- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണ്ണ പബ്ലിക്കേഷൻസ് ഉടമ എൻ ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു; യാത്രയായത് പത്രവിൽപ്പനക്കാരനായി തുടങ്ങി പ്രസാധന രംഗത്തേക്ക് ഒറ്റയ്ക്ക് പൊരുതി കയറിയ അസാധാരണ വ്യക്തിത്വം; അന്ത്യം 90 വയസ്സ് തികഞ്ഞതിന് പിറ്റേന്ന്
കോഴിക്കോട്: ടി ബി എസിന്റെയും പൂർണ്ണ പബ്ലിക്കേഷൻസിന്റെയും ഉടമ എൻ ഇ ബാലകൃഷ്ണമാരാർ (90) അന്തരിച്ചു. രണ്ടു വർഷമായി കിടപ്പിലായിരുന്നു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്നലെയായിരുന്നു മാരാർക്ക് 90 വയസ്സ് തികഞ്ഞത്. പ്രസാധന രംഗത്ത് ഒറ്റയ്ക്ക് പൊരുതി കയറിയ അസാധാരണ ജീവിതമായിരുന്നു ബാലകൃഷ്ണമാരാരുടേത്. ടിബിഎസ് മാരാർ, 'ബാലേട്ടൻ' എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന എൻ ഇ ബാലകൃഷ്ണമാരാർ 1932 ൽ കണ്ണൂരിലെ തൃശ്ശിലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണൻ മാരാരുടെയും മാധവി മാരാസ്യാരുടെയും മകനായാണ് ജനിച്ചത്. ഒന്നര വയസ്സിലേ പിതാവ് മരണപ്പെട്ടു. രണ്ടാനച്ഛനായ കമ്മ്യൂണിസ്റ്റുകാരൻ പി വി രാഘവമാരാർക്കൊപ്പമായിരുന്നു ബാല്യവും കൗമാരവും. വീട്ടിലെ ദാരിദ്ര്യം കാരണം കണ്ണൂർ കൂത്തുപറമ്പ് കണ്ണവം തൊടിക്കുളത്തെ തറവാട്ടിൽ നിന്ന് പതിമൂന്നാമത്തെ വയസ്സിലാണ് മാരാർ കോഴിക്കോട്ടെത്തുന്നത്.
തുടക്കം പത്രവിൽപ്പനക്കാരനായി. ദേശാഭിമാനി സീൽ ചെയ്തതോടെ തമിഴ്‌നാട്ടിലേക്ക്. തഞ്ചാവൂരിലെ ഹോട്ടലിൽ സപ്ലയറായും പൊട്ടിക്കടക്കാരനായും ജീവിത വേഷങ്ങൾ. കുറച്ചുകാലത്തിന് ശേഷം കോഴിക്കോട്ടെത്തി പ്രഭാത് ബുക്ക് ഹൗസിൽ കമ്മീഷൻ ഏജന്റായി. തലച്ചുമടായി പുസ്തകങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തിയ കാലം. പിന്നീട് സൈക്കിളിലായി പുസ്തകവുമായുള്ള യാത്രകൾ. കാക്കിത്തുണി സഞ്ചിയിൽ പുസ്തകങ്ങൾ നിറച്ച് വീടുകളിലും ലോഡ്ജുകളിലും തെരുവുകളിലും പുസ്തകങ്ങളുമായി അദ്ദേഹം എത്തി. ഇതിനിടയിൽ സി പി അബൂബക്കർ എന്നൊരാൾ കുറേ റഷ്യൻ പുസ്തകങ്ങൾ വിൽക്കാനേൽപ്പിച്ചു. അപ്പോഴാണ് സ്വന്തമായൊരു മേൽവിലാസം വേണമെന്ന് തോന്നിയത്. അങ്ങനെ ടൂറിങ് ബുക് സ്റ്റാൾ (ടിബിഎസ്) എന്ന പേര് തന്റെ പുസ്തക ശാലയ്ക്ക് നൽകി.
57 ൽ മിഠായിത്തെരുവിൽ 25 രൂപ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലേക്ക് ബുക് സ്റ്റാൾ മാറി. സ്ഥാപനം ഉദ്ഘാടനം ചെയ്തത് സുകുമാർ അഴീക്കോടായിരുന്നു. കവി ആർ. രാമചന്ദ്രനാണ് ടൂറിങ് ബുക്സ്റ്റാൾ എന്ന പേരിനും അതിന്റെ പരസ്യവാക്യത്തിനും പിറകിൽ. ഇംഗ്ലീഷിലെ മികച്ച ഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനും അവയെത്തിക്കുന്നതിനും രാമചന്ദ്രന്റെ ഉപദേശവും മാർഗനിർദ്ദേശവുമുണ്ടായിരുന്നു. മിഠായിത്തെരുവിലെ ഒറ്റമുറി പീടികയിൽ ടിബിഎസ് പുസ്തകശാല സ്ഥാപിച്ചതോടെയാണ് മലയാള പുസ്തക പ്രസാധന രംഗത്തെ അതികായരിൽ ഒരാളയുള്ള വളർച്ചയ്ക്ക് ഗതിവേഗം വന്നത്.
1966-ൽ പൂർണ പബ്ലിക്കേഷൻസ് ആരംഭിച്ചു. പൂർണ്ണയിലൂടെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ ഏഴായിരത്തോളം പുസ്തകങ്ങളാണ് പുറത്ത് വന്നത്.
സാമ്പത്തികമായി അത്രയൊന്നും ആകർഷിക്കുന്ന ഒന്നായിരുന്നില്ല ഒരു കാലത്തും പുസ്തക പ്രസാധനവും വിപണനവും. സാംസ്കാരിക ഉത്പന്നം എന്ന പ്രധാന്യം ഉള്ളപ്പോഴും സാമ്പത്തിക സാധ്യതകളില്ലാത്തതിനാൽ അധികമാളുകളും ഈ രംഗത്തേക്ക് വരാൻ മടിച്ചു. ഇത്തരമൊരു കാലത്താണ് പത്രവിൽപ്പനയിലൂടെ പുസ്തക വിൽപ്പനയിലേക്ക് കടന്നുവന്ന് അതിസാഹസികമായി മാരാർ ഉയരങ്ങൾ കീഴടക്കിയത്. പുസ്തക വിതരണ രംഗത്തെന്നപോലെ മലയാള പ്രസിദ്ധീകരണ രംഗത്തും അദ്ദേഹത്തിന് വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു.
മാരാരുടെ ആത്മകഥ കണ്ണീരിന്റെ മാധുര്യം ഏറെ ശ്രദ്ധേയമായിരുന്നു. അക്ഷരങ്ങൾ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയിൽ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂർവരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിൾ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയിൽ മാരാർ രേഖപ്പെടുത്തിയിട്ടുണ്ട്. ടി ബി എസ്. ബുക്സ്റ്റാൾ, പൂർണ പബ്ലിക്കേഷൻസ് എന്നീ സ്ഥാപനങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളർന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, എല്ലാവരോടും സമഭാവനയോടെ ഇടപെട്ടു അദ്ദേഹം. റോട്ടറി ക്ലബ്ബ് അംഗങ്ങൾക്ക് പുസ്തമെത്തിച്ചുകൊടുത്തിരുന്ന ആറാംക്ലാസുകാരൻ പിന്നീട് അതിന്റെ പ്രസിഡന്റായി. പ്രസാധനമേഖലയിലെ വിവിധ സംഘടനകളുടെ നായകത്വവും ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബാലറാം മാരാരുടെ അടുത്ത ബന്ധുവായിരുന്നു. ഭാര്യ: സരോജം. മക്കൾ: എൻ ഇ മനോഹർ, ഡോ. അനിത. മരുമക്കൾ: പ്രിയ, ഡോ. സേതുമാധവൻ. സംസ്‌ക്കാരം നാളെ മൂന്നിന് മാവൂർ റോഡ് ശ്മശാനത്തിൽ.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.