മലപ്പുറം: മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരണപ്പെട്ട മലയാളി സൈനികൻ എടപ്പാൾ കാവിൽപടി പടിഞ്ഞാക്കര വീട്ടിൽ ഹവിൽദാർ സുമേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.

ജോലിസ്ഥലത്തുവെച്ച് മസ്തിഷ്‌കാഘാതം വന്ന മരണപ്പെട്ട മലയാളി സൈനികൻ സുമേഷിനെ ജമ്മു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി എട്ടോടെ മരണപ്പെടുകയായിരുന്നു. 15 വർഷത്തോളമായി സൈന്യത്തിലായിരുന്നു. സെക്കന്തരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ പോകുംവഴി രണ്ടാഴ്ച മുൻപ് നാട്ടിൽ വന്നുപോയതാണ്.

മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്തുനിന്ന് വിലാപയാത്രയായിട്ടായി രുന്നു മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനു വെച്ച ശേഷം ഉച്ചക്ക് 2.30 തോടെ സൈനിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. 122 ഐ എൻ എഫ് ബറ്റാലിയൻ മദ്രാസ് കാലിക്കറ്റ് വെസ്റ്റ്ഹിൽ ക്യാപ്റ്റൻ അങ്കിത് ത്യാഗിയുടെയും, സുബൈദാർ രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സൈനിക ആദരവ് അർപ്പിച്ചത്. നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നത്.

കെ.ടി ജലീൽ എംഎ‍ൽഎ, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം.കെ.തിരുത്തി തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.