- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്
കൊച്ചി: ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥൻ. ഇന്ത്യൻ കാർഷിക രംഗത്ത് അഭേദ്യമായ സ്ഥാനം അലങ്കരിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന മലയാളി ലോകത്തിലെ ക്ഷാമവും അറുതിയും തുടച്ചുനീക്കുക എന്ന ദൗത്യത്തിലായിരുന്നു. ഒരു ജനിതക ശാസ്ത്രജ്ഞൻ എന്ന നിലയിൽ സ്വപ്നം കണ്ടത് വലിയ ലക്ഷ്യമങ്ങളായിരുന്നു. എം.എസ് സ്വാമിനാഥൻ കണ്ട സ്വപ്നം ലോകത്തിനെ ഹരിതാഭമാക്കുകയായിരുന്നു. അതിനാലാണ് ജൈവ വൈവിധ്യത്തിന്റെ സുസ്ഥിര വികസനത്തിന്റെയും സംരക്ഷണത്തിന്റെയും വക്താവായ അദ്ദേഹത്തെ ഒരിക്കൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ 'സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്' എന്ന് വിശേഷിപ്പിച്ചത്. ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്‌സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു.
2007 ലാണ് കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കുട്ടനാട്ടുകാരൻ കൂടിയായ ഡോ. എം. എസ്. സ്വാമിനാഥനെ കേന്ദ്ര സർക്കാർ നിയോഗിച്ചത്. സ്വാമിനാഥന്റെ പഠനം കൃഷിയിൽ മാത്രം ഒതുങ്ങിയില്ല. കാർഷികാനുബന്ധമേഖലകളിലും, വെള്ളപ്പൊക്കക്കെടുതികൾ അമർച്ച ചെയ്യുന്നതിലും അദ്ദേഹം പഠനം നടത്തി. 2008 ജൂലൈയിൽ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചു. തുടർന്നടപടികൾ ആരംഭിച്ചു. 2010 സെപ്റ്റംബറിൽ ഔദ്യോഗിക ഉത്ഘാടനവും നടന്നു. ഈ പാക്കേജു പ്രഖ്യാപിച്ചശേഷം കുട്ടനാടിനെ മൂന്നു വലിയ വെള്ളപ്പൊക്കങ്ങൾ മുക്കി കടന്നുപോയി. കുട്ടനാടു പാക്കേജിലെ ചെറുതും വലുതുമായ പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നതു ഇന്നും കൃത്യത ഇല്ലാത്ത കാര്യമാണ്. പക്ഷേ കുട്ടനാടിലെ പ്രശ്‌നത്തിന് പരിഹാരം ആ പാക്കേജിലുണ്ടായിരുന്നുവെന്നതാണ് വസ്തുത.
ഗാന്ധിജി, ടാഗോർ, മാവോ, ദലെയ് ലാമ... ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യക്കാരിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്ത വ്യക്തിത്വങ്ങളിൽ എം.എസ് സ്വാമിനാഥനുമുണ്ട്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമ്മാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
1925 ഓഗസ്റ്റ് 7ന് ജനനം. ഒരു നൂറ്റാണ്ട് മുൻപ് കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായിരുന്നു 2000 ഏക്കറിലധികം ഭൂസ്വത്ത് ഉണ്ടായിരുന്ന മങ്കൊമ്പ് കുടുംബം. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ഡോക്റ്റർ ആയിരുന്നു അച്ഛൻ സാബശിവൻ. കുംഭകോണത്ത് തന്നെയാണ് അദ്ദേഹം സ്‌കൂൾ പഠനം പൂർത്തിയാക്കിയതും. പിന്നീട് അദ്ദേഹത്തിന്റെ 11-ാം വയസ്സിൽ അച്ഛൻ മരിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബിഎസ് സി, മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദവും നേടിയ ശേഷം ഡൽഹിയിൽ ഇന്ത്യൻ അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്‌കോ സ്‌കോളർഷിപ്പിൽ നെതർ ലൻഡ്സിൽ ഉപരിപഠനം നടത്താനാണ് ആ യുവാവ് തീരുമാനിച്ചത്.
പിന്നീട് കേംബ്രിഡ്ജിൽ നിന്ന് പി എച്ച് ഡി നേടിയ ശേഷം വിസ്‌കോൺസിൻ യൂനിവേഴ്‌സിറ്റിയിൽ ഉപരി ഗവേഷണം കഴിഞ്ഞ് 1954 ൽ ഇന്ത്യയിൽ തിരിച്ചെത്തി കട്ടാക്കിലെ സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അടുത്ത വർഷം ഡല്ഡഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. നോബൽ സമ്മാന ജേതാവ് നോർമൻ ബോർലോഗുമായി ചേർന്ന് പുതിയ ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിച്ച് ഗോതമ്പ് ഉത്പാദനം 12 ടണ്ണിൽ നിന്ന് 17 ടണ്ണായി ഉയർത്തി. ലോകമെങ്ങും ഹരിത വിപ്ലവം കൊണ്ടുവരുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്ക് ബോർലോഗ് തന്റെ നോബൽ സമ്മാന പ്രസംഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. 2007 മുതൽ 6 വർഷം രാജ്യസഭാ എംപിയായി സേവനം ചെയ്തു. 1987ൽ കാർഷികരംഗത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് നേടി. സമ്മാനത്തുക സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായി ദാനം ചെയ്തു.
ഐയുസിഎൻ, ഡബ്ല്യൂബ്ല്യൂഎഫ് തുടങ്ങി നിരവധി അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്വാമിനാഥൻ ഐഎആർഐ, ഐസിആർഐഎസ് എടി തുടങ്ങിയവയുടെ സ്ഥാപകനാണ്. കേംബ്രിഡ്ജിൽ സഹപാഠിയായിരുന്ന മീനയാണ് ഭാര്യ. മൂന്നു പെൺമക്കളിൽ മൂത്തവളായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഉന്നത പദവിയിലുണ്ട്. . സംസ്ഥാന ആസുത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ മരുമകനാണ്.