മിഖായേൽ ഗോർബചേവ് തന്റെ 91-ാം വയസ്സിൽ ഓർമ്മയാകുമ്പോൾ മറിയുന്നത് ചരിത്ര പുസ്തകത്തിലെ മറ്റൊരു താൾ തന്നെയാണ്. ലോക രാഷ്ട്രീയത്തിന്റെ ഗതിയെ ഗോർബചേവിനോളം സ്വാധീനിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നു തന്നെ പറയാം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആവിർഭവിച്ച ദ്വിധ്രുവ ലോകത്തെ മാറ്റിമറിച്ച ഗോർബചേവ് അത്യുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് ഏറെ പ്രിയപ്പെട്ടവൻ ആയപ്പോൾ മറ്റൊരു കൂട്ടർക്ക് വെറുക്കപ്പെട്ടവൻ ആകുകയായിരുന്നു. 

സ്റ്റാലിൻ പടുത്തുയർത്തിയ ഉരുക്കുകോട്ടയിൽ വിള്ളലിട്ട് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് തന്നെ കാരണമായ ഗോർബചേവ് വ്ളാഡിമിർ പുടിനെ പോലുള്ള അതീതീവ്ര ദേശീയവാദികളാൽ ഇന്നും അപലപിക്കപ്പെടുന്ന നേതാവാണ്. ദീർഘകാലമായി വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയനായി കൊണ്ടിരുന്ന അദ്ദേഹം മോസ്‌കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യ ശാസനം വലിച്ചത്. ഇന്റർഫാക്സ്, ടാസ്സ്, ആർ ഐ എ നൊവോസ്റ്റി തുടങ്ങിയ മാധ്യങ്ങളായിരുന്നു ഈ വിവരം ആദ്യം പുറത്തുവിട്ടത്.

ഏഴുവർഷത്തിൽ താഴെ മാത്രം അധികാരത്തിലിരുന്ന മിഖായേൽ ഗോർബചേവ് പക്ഷെ ഈ ഹ്രസ്വകാലയളവിനുള്ളിൽ തന്നെ ചരിത്രം മാറ്റിക്കുറിക്കുന്ന പല സംഭവങ്ങൾക്കും തുടക്കം കുറിച്ചു. സ്റ്റാലിൻ പടുത്തുയർത്തിയ കിഴക്കൻ യൂറോപ്യൻ സാമ്രാജ്യത്തെ തകർത്തുകൊണ്ട് പോളണ്ട്, യുക്രെയിൻ, ബാൾട്ടിക് റിപ്പബ്ലിക്കുകൾ തുടങ്ങിയ പല രാജ്യങ്ങളിലും നൂറ്റാണ്ടുകളായി തുടർന്നിരുന്ന റഷ്യൻ അപ്രമാദിത്തം അദ്ദേഹം അവസാനിപ്പിച്ചു. മാത്രമല്ല, ലോകത്തെ എന്നും മുൾമുനയിൽ നിർത്തിയിരുന്ന, പാശ്ചാത്യശക്തികളുമായുള്ള ആണവ മത്സരവും അവസാനിപ്പിച്ചു.

യു എസ് എസ് ആറിന്റെ പതനമാണ് 20-ാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഏറ്റവും വലിയ ദുരന്തം എന്ന് പറഞ്ഞിരുന്ന വ്ളാഡിമിർ പുടിൻ ഗോർബചേവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം, ബോറിസ് ജോൺസൺ ഉൾപ്പടെയുള്ള പാശ്ചാത്യ നേതാക്കൾ ബഹുമാനിക്കപ്പെട്ട വ്യക്തിത്വം എന്നായിരുന്നു ഗോർബചേവിനെ വിശേഷിപ്പിച്ചത്. ചരിത്രത്തിന്റെ ഗതി മാറ്റി വരച്ചയാൾ എന്നായിരുന്നു യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശീതയുദ്ധം അവസാനിപ്പിക്കുവാനും, ലോകത്ത് സമാധാനം കൊണ്ടുവരാനും മറ്റേതൊരു വ്യക്തിയേക്കാൾ കൂടുതൽ നിർണ്ണായകമായ പങ്കു വഹിച്ചയാൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1985-ൽ തന്റെ 54-ാം വയസ്സിൽ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ തകർച്ചയെ അഭിമുഖീകരിക്കുന്ന ഒരു സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന് ഭരിക്കാൻ ലഭിച്ചത്. പരിമിതമായ രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ അനുവദിച്ചുകൊണ്ട് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആയിരുന്നു അദ്ദേഹം സ്വീകരിച്ചത്. അന്നുവരെ സോവിയറ്റ് യൂണിയനിൽ ആരും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം (ഗ്ലാസ്സ്നോസ്ത്) അനുവദിച്ചതോടെ പാർട്ടിക്കെതിരായി പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്ന് വന്നത്.

