തിരുവനന്തപുരം: മുലായംസിങ് യാദവ് ഓർമ്മയായി. ഇടതുപക്ഷത്തോട് ചേർന്ന് നടന്ന സോഷ്യലിസ്റ്റായിരുന്നു മുലായം. ബിജെപി വിരുദ്ധ ചേരിയിലെ പ്രധാനി. മൂന്ന് തവണ അദ്ദേഹം ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി. 1988ലായിരുന്നു ആദ്യ സത്യപ്രതിജ്ഞ. അന്ന് കേരളം ഭരിച്ചത് സഖാവ് ഇകെ നായനാരും. എവിടെ പോയാലും മലയാളികളുണ്ടെന്ന് പറയുന്നതു പോലെ യുപിയിലും മലയാളികൾ സജീവമാണ്. അന്ന് നായനാരുടെ മുമ്പിൽ യുപി മലയാളിയുടെ ചില പ്രശ്‌നങ്ങളെത്തി. അക്കാര്യം സുഹൃത്തായ മുലായത്തെ കത്തിലൂടെ അറിയിക്കുകയും ചെയ്തു. പക്ഷേ അത് മറ്റു തലത്തിലാണ് അന്ന് ചർച്ചയായത്. പ്രാദേശിക ഭാഷകളെ അംഗീകരിക്കാത്ത ഹിന്ദിക്കാരെ കുറിച്ചുള്ള പ്രശ്‌നങ്ങളിലേക്ക് ചർച്ച വഴിമാറിയെന്നതാണ് വസ്തുത. ഒടുവിൽ മുലായത്തെ നായനാർ തന്റെ വഴിക്കു കൊണ്ടു വന്നു എന്നതാണ് വസ്തുത.

മലായാളികളുടെ പ്രശ്‌നങ്ങൾ ഉയർത്തി ഇംഗ്ലീഷിലാണ് നായനാർ ഉത്തർപ്രദേശിലേക്ക് കത്തെഴുതിയത്. ഇതിൽ മുലായം നടപടികളും എടുത്തു. അക്കാര്യം കേരള മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അവിടെയായിരുന്നു പ്രശ്‌നം. നായനാർക്ക് മുലായം കത്തെഴുതിയത് ഹിന്ദിയിലായിരുന്നു. ഈ കത്ത് നായനാർക്ക് തീർത്തും ഉൾക്കൊള്ളാനായില്ല. ഹിന്ദിയിൽ കിട്ടിയ കത്തിന് നന്ദി അറിയിച്ച് നായനാരും മുലായത്തിന് ഉപചാര മറുപടി എഴുതി. എന്നാൽ ഇത് ഇംഗ്ലീഷിലായിരുന്നില്ല. പച്ചമലയാളത്തിലായിരുന്നു ഉത്തർപ്രദേശിലെ സെക്രട്ടറിയേറ്റിൽ നായനാരുടെ കത്തെത്തിയത്. ഇത് കൈയിൽ കിട്ടിയപ്പോൾ തന്നെ നയാനാർക്ക് പ്രശ്‌നമായത് ഹിന്ദിയിലെ കത്തായിരുന്നുവെന്ന് മുലായത്തിന് മനസ്സിലായി. പിന്നീട് മലയാളത്തിൽ കാര്യങ്ങൾ വിശദീകരിച്ച് കേരളത്തിലേക്ക് യുപി മുഖ്യമന്ത്രി കത്തെഴുതി. അങ്ങനെ ആ വിവാദം തീർന്നു.

ദക്ഷിണേന്ത്യൻ പ്രാദേശിക ഭാഷകളെ ചവിട്ടി മെതിച്ച് ഹിന്ദിക്ക് മേൽക്കൈ നേടാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്ന കാലമാണ് ഇത്. ഈ സാഹചര്യത്തിൽ കൂടിയാണ് മുലായവും നായനാരും തമ്മിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന കത്തിടപാടിന്റെ പ്രസക്തി. നായനാർക്ക് കത്തെഴുതുമ്പോൾ മറ്റൊന്നും മുലായം ആലോചിച്ചിരുന്നില്ല. പതിവ് പോലെ കത്തെഴുതി. എന്നാൽ ഇംഗ്ലീഷിലെ കത്തിന് കേരളത്തിലെ മുഖ്യമന്ത്രി ഹിന്ദിയിൽ മറുപടി നൽകുകയെന്ന നായനാരെ പോലൊരു നേതാവിന് ഉൾക്കൊള്ളനായില്ല. അതുകൊണ്ടാണ് മലയാളത്തിൽ മറുപടി അയച്ചതും നായനാരുടെ മനസ്സ് തിരിച്ചറിഞ്ഞ് മുലായത്തിന് തിരുത്തേണ്ടി വന്നതും.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പിന്നാക്കരാഷ്ട്രീയത്തിന്റെ കരുത്തുറ്റ മുഖമായിരുന്നു മുലായം സിങ് യാദവ്. പ്രാദേശിക നേതാവായി തുടങ്ങി പ്രധാനമന്ത്രി പദത്തിനരികെവരെയെത്തിയ മുലായം എന്നും പാർട്ടിപ്രവർത്തകരുടെ പ്രിയപ്പെട്ട നേതാജിയായിരുന്നു. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്പ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി. തെറ്റുകൾ തിരുത്താനും മടിച്ചില്ല. നായനാരുമായുള്ള കത്തിടപാടും ഇതിന് തെളിവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്തശത്രുതയില്ലെന്ന് പലപ്പോഴും അദ്ദേഹം തെളിയിച്ചു. എന്നും കേരളവുമായി നല്ല ബന്ധം പുലർത്തിയിരുന്നു മുലായം.

