- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് തിരിച്ചറിഞ്ഞ ഗുരു; ലോഹ്യയിൽ ആകൃഷ്ടനായ സോഷ്യലിസ്റ്റ്; ചരൺസിംഗിന്റെ പാതയിൽ മുന്നേറ്റം; യുപിയിലെ ബിജെപി വിരുദ്ധ പക്ഷത്തെ ചാലകശക്തി; മൂന്ന് തവണ മുഖ്യമന്ത്രി; ഗൗഡാ സർക്കാരിൽ പ്രതിരോധ മന്ത്രി; സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവ് അന്തരിച്ചു
ലക്‌നൗ: സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവ് അന്തരിച്ചു. മൂന്നു തവണ (1989 -1991, 1993 - 1995, 2003 - 2007) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയായിരുന്നു മുലായം. ഏട്ട് തവണ എംഎൽഎയുമായി. സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവാണ്.
ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനനം. ഒരു കർഷക കുടുംബമായിരുന്നു മുലായമിന്റേതെങ്കിലും ഇറ്റാവയിലെ കെ.കെ കോളേജിൽ ചേർന്ന് പഠിക്കുവാൻ സാധിച്ചു. അവിടെ വെച്ച് രാം മനോഹർ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാൻ എന്ന പത്രം ഇദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠനകാലത്ത് മുലായം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇക്കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തു. അദ്ധ്യാപകനാകണമെന്നാഗ്രഹിച്ച മുലായം ആഗ്ര സർവകലാശാലയിൽ നിന്ന് ബി.റ്റി ബിരുദവും തുടർന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദവും സ്വന്തമാക്കി. മകൻ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധർ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ വച്ചാണ് പിൽക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിങ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിങ് തീർച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. ലോഹ്യയുടെ മരണശേഷം രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വിഭാഗത്തിൽ മുലായം ചേർന്നു. 1974-ൽ ഈ പാർട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറി. അടിയന്തരാവസ്ഥക്കാലത്ത് മുലായമിനു ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു.
ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരൺ സിംഗിന്റെ ആശയങ്ങളും പരസ്പരം ബന്ധിപ്പിച്ച് ചിന്തിച്ചു തുടങ്ങി. 1977-ൽ ജനതാപാർട്ടിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച അദ്ദേഹം സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. 1980-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. 1984-ൽ ചരൺ സിങ് പുതുതായി രൂപീകരിച്ച ദളിത് മസ്ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായും മാറി. പിന്നീട് സമാജ് വാദി പാർട്ടിയുണ്ടാക്കി.
യുപിയിലെ ബിജെപി മുന്നേറ്റത്തിൽ തൊണ്ണൂറുകളിൽ തടയിട്ടത് മുലായം സിംഗായിരുന്നു. മായാവതിയുമായി ചേർന്ന് നടത്തിയ നീക്കങ്ങളും നിർണ്ണായകമായി. ഈ സഖ്യം തകർന്നതോടെയാണ് വീണ്ടും ബിജെപി യുപിയിൽ പിടിമുറുക്കിയത്.