന്റുമായിരുന്നു. 2007 മാർച്ച് 19ന് മാർ ജോസഫ് പൗവത്തിൽ വിരമിച്ചു.

മാർ ജോസഫ് പൗവ്വത്തിൽ ജീവിതരേഖ

ജനനം 1930 ഓഗസ്റ്റ് 14, കുറുന്പനാടം പവ്വത്തിൽ കുടുംബം
വിദ്യാഭ്യാസം എസ്ബി കോളജ് ചങ്ങനാശേരി, ലയോള
കോളജ് മദ്രാസ്
പൗരോഹിത്യം 1962 ഒക്ടോബർ മൂന്ന് പൂണെ
അദ്ധ്യാപകൻ എസ്ബി കോളജ് ചങ്ങനാശേരി (1963 - 1972)
ഉന്നതവിദ്യാഭ്യാസം ഓക്‌സ്‌ഫോർഡ് യൂണിവേ
ഴ്‌സിറ്റി, ഇംഗ്ലണ്ട് (1969 - 1970)
മെത്രാഭിഷേകം 1972 ഫെബ്രുവരി 13
ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ (1972 -
1977)
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ (1977 - 1985)
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്താ (1985 -
2007)
ചെയർമാൻ, ഇന്റർചർച്ച് കൗൺസിൽ (1990 - 2013)
ഓർത്തഡോക്‌സ് സഭയുമായുള്ള സഭൈക്യ ചർച്ചുകളിലെ
പൊന്തിഫിക്കൽ കമ്മീഷനംഗം (1993 - 2007)
സീറോ-മലബാർ സഭ പെർമനന്റ് സിനഡ് അംഗം (1993 -
2007)
ചെയർമാൻ, കെസിബിസി (1993 - 1996)
പ്രസിഡന്റ്, സിബിസിഐ(1994 -1998)
വിശ്രമജീവിതം ചങ്ങനാശേരി അരമന (2007 മുതൽ).