ഹൈദരാബാദ്: 23 ദിവസത്തെ തുടർച്ചയായ ആശുപത്രി വാസത്തിനും രക്ഷിക്കാനായി.തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു.40 വയസ്സായിരുന്നു.ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്റെ 'യുവഗലം' യാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് താരകരത്‌ന കുഴഞ്ഞുവീണത്.പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇടയ്ക്ക് മോശമായിരുന്നെങ്കിലും പിന്നാലെ മാറ്റങ്ങൾ കണ്ടിരുന്നു.എന്നാൽ പ്രതീക്ഷകൾ അസ്ഥാനാത്താക്കി കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

തെലുഗു ഇതിഹാസതാരവും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻടിആറിന്റെ പേരക്കുട്ടിയാണ് താരക രത്‌ന. അദ്ദേഹത്തിന്റെ അച്ഛൻ നന്ദമുരി മോഹൻ കൃഷ്ണ തെലുഗിലെ അറിയപ്പെടുന്ന ഛായാഗ്രാഹകൻ ആയിരുന്നു. നായകനായും വില്ലനായും തെലുഗുസിനിമയിൽ സജീവമായി തുടർന്ന താരമാണ് നന്ദമുരി താരകരത്‌ന.

ബന്ധു കൂടിയായ നാരാ ലോകേഷിന്റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരിൽ വച്ച് താരകരത്‌ന കുഴഞ്ഞുവീണത്.പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങൾക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിൽ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബെംഗളുരുവിലെ നാരായണ ഹൃദയാലയയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അന്ന് രാത്രി തന്നെ താരകരത്‌നയെ മാറ്റി.ബലൂൺ ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ജീവൻ രക്ഷിക്കാനായില്ല.

2002-ൽ ഒകടോ നമ്പർ കുർറാഡു എന്ന ചിത്രത്തിലൂടെയാണ് താരകരത്ന തെലുങ്ക് സിനിമയിൽ കാലെടുത്തുവെയ്ക്കുന്നത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മനമന്തയിൽ മോഹൻലാൽ ആയിരുന്നു നായകൻ. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ്സീരീസിലും താരകരത്ന മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

അലേഖ്യ റെഡ്ഡിയാണ് താരക രത്‌നയുടെ ഭാര്യ. ഒരു മകളുണ്ട്.തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്ന.