- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽവച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നു അദ്ദേഹം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ്, ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും.
1975 ൽ 'ലൗ ലെറ്റർ' എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ചതാണു ജോയിയുടെ പ്രസക്തി. മലയാള സിനിമാ ഗാനരംഗത്തെ അടിമുടി മാറ്റത്തിന് വഴിവെച്ചത് ജോയിയുടെ പരീക്ഷണങ്ങളായിരുന്നു.
മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ 'ടെക്നോ മ്യുസിഷ്യൻ' എന്നാണ് ജോയ് അറിയപ്പെട്ടിരുന്നത്. ജയൻ നായകനായ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങൽ ഒരുക്കിയ വ്യക്തിത്വമായിരുന്നു ജോയിയുടേത്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ സിനിമകൾക്കു ജോയ് സംഗീതമൊരുക്കി.
കെ.ജെ.ജോയ്യുടെ 77ാം ജന്മദിനത്തിൽ, അദ്ദേഹം സംഗീത സംവിധാനം ചെയ്ത പാട്ടുകൾ പാടി 'പാട്ടുപീടിക' എന്ന സംഗീത കൂട്ടായ്മ ആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയ് പങ്കെടുത്തിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏറെ ഹിറ്റായ 'എൻ സ്വരം പൂവിടും ഗാനമേ' എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി.