- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായനക്കാരനെ അമ്പരപ്പിച്ചും പ്രകോപിപ്പിച്ചും മനുഷ്യാവസ്ഥകളുടെ പ്രഹേളികളിലേക്ക് ആഴ്ന്നിറങ്ങി; കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുപുലർത്തിയെങ്കിലും പിന്നീട് വർഗ്ഗശത്രുവായി; അഭയാർഥിയായി പാരീസിലെ പ്രവാസ ജീവിതം; ഒടുവിൽ ജന്മനാട്ടിൽ തന്നെ അന്ത്യവിശ്രമം; എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങുമ്പോൾ
പാരീസ്: മനുഷ്യാവസ്ഥകളുടെ പ്രഹേളികയിലേക്ക് ആഴ്ന്നിറങ്ങിയ പ്രകോപനപരമായ കൃതികൾ കൊണ്ട് അമ്പരപ്പിച്ച വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു. ജന്മനാടായ ചെക്ക് നഗരമായ ബ്രണോയിലായിരുന്നു അന്ത്യം. 94 വയസായിരുന്നു. ' ദീർഘനാളായി സുഖമില്ലാതിരുന്ന മിലൻ കുന്ദേര ഇന്നലെ വിടവാങ്ങി' അദ്ദേഹത്തിന്റെ വക്താവ് എഎഫ്‌പിയെ അറിയിച്ചു.
കാവ്യാത്മകമായ ഗദ്യത്തിൽ, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് കുന്ദേര എഴുതിയ കൃതികൾ സഹൃദയരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. ഒരുപക്ഷേ പെട്ടെന്ന് ഓർക്കുന്നത് അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് ആയിരിക്കും.
യുവ വിമതന്റെ വഴികൾ
1929, ഏപ്രിൽ ഒന്നിന് അന്നത്തെ ചെക്കോസ്ലോവാക്യയിലെ ബ്രണോ പട്ടണത്തിലായിരുന്നു ജനനം. അച്ഛൻ പ്രശസ്ത പിയാനോ വാദകനായിരുന്നു. പ്രാഗിലെ പഠനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഫ്രഞ്ച് കവി അപ്പോളിനിയറുടെ കൃതികൾ തർജ്ജമ ചെയ്യുക മാത്രമല്ല, സ്വന്തമായി കവിതകളും കുറിച്ചു.
ഫിലിം സ്‌കൂളിലെ അദ്ധ്യാപകനായി ജോലി നോക്കിയ കാലത്ത്, പിൽക്കാലത്ത് ഓസ്‌കർ നേടിയ മിലോസ് ഫോർമാൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നു. കമ്യൂണിസത്തോട് കൂറുപുലർത്തിയിരുന്നെങ്കിലും, എഴുത്തിൽ കുന്ദേര എടുത്ത സ്വാതന്ത്ര്യങ്ങൾ അദ്ദേഹത്തെ കുഴപ്പത്തിൽ ചാടിച്ചു. 1950 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, 1956 ൽ വീണ്ടും ചേർന്നു. പ്രാഗ് വസന്തത്തിന്റെ മുന്നണി പോരാളിയായിരുന്നു. പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിൽ ചെക്കൊസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി വർഗശത്രുവായി പ്രഖ്യാപിച്ച അദ്ദേഹം 1975 ൽ ഫ്രാൻസിൽ അഭയം തേടുകയായിരുന്നു.
കോളിളക്കങ്ങൾ
1967 ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ 'ദി ജോക്ക്' ഏകപാർട്ടി ഭരണത്തെ കുറിച്ചുള്ള ഇരുണ്ട ഹാസ്യത്തിൽ ചാലിച്ച കൃതിയായിരുന്നു. നാട്ടിൽ എഴുത്തിന് വിലക്ക് നേരിട്ടെങ്കിലും, നോവൽ അദ്ദേഹത്തെ പ്രശസ്തനാക്കി. 1975 ലാണ് കുന്ദേരയും ഭാര്യ വേരയും ഫ്രാൻസിലേക്ക് കടന്നത്. റെൻസ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നാലുവർഷം. 1979 ലാണ് ചെക്ക് പൗരത്വം നഷ്ടപ്പെട്ടത്.
നോവലുകളുടെ തർജ്ജമകൾ ലോകമെമ്പാടും പരന്നതോടെ, പ്രശസ്തി കൂടി. 1981 ൽ ഫ്രഞ്ച് പൗരനായി മാറുകയും ചെയ്തു. 1973 ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് എൽസ്വേർ, കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കുരുക്കിൽ പെട്ട കവിയുടെ കഥയാണ്. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗറ്റിങ്(1979) ന്യൂയോർക്ക് ടൈംസിന്റെ അടക്കം നിരൂപക പ്രശംസ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കൃതി ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് പുറത്തുവന്നത് 1984 ലാണ്. പ്രാഗ് വസന്തം പശ്ചാത്തലമായി എഴുതിയ നോവൽ 1987 ൽ സിനിമയുമായി. ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ് എന്നീ കൃതികൾ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും ചെക്കിൽ നിരോധിക്കപ്പെടുകയും ചെയ്തു. 1988 ലാണ് ചെക്ക് ഭാഷയിൽ അവസാനമായി കുന്ദേര എഴുതിയത്. ഇമ്മോർട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്.
ആരോപണങ്ങളും
ഫ്രാൻസിലെ പ്രവാസി ജീവിതത്തിനിടെ, കുന്ദേര തന്റെ ചെക് സഹപ്രവർത്തകരെയും, വിമതരെയും കൈവിട്ടതായി അദ്ദേഹത്തിന്റെ വിമർശകർ ആരോപിക്കുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ കുന്ദേര ഒരു പൊലീസ് ചാരനായിരുന്നു എന്ന് 2008 ൽ, ഒരു ചെക് മാസിക ആരോപിച്ചു. ഇത് ശുദ്ധനുണയെന്നായിരുന്നു കുന്ദേരയുടെ പ്രതികരണം. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2013 ലാണ് കുന്ദേര പിന്നീട് നോവൽ പ്രസിദ്ധീകരിച്ചത്. പാരീസിലെ അഞ്ചുസുഹൃത്തുക്കളെ കുറിച്ചുള്ള കഥയായ ദി ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്.
2019 ൽ ചെക്ക് റിപ്പബ്ലിക് കുന്ദേരയുടെ പൗരത്വം പുനഃ സ്ഥാപിച്ചു. ജന്മപട്ടണമായ ബ്രണോയിൽ ഈ വർഷം മിലൻ കുന്ദേര ലൈബ്രറിയും തുറന്നു.