- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ പൂക്കളും ബൊക്കെയും പൂർണമായി ഒഴിവാക്കണം; ആവശ്യമെങ്കിൽ കച്ച സമർപ്പിക്കാമെന്ന് അതിരൂപതാ; ബിഷപ്പിന്റെ ഭൗതിക ശരീരം നാളെ രാവിലെ ആസ്ഥാനത്തെ ചാപ്പലിൽ എത്തിക്കും; മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച
ചങ്ങനാശേരി : സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ കബറടക്കം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ പൂക്കൾ, ബൊക്കെ എന്നിവ പൂർണമായി ഒഴിവാക്കണമെന്ന് അതിരൂപത കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ആവശ്യമെങ്കിൽ കച്ച സമർപ്പിക്കാം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ അതിരൂപതാ ആസ്ഥാനത്തെ ചാപ്പലിൽ എത്തിക്കും. കബറടക്കത്തിന്റെ ഒന്നാം ഘട്ട ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. 22നു രാവിലെ 10നു കുർബാനയെത്തുടർന്നു കബറടക്ക ശുശ്രൂഷ നടക്കും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. അതിരൂപതയിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.
ചൊവ്വാഴ്ച പുലർച്ചെ ആറിന് ഭൗതിക ശരീരം ചങ്ങനാശേരി ആർച്ച്ബിഷപ് ഹൗസിൽ എത്തിക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ ഒൻപതോടെ ഭൗതിക ശരീരം വിലാപയാത്രയായി സെന്റ് മേരീസ് മെത്രാപൊലീത്തൻ പള്ളിയിൽ കൊണ്ടുവരും. ഇവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും. ബുധനാഴ്ച രാവിലെ ഒൻപതിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാകും ശുശ്രൂഷകൾ നടക്കുക.
സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്ട് മാർപാപ്പ 'സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും. സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്തു. കർഷകർക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി.
യുവാക്കൾക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളർന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പായിരുന്നു മാർ ജോസഫ് പൗവത്തിൽ. ചങ്ങനാശേരി അതിരൂപതയിൽ നിന്നു വിഭജിച്ച് 1977ൽ രൂപീകൃതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാൻ മാർ ജോസഫ് പവ്വത്തിലായിരുന്നു. തുടർന്നുള്ള എട്ടുവർഷക്കാലം 1985 വരെ രൂപതയെ മാർ ജോസഫ് പവ്വത്തിൽ നയിച്ചു. കന്യാകുമാരി മുതൽ ഏറ്റുമാനൂർ വരെയും ആലപ്പുഴ മുതൽ രാമക്കൽമേടു വരെയും ചങ്ങനാശേരി അതിരൂപത വിസ്തൃതമായിരുന്ന കാലത്താണ് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മാർ ജോസഫ് പവ്വത്തിലിന്റെ കാലത്ത് ആത്മീയ, ഭൗതിക മേഖലകളിൽ രൂപത വൻ വളർച്ചയാണ് കൈവരിച്ചത്. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പവ്വത്തിൽ നിയമിതനായി.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല. പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു. അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി. ഇമ്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.