ഒരു ഗുസ്തി മത്സരത്തിൽ നിന്നായിരുന്നു മുലായത്തിന്റെ രാഷ്ട്രീയ പ്രവേശനം. മെയിൻപുരിയിൽ നടന്ന ഒരു ഗുസ്തി മത്സരത്തിനിടെ മുലായത്തിനെ കണ്ട അന്നത്തെ ജസ്വന്ത്നഗർ എംഎൽഎ നത്തു സിങ്ങായിരുന്നു ഈ വഴിത്തിരിവിന് പിന്നിൽ. മുലായം സിങ് യാദവിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതും വഴികാട്ടിയതുമെല്ലാം നത്തു സിങ്ങെന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു. പിന്നീട് തന്റെ നിയമസഭാ മണ്ഡലവും ഇദ്ദേഹം മുലായത്തിനായി വിട്ടുനൽകി. അദ്ധ്യാപകനായിരിക്കെയാണ് മുലായം സജീവരാഷട്രീയ രംഗത്തേക്ക് എത്തുന്നത്. തന്റെ മുന്നോട്ടുള്ള യാത്രയിൽ അദ്ധ്യാപനം തടസപ്പെടരുതെന്ന് കരുതിയ മുലായം ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തിൽ കർഷക വക്താവായി യുപി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു. ലോഹ്യയ്ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും ആരാധാകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയിൽ എത്തി.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോൾ, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ ഭദ്രമാക്കി. യുപിയിൽ മുലായവും ബിഹാറിൽ ലാലു പ്രസാദും കൈകോർത്തപ്പോൾ യാദവ സഖ്യം ഇന്ത്യൻ രാഷ്ട്രീയത്തീലെ നിർണായക ശക്തിയായി. തൊണ്ണൂറുകളിൽ സാമൂഹികനീതിക്കായി മണ്ഡൽ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബിൽ പാസാക്കാൻ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒന്നിച്ചപ്പോൾ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്. രാമക്ഷേത്ര നിർമ്മാണത്തിനുള്ള അദ്വാനിയുടെ രഥയാത്ര തടഞ്ഞതും മുലായമായിരുന്നു.

ബിജെപി പിന്തുണയോടെ 1989ൽ മുഖ്യമന്ത്രിയായെങ്കിലും അഭിപ്രായ ഭിന്നതയെത്തുടർന്ന് സഖ്യം തകർന്നു. ഇന്ത്യയെ മുറിവേൽപ്പിക്കാൻ എൽ കെ അദ്വാനി രഥയാത്ര ആരംഭിച്ചപ്പോൾ അയോധ്യയിൽ കടക്കാൻ വിടില്ലെന്ന് മുലായം പ്രഖ്യാപിച്ചത് ഏറെ ചർച്ചയായി. പിന്നീട് ബിജെപിക്കും കോൺഗ്രസിനും ബദലായുള്ള സഖ്യ പരീക്ഷണങ്ങൾക്ക് മുലായം പലപ്പോഴും ആത്മാർഥമായി മുന്നിട്ടിറങ്ങിയെങ്കിലും വിജയിക്കാനായില്ല. ദേവഗൗഡയേയും ഗുജറാളിനേയുമെല്ലാം പ്രധാനമന്ത്രിയാക്കി. മന്മോഹൻസിംഗിന്റെ ഒന്നാം യുപിഎ സർക്കാരിന് പിന്നിലും മുലായമുണ്ടായിരുന്നു ആദ്യം നിയമസഭയിൽ എത്തുമ്പോൾ മുലായത്തിന് പ്രായം 28. ജീവിതാവസാനം വരെ പാർലമെന്ററി ജീവിതം തുടർന്നു. വിടവാങ്ങുമ്പോൾ സമാജ് വാദി പാർട്ടിയുടെ മെയിൻ പുരിയുടെ ലോക്സഭാ പ്രതിനിധിയാണ് അദ്ദേഹം. ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ മണ്ഡലത്തെ 1967 മുതൽ ഏഴ് തവണ യുപി നിയമസഭയിൽ പ്രതിനിധീകരിച്ചത് മുലായമാണ്.

1977ൽ റാം നരേഷ് യാദവിന്റെ മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്.1980 ൽ കോൺഗ്രസ് മുന്നേറ്റത്തിൽ ജസ്വന്ത് നഗറിൽ തോറ്റു. എന്നാൽ 1985 ൽ ജസ്വന്ത് നഗറിൽ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാൽ, മെയിൻപുരി, അസം ഗഡ് മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ ലോക്സഭയിലേക്കും വിജയിച്ചു. മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, ജനതാദൾ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബർ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രാധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂൺ 4 വരെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തി.

തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബിജെപി, ബാബ്റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.1993 ഡിസംബറിൽ കോൺഗ്രസും ബിഎസ്‌പി യും ഉൾപ്പെട്ട ചെറുകക്ഷികളുടെ പിന്തുണയിൽ ഭരണത്തിലേറിയ മുലായം 1995 ജൂൺ 3 വരെ തുടർന്നു. 1996 ൽ ലോക്സഭയിലേക്ക് മത്സരിച്ച മുലായം, ദേവെ ഗൗഡ സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐകെ ഗുജ്റാൾ സർക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.