തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച തലശ്ശേരി അതിരൂപതയുടെ മുൻ വികാരി ജനറൽ മോൺ. മാത്യു എം.ചാലിൽ ന് ഇന്ന് നാട് വിട നൽകും.ഭൗതികശരീരം ഇന്നു രാവിലെ 10 മുതൽ 11 വരെ ചെന്‌പേരി എൻജിനിയറിങ് കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം സംസ്‌കാര ശുശ്രൂഷ 2.30നു ചെന്‌പേരി ലൂർദ്മാതാ ദേവാലയത്തിൽ ആരംഭിക്കും.

സംസ്‌കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം എന്നിവർ സഹകാർമികരാകും.വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.85 വയസ്സായിരുന്നു.

മലബാർ മേഖലയുടെ വിദ്യാഭ്യാസ വികസനത്തിനു നിർണായക പങ്കുവഹിച്ച മാത്യു എം. ചാലിൽ അതിരൂപതയുടെ ഒട്ടേറെ കോർപറേറ്റ് സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയായിരുന്നു.രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം.

1938ൽ ഓഗസ്റ്റ് 28ന് കോട്ടയം ജില്ലയിലെ രാമപുരത്ത് ചാലിൽ മാത്യു-ബ്രിജിറ്റ് ദന്പതികളുടെ മകനായാണു ജനനം. 1945ൽ കുടുംബം കണ്ണൂർ ജില്ലയിലെ ചെന്‌പേരിയിലേക്കു കുടിയേറി. 1963 മാർച്ച് 19ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 1963-1973 കാലത്ത് വിവിധ പള്ളികളുടെ വികാരിയായി സേവനമനുഷ്ഠിച്ചു. 1973 മുതൽ 1990 വരെ തലശേരി അതിരൂപത കോർപറേറ്റ് മാനേജരായി.

1990 മുതൽ 1992 വരെ കാസർഗോഡ് പള്ളി വികാരിയായി. 1997 മുതൽ 2013 വരെ തലശേരി അതിരൂപത വികാരി ജനറാളായിരുന്നു. മെഷാർ ട്രസ്റ്റ് രൂപവത്കരിച്ച് ചെന്‌പേരി വിമൽജ്യോതി എൻജിനിയറിങ് കോളജ് ആരംഭിക്കാൻ നേതൃത്വം നല്കി. 2002 മുതൽ 2013 ഓഗസ്റ്റ് വരെ വിമൽ ജ്യോതി എൻജിനിയറിങ് കോളജിന്റെ ചെയർമാനായിരുന്നു.

2013 മുതൽ 2016 വരെ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനാ യും മാനേജിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2016 മുതൽ 2018 വരെ ചെന്‌പേരി വിമല ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 2018 മെയ്‌ 15 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.

സഹോദരങ്ങൾ: സിസ്റ്റർ ജെയിൻ എഫ്‌സിസി (മാനന്തവാടി), സി.എം. ജോസ് (റിട്ട. അദ്ധ്യാപകൻ, നിർമല എച്ച്എസ്, ചെമ്പേരി), സി.എം. തോമസ് (റിട്ട. നേവി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഏരുവേശി), സി.എം. പയസ് (ദുബായ്), പരേതരായ ബേബി, ആലീസ്, സോഫി.