എന്നാൽ, അന്നത്തെ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന വിവിധ ദേശീയതകൾ ഉയർന്ന് വരുവാനും ഇത് ഇടയാക്കി. ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ ബാൾട്ടിക് പ്രദേശങ്ങൾ സ്വാതന്ത്ര്യത്തിനായി പോർവിളി കൂട്ടാൻ തുടങ്ങി. തുടർന്ന് അത് മറ്റ് സോവിയറ്റുകളിലേക്കും വ്യാപിച്ചു. 1989 - ൽ ഉയർന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പക്ഷെ ഗോർബചേവ് തന്റെ മുൻഗാമികളെ പോലെ ബലം പ്രയോഗിച്ചില്ല. 1956-ൽ ഹംഗറിയിലും 1968 -ൽ ചെക്കോസ്ലോവാക്യയിലും സംഭവിച്ചതുപോലെ ടാങ്കുകൾ പ്രതിഷേധക്കാരുടെ നെഞ്ചത്തുകൂടി ഓടിക്കയറിയില്ല. എന്നാൽ അതേ വർഷംചൈനയിൽ ഉണ്ടായ പ്രക്ഷോഭം ക്രൂരമായ രീതിയിൽ അടിച്ചമർത്തപ്പെടുകയായിരുന്നു.

എന്നിരുന്നാലും 15 റിപ്പബ്ലിക്കുകളുടെ സ്വയംഭരണാവകാശം വകവെച്ചു കൊടുക്കാൻ ഗോർബചേവിന്റെ ഭരണകൂടം തയ്യാറായില്ല. 1991 ആഗസ്റ്റിൽ ഗോർബചേവിനെ അട്ടിമറിക്കാൻ ഒരു ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല,. എന്നാൽ, ഏറെ നാൾ അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. എതിരാളിയായ ബോറിസ് യെല്റ്റ്സിൻ കൂടുതൽ ശക്തിയായി തിരിച്ചടിച്ച്തോടെ കൃസ്ത്മസ് ദിനത്തിൽ അധികാരമൊഴിയുകയായിരുന്നു മിഖായേൽ ഗോർബചേവ്. അവിടെ തുടങ്ങുകയായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.

പാശ്ചാത്യ രജ്യങ്ങൾ ഏറെ ആഘോഷിച്ച ഒന്നായിരുന്നു ഈ പതനം. എന്നാൽ, റഷ്യൻ ജനതക്ക് അത് ഒരിക്കലും ഉൾക്കൊള്ളാനായില്ല. ജനാധിപത്യത്തിന് അവർ കൊടുക്കേണ്ടി വന്ന വില ഏറെ വലുതായിരുന്നു. ജീവിത നിലവാരം കുത്തനെ താഴ്ന്ന റഷ്യൻ ജനത പട്ടിണിയും പരിവട്ടവും ഏറെ അനുഭവിച്ചു. ഗോർബചേവിന്റെ നയങ്ങൾ റഷ്യാക്കാർക്കിടയിൽ ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ, ഒരു ആണവായുധ ശക്തിയായ രാജ്യത്തിനകത്ത് കലാപമുണ്ടായാലുള്ള ഭീകരത ഭയന്നായിരുന്നു താൻ അന്ന് പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശക്തി പ്രയോഗിക്കാതിരുന്നതെന്ന് കാൽ നൂറ്റാണ്ടിനു ശേഷം ഗോർബ ചേവ് പറഞ്ഞിരുന്നു.

വലിയൊരു പരിവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഗോർബചേവിന്റെ ഭരണം ആരംഭിച്ചതെങ്കിലും, അതുയർത്തിയ കൊടുങ്കാറ്റി അദ്ദേഹത്തിന്റെ അധികാരം തന്നെ നഷ്ടപ്പെടുകയായിരുന്നു. എന്നിരുന്നാൽ പോലും രണ്ടാം കോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്ത് ഇത്രയധികം പരിവർത്തനങ്ങൾക്ക് കാരണമായ മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്നു തന്നെ പറയാം. 1992- അസ്സോസിയേറ്റ് പ്രസ്സിനു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, രാജ്യത്തിനും, യൂറോപ്പിനും, ലോകത്തിനും ആവശ്യമായിരുന്ന ചില പർഷ്‌കാരങ്ങൾ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് തന്നെ താൻ വിലയിരുത്തുന്നത് എന്നായിരുന്നു.

ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത വ്യക്തി എന്നനിലയിൽ അദ്ദേഹത്തിന് 1990-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പുരസ്‌കാരങ്ങളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു. ലോകം മുഴുവൻ ആരാധിക്കപ്പെട്ടപ്പോഴും സ്വന്തം നാട്ടിൽ അദ്ദേഹം ഏറ്റവുമധികം വെറുക്കപ്പെട്ടവൻ ആയി മാറിക്കഴിഞ്ഞിരുന്നു. സ്വന്തം അധികാരം പോലും നഷ്ടപ്പെടുത്തി അദ്ദേഹം അവസാനിപ്പിച്ച ശീതയുദ്ധം ഉയർത്തെഴുന്നേൽക്കാൻ ആരംഭിക്കുന്നതും തന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന് കാണേണ്ടി വന്നു.

യുക്രെയിൻ ആക്രമണത്തോടെ വീണ്ടും പാശ്ചാത്യ ചേരികൾ റഷ്യക്ക് എതിരായി തിരിഞ്ഞ സാഹചര്യത്തിലാണ് ഗോർബചേവ് മരണമടയുന്നത്. സോവിയറ്റ് യൂണിയന്റെ മനപ്പൂർവ്വം തകർത്ത ചതിയൻ എന്നായിരുന്നു കുറച്ചു നാൾക്ക് മുൻപ് ഒരു റഷ്യൻ പട്ടാള ഉദ്യോഗസ്ഥൻ പറഞ്ഞത്. അതേസമയം ഇക്കഴിഞ്ഞ ജൂൺ 30 ന് ഗോർബചേവിനെ ആശുപത്രിയിൽ എത്തി സന്ധർശിച്ച ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞൻ റൾസൻ ഗ്രിൻബെർഗ് പറഞ്ഞത് അദ്ദേഹം ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നു, പക്ഷെ അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു എന്നായിരുന്നു.

ഒരു ജീവിതം കൊണ്ടു തന്നെ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചുവോ അതെല്ലാം ഇല്ലാതെയാകുന്ന കാഴ്‌ച്ചകൾ കൂടി ഗോർബചേവിന് കാണേണ്ടി വന്നു. ഒരിക്കൽ അവസാനിപ്പിച്ച ശീതയുദ്ധം തിരികെ വരുന്നത് മാത്രമല്ല, തന്റെ അധികാരത്തിനു കീഴിൽ ഊട്ടിയുറപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെയാകുന്നതും അദ്ദേഹത്തിനു കാണേണ്ടി വന്നു. അതുമാത്രമല്ല, സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ വിവിധ ദേശീയതകളെ വീണ്ടും റഷ്യക്ക് കീഴിൽ കൊണ്ടു വരണമെന്ന മുറവിളിയും അദ്ദേഹത്തിനു കേൾക്കേണ്ടതായി വന്നു.

തെക്കൻ റഷ്യയിൽ സ്റ്റാവ്രോപോൾ മെഖലയിൽ ഒരു സാധാരണ കർഷക് കുടുംബത്തിൽ 1931 മാർച്ച് 2നായിരുന്നു മിഖായേൽ ഗോർബചേവിന്റെ ജനനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളും, സ്റ്റാലിന്റെ ഉരുക്കുഭരണവും ഒക്കെ അനുഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങൾ കടന്നുപോയത്. ഗോർബചേവിന്റെ മുത്തച്ഛനെ ഒമ്പത് വർഷത്തേക്ക് തടവ് ശിക്ഷക്ക് വിധിക്കുക പോലും ഉണ്ടായിട്ടുണ്ട്.

1950- ൽ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിനു ചേർന്ന ഗോർബചേവ് അഞ്ചു വർഷത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. 1979-ൽ ത ന്റെ 49-ാം വയസ്സിൽ അദ്ദേഹം പോളിറ്റ്ബ്യുറോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.