മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ഓണാവധി ആഘോഷിക്കാനെത്തിയ അമ്മയും മക്കളും പാടശേഖരത്തെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്. ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി. ഇരുവരും ഒതളൂരിൽ ഓണാവധി ആഘോഷത്തിന് എത്തിയതായിരുന്നു.

ഇതിനിടയിലാണ് ഇരുവരും രാവിലെ ഒമ്പതു മണിയോടെ വെമ്പുഴ പാടശേഖരത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയത്.ബണ്ടിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഇരുവരെയും കരക്ക് കയറ്റി ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുന്നംകുളം ബദനി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ആശ്ചര്യ. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതേസമയം ഈ ഓണാവധിയിൽ മലപ്പുറം ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാലോളം പേർക്കാണ് മുങ്ങി മരണത്തിൽ ജീവൻ നഷ്ടമായത്.