കോട്ടയം ''മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...'' അലറി കരയുന്ന ചേച്ചി മിക. അനുജത്തിയുടെ( മിൻസ മറിയം ജേക്കബ്) സംസ്‌കാരച്ചടങ്ങിലുടനീളം മികയുടെ കരച്ചിൽ നിറഞ്ഞു. ആർക്കും ആ ഏഴു വയസ്സുകാരിയെ ആശ്വസിപ്പിക്കാനായില്ല. അങ്ങനെ നാടിനെയാകെ കണ്ണീരിലാക്കി മിൻസ കണ്ണീരോർമയായി മടങ്ങി. കുഞ്ഞുഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് മിൻസ യാത്രയായി.

11-ന് ഞായറാഴ്ച പിറന്നാൾദിനത്തിൽ അച്ഛൻ അഭിലാഷിനൊപ്പമാണ് അവൾ സ്‌കൂൾ ബസിൽ കയറാൻ പോയത്. യൂണിഫോമിട്ട് അച്ഛന്റെ കൈയിൽപിടിച്ച് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കി അവൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തിയത് അമ്മ സൗമ്യയായിരുന്നു. വൈറലായ ആ വീഡിയോദൃശ്യം സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ ഉള്ളുലച്ചു. ഞായറാഴ്ച വൈകീട്ട് സ്‌കൂളിൽനിന്ന് വന്നശേഷം പിറന്നാൾ ആഘോഷിക്കാനായിരുന്നു തീരുമാനം. എത്തിയത് നടുങ്ങുന്ന വാർത്തയും.

ഞായറാഴ്ച ഖത്തറിലെ സ്‌കൂൾ ബസിലായിരുന്നു മരണം. മിൻസയുടെ മൃതദേഹം ഇന്നലെ ചിങ്ങവനത്തെ വീട്ടിലെത്തിച്ചു. അതിന് ശേഷം അവിടെ സാക്ഷിയായത് വികാര നിർഭര രംഗങ്ങൾക്കായിരുന്നു. ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ച മിൻസയുടെ സംസ്‌കാരം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലായിരുന്നു. 2 മാസം മുൻപു സന്തോഷത്തോടെ ഈ വീട്ടിൽ നിന്ന് ഖത്തറിലേക്ക് പോയതായിരുന്നു ഈ കുരുന്ന്. പിതാവ് അഭിലാഷും അമ്മ സൗമ്യയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ചേച്ചി മികയും അവൾക്കൊപ്പമുണ്ടായിരുന്നു.

ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർത്ഥിനിയായ മിൻസ നാലാം ജന്മദിനാഘോഷം കഴിഞ്ഞ് രാവിലെ സ്‌കൂളിൽ പോയപ്പോഴായിരുന്നു അന്ത്യം. വിദ്യാർത്ഥികളെ ഇറക്കിയ ശേഷം ജീവനക്കാർ സ്‌കൂൾ ബസ് പൂട്ടി പോകുകയായിരുന്നു. ബസിലിരുന്നു മിൻസ ഉറങ്ങിപ്പോയത് അവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാകാതെയാണു കുട്ടി മരിച്ചതെന്നാണു വിവരം. പ്രാർത്ഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം പിതാവിന്റെ ആഗ്രഹപ്രകാരമാണു വീടിന്റെ മുറ്റത്തു തന്നെ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്‌കാരം നടത്തിയത്.

അൽവക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ അടച്ചുപൂട്ടി. കുഞ്ഞിനെ ശ്രദ്ധിക്കാതെ ബസ് പൂട്ടി പുറത്തുപോയ സ്‌കൂൾ ജീവനക്കാരുടെ അനാസ്ഥയാണു ദുരന്തകാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കർശന നടപടിയെടുത്തത്. കുറ്റക്കാർക്കു കടുത്ത ശിക്ഷ നൽകുമെന്നും വിദ്യാർത്ഥി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി. കൊടുംചൂടിൽ മണിക്കൂറുകളോളം അടച്ചിട്ട ബസിൽ കഴിയേണ്ടി വന്നതാണു മരണ കാരണം.

ചിങ്ങവനത്തെ വീടിനുള്ളിൽ ഭിത്തിയുടെ ഒരുഭാഗത്ത് മുഴുവൻ മിൻസയുടെ ചിത്രങ്ങളായിരുന്നു. ചിരിയും കൊഞ്ചലും ജീവനേകിയ ഫ്രെയിമുകൾ. ആ ചിത്രങ്ങൾക്കുതാഴെ വിങ്ങിക്കരഞ്ഞും ഇടയ്ക്ക് നിശ്ശബ്ദയായും അമ്മ സൗമ്യ.മിൻസയുടെ പിതാവ് അഭിലാഷ് ചാക്കോ ഖത്തറിൽ ഗ്രാഫിക് ഡിസൈനറാണ്. ജൂലായിൽ ഇവർ നാട്ടിലെത്തിയിരുന്നു. 20 ദിവസത്തിനുശേഷമാണ് മടങ്ങിയത്. വീട്ടുമുറ്റത്ത് പാറിനടന്ന കൊച്ചുമകളുടെ വേർപാട് അഭിലാഷിന്റെ മാതാപിതാക്കളായ കെ.സി.ചാക്കോയ്ക്കും സെലീനാമ്മയ്ക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ബുധനാഴ്ച രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനുമുമ്പുതന്നെ മുറ്റത്ത് വലത്തേയറ്റത്ത് അവൾക്കായി കുഞ്ഞുകല്ലറയൊരുക്കിയിരുന്നു. മാവിൻചുവട്ടിലെ ആ കല്ലറയിൽ വൈകീട്ട് നാലരയോടെ മിൻസയുടെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലി കുഞ്ഞുമിൻസയെ അവസാനമായി കാണാൻ അവിടെ നിറഞ്ഞിരുന്നു.