ലണ്ടൻ: എഴുപത്തിയൊന്നു വർഷം ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെയും അതുവഴി ലോകമഹായുദ്ധങ്ങൾക്കു ശേഷം ലോകത്തെ ഏറ്റവും പ്രശസ്തയായ രാജ്യാധികാരിയായി വിരാജിച്ച ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ (ക്യൂൻ എലിസബത്ത്-2) വിടവാങ്ങൽ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്. വിൻസ്റ്റൺ ചർച്ചിൽ മുതൽ കഴിഞ്ഞ ദിവസം ബാൽമോറൽ കൊട്ടാരത്തിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജ്ഞി ഔദ്യോഗികമായി നിയമിച്ച ലിസ് ട്രസ് വരെ 15 ബ്രിട്ടിഷ് പ്രധാനമന്ത്രിമാരെ സ്ഥാനമേറ്റിയ ശേഷമാണ് രാജ്ഞിയുടെ ഭരണകാലം അവസാനിക്കുന്നത്.

ഇതിനിടെയിൽ ലോകത്തിന്റെ പ്രിയപ്പെട്ട മുഖവുമായി രാജ്ഞി മാറി. സൗമ്യതയും പുഞ്ചിരിയുമായി തനിക്ക് മുമ്പിലുള്ളവരെ നേരിട്ട ഭരണാധികാരി. ഒരു രാജ്ഞിയും ഇത്രയധികം സ്‌നേഹിക്കപ്പെട്ടിട്ടുണ്ടാവില്ല. പതിനഞ്ച് ബ്രിട്ടിഷ് പ്രധാനമന്ത്രിമാർക്ക് എലിസബത്ത് രാജ്ഞിയുമായി ഇടപെട്ട് ഭരണസാരഥ്യം നിർവഹിക്കാനുള്ള സുവർണാവസരമുണ്ടായി. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അവസാനിച്ച്, നെൽസൻ മണ്ഡേലയുടെ വരവിനും സാക്ഷിയായി.

മൂന്നാം വയസിൽ ടൈം മാഗസിന്റെ കവർ ഗേളായി. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി പോലുമല്ലാതിരുന്ന കാലത്ത്, 'പിൻസസ് ലിലിബെറ്റ്', 1929 ഏപ്രിലിലെ ലക്കത്തിൽ മുഖചിത്രമായത്. 'കാലം എന്ന ടൈം' മുൻകൂട്ടികണ്ട ചരിത്രനിയോഗം. രാജകുമാരിയുടെ മൂന്നാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ആ കവർചിത്രം. കുട്ടി എലിസബത്തിന്റെ മഞ്ഞ ഫ്രോക്കായിരുന്നു അന്നത്തെ ചർച്ചാവിഷയം. ആ സമയത്തുകൊട്ടാരത്തിൽ ഒരിക്കൽ വാതിലിൽ മുട്ട് കേട്ടപ്പോൾ ആരാണതെന്ന അമ്മറാണിയുടെ ചോദ്യത്തിന് ലിലിബെറ്റ് ദ് പിൻസെസ് എന്ന മറുപടി പറഞ്ഞതാണ് ടൈം മാഗസിന്റെ കവറിൽ ഇടംപിടിച്ചത്. ഫാഷനിലും അവർ വിപ്ലവം തീർത്തു. തൊണ്ണൂറ്റിയാറാം വയസിലും എലിസബത്ത് രാജ്ഞിയുടെ ഡ്രസ്സുകളും ഹാറ്റുകളുമൊക്കെ ഹോട്ട് സെല്ലർ തന്നെ.

ടൈം മാഗസിൻ അതേകുട്ടിയുടെ മറ്റൊരു കവർചിത്രത്തിലൂടെ 1947 മാർച്ചിൽ വീണ്ടും ഞെട്ടിച്ചു. പ്രിൻസസ് എലിസബത്ത്- ഫോർ ആൻ എയ്ജിങ് എംപയർ, എ ഗേൾ ഗൈഡ്? എന്ന ചോദ്യചിഹ്നവുമായി. അഞ്ചു വർഷം കഴിയുംമുൻപ്, 1952 ഫെബ്രുവരിയിൽ ഒരിക്കൽക്കൂടി പഴയ പിൻസസ് ലിലിബെറ്റ് ടൈം കവർ ചിത്രമായി. ഇക്കുറി ബ്രിട്ടിഷ് പതാകാനിറങ്ങളുടെ പശ്ചാത്തലത്തിലേക്ക് ആ കുട്ടി വളർന്നിരുന്നു. തലക്കെട്ട് പിൻസസും പ്രിൻസസും കടന്ന് ക്വീനിലെത്തിയിരുന്നു എന്നു മാത്രം. ക്വീൻ എലിസബത്ത്- ദ് ക്രൗൺ റിമെയ്ൻസ്, ദ് സിംബൽ ലിവ്‌സ് എന്ന അടിക്കുറിപ്പോടെ. അധികം താമസിയാതെ വീണ്ടും മുഖചിത്രമായി- വിമൻ ഓഫ് ദ് ഇയർ പട്ടവുമായി. ഓൺ എ ഹാർഡി സ്റ്റാക്ക്, ന്യൂ ബ്‌ളൂം എന്നതായി അടിക്കുറിപ്പ്.

ഏഴ് വർഷങ്ങൾക്കുശേഷം എലിസബത്ത് രാജ്ഞി പിന്നെയും ടൈം മാഗസിന്റെ മുഖചിത്രമായി. കോമൺവെൽത് രാജ്യമായ കാനഡയിലെ സന്ദർശനകാലത്തായിരുന്നു അത്. 1959ൽ. ക്രൗൺ ആൻഡ് കോമൺവെൽത്, കാനഡാസ് ക്വീൻ ഓൺ ടൂർ എന്നതായിരുന്നു ചർച്ചാവിഷയം. ടൈമിന്റെ യൂറോപ്യൻ എഡിഷനിൽ എൺപതാം പിറന്നാൾ വേളയിൽ വീണ്ടും എത്തി. ആറ് വർഷത്തിനുശേഷം വീണ്ടും ടൈമിന്റെ പുറംതാളിൽ. ദ് ഡയമണ്ട് ക്വീൻ എന്ന തലക്കെട്ടോടെ, സ്ഥാനാരോഹണത്തിന്റെ അറുപതാം വാർഷികവേളയിൽ

ആദ്യ ലൈവും അധികാരമേൽക്കലും

എലിസബത്തിന്റെ ജനനം 1926 ൽ. പിതാവ് 1936ൽ ജോർജ് ആറാമൻ രാജാവായി സ്ഥാനമേറ്റു. 1947ൽ ഫിലിപ് മൗണ്ട്ബാറ്റനുമായി വിവാഹം(ഡാനിഷ് ഗ്രീക്ക് രാജകുടുംബാംഗമായ ഫിലിപ്പോസ് ആൻഡ്രു അഥവാ ഫിലിപ് ആൻഡ്രു രാജകുമാരൻ വിവാഹത്തിനു മുൻപ് അമ്മയുടെ കുടുംബപ്പേരായ മൗണ്ട്ബാറ്റൻ സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു). 1952ൽ പിതാവിന്റെ വിയോഗത്തെത്തുടർന്ന് ഇരുപത്തിയഞ്ചാം വയസിൽ ബ്രിട്ടന്റെ രാജ്ഞിയായി. ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ ലൈവ് സംപ്രേഷണമായും അതും രേഖപ്പെടുത്തുന്നു. അവിടുന്നങ്ങോട്ട് ബക്കിങ്ങാം കൊട്ടാരത്തിലിരുന്ന് സാക്ഷ്യംവഹിച്ചതും കടന്നുപോയതും ലോകത്തിന്റെ മാറ്റങ്ങളിലൂടെയാണ്. ബ്രിട്ടന്റെ കോളനികളിലായിരുന്ന രാജ്യങ്ങളിലെയും കോമൺവെൽത് രാജ്യങ്ങളിലെയുമൊക്കെ ഓരോ മാറ്റങ്ങൾക്കും എലിസബത്ത് രാജ്ഞി സാക്ഷ്യംവഹിച്ചു, അവരെല്ലാം രാജ്ഞിയെ സ്‌നേഹിച്ചു. യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പിന്മാറുന്നതിനും സാക്ഷിയായി.

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നു. അക്കാലത്ത് നെഹ്‌റു നടത്തിയ ആദ