- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു; കർണാടക സംഗീത മേഖലയിൽ അരനൂറ്റാണ്ട് കാലത്തെ സ്ഥിരസാന്നിദ്ധ്യം; വിടവാങ്ങിയത്, ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കലാകാരൻ
ചെന്നൈ: അരനൂറ്റാണ്ടിലേറെക്കാലം മൃദംഗവാദകനായി കർണാടക സംഗീതലോകത്ത് നിറഞ്ഞുനിന്ന കാരക്കുടി ആർ.മണി(77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മൃദംഗ വാദനത്തിന്റെ അനന്തസാധ്യതകളിലൂടെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയ ഋഷിതുല്യനായ കലാകാരനാണ് കാരൈക്കുടി ആർ മണി.
മൃദംഗ വായനയിൽ . കാരൈക്കുടി മണി ബാണി ( ശൈലി ) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു .ലോകത്തിലാകമാനം ആയിരത്തിക്കണക്കിന് ശിഷ്യഗണങ്ങളുള്ള കലാകാരനാണ് ആർ മണി. ലയമണി ലയം എന്ന പേരിൽ ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.
1945 സെപ്റ്റംബർ 11 ന് കാരൈക്കുടിയിൽ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായി ജനിച്ചു. അച്ഛൻ സംഗീതജ്ഞനായതു കൊണ്ട് മണിയും രണ്ടു വയസുമുതൽ സംഗീതം പഠിച്ചു. ഒപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. കാരൈക്കുടി ക്ഷേത്രത്തിലെ ഉൽസവങ്ങൾക്കിടെ അച്ഛന്റെ തോളിലിരുന്ന് താളം പിടിക്കുന്ന മണിയുടെ വാസന മൃദംഗത്തിലാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു
തുടർന്ന് കാരൈക്കുടി രഘു അയ്യാങ്കാറിനു കീഴിൽ മൃദംഗം പഠിച്ചു തുടങ്ങി. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചാണ് അരങ്ങേറ്റം. കോപ്പുടൈ അമ്മൻ കോവിലിൽ പുതുക്കോട്ടൈ കൃഷ്ണമൂർത്തി അയ്യരുടെ വിണക്കച്ചേരിക്ക് പക്കം വായിച്ച് ശാസ്ത്രീയ സംഗീത രംഗത്തേക്ക് കടക്കുമ്പോൾ മണിക്ക് പ്രായം എട്ട് വയസ് മാത്രം.
മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വായന മണിക്ക് എന്നും പ്രചോദനമായിരുന്നു. ടി.ആർ. ഹരിഹര ശർമ്മ,കെ എം വൈദ്യനാഥൻ എന്നിവരുടെ കീഴിൽ മൃദംഗ പഠനം തുടർന്നു. പതിനഞ്ചാം വയസിൽ ചെന്നൈയിലേക്ക് താമസം മാറിയതോടെ മുതിർന്ന സംഗീതജ്ഞർക്ക് മൃദംഗം വായിച്ചു തുടങ്ങി.
രാഷ്ട്രപതി ഡോ.രാധാകൃഷ്ണന്റെ പക്കൽ നിന്നും ദേശിയ പുരസ്‌കാരം നേടുമ്പോൾ കാരൈക്കുടി മണിക്ക് പ്രായം പതിനെട്ട് മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998 ൽ കാരൈക്കുടി മണിക്ക് ലഭിച്ചു.
എം.എസ് സുബ്ബുലക്ഷ്മി ഉൾപ്പെടെയുള്ള കർണാടക സംഗീതത്തിലെ മുൻകാല പ്രഗത്ഭർക്കുവേണ്ട അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്‌മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
മണിയുടെ മൃദംഗ വാദനം മുഴുവൻ കച്ചേരികളെയും ഏറെ സുന്ദരമാക്കിയിട്ടുള്ളതായി കലാകാരന്മാർ പറഞ്ഞിട്ടുണ്ട്. പിതുകുളി മുരുകദോസിന്റെ ഭക്തിഗാനങ്ങൾക്കുള്ള മണിയുടെ അകമ്പടി അദ്ദേഹത്തിന്റെ അസാമാന്യമായ പ്രതിഭ അടയാളപ്പെടുത്തുന്നതായിരുന്നു. രാഗങ്ങളിലും കീർത്തനങ്ങളിലും അദ്ദേഹത്തിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു.