- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
ഇരിങ്ങാലക്കുട: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നുമാണ് ലാൽ നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയത്. തുടർന്ന് ഷിബുബേബി ജോണിനും ആന്റണി പെരുമ്പാവൂരിനും ഒപ്പം ഇരിങ്ങാലക്കുടയിലേക്ക്. കറുത്ത കാറിൽ വന്നിറങ്ങിയ ലാൽ ഇന്നസെന്റിന്റെ വീട്ടിലേക്കാണ് ലാൽ എത്തിയത്. വാഹനത്തിൽ നിന്നിറങ്ങി മൃതശരീരത്തിന് മുന്നിൽ അദ്ദേഹം നിശബ്ദനായി. കൈതൊഴുത് അന്തിമോപചാരവും അർപ്പിച്ചു ലാ്ൽ. ഇന്നസെന്റിന്റെ വീട്ടുകാരെ അടക്കം കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു താരം.
ഇന്നസന്റിന്റെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്. കൊച്ചി കടവന്ത്രയിലും ഇരിങ്ങാലക്കുടയിലും നടന്ന പൊതുദർശനത്തിൽ കലാ-സാമൂഹിക മേഖലയിലെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടിൽ ഇന്ന് രാത്രിയോടെ പൊതുദർശനം അവസാനിക്കും.
ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചത്. സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിലെത്തിക്കുകായായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായൻ ലാൽ ജോസ്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 8 മുതൽ 11.30 വരെയായിരുന്നു ഇവിടെ പൊതുദർശനം. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തിയിരുന്നു. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ വിയോഗ വേദനയിൽ പലർക്കും വാക്കുകൾ മുറിഞ്ഞു. രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖരാണ് മുൻ എംപി കൂടിയായിരുന്ന ഇന്നസെന്റിന് അന്തിമാഞ്ജലി നേരാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്.
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വിയോഗം പ്രിയപ്പെട്ടവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972 - ൽ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാൻസർ വാർഡിലെ ചിരി ഉൾപ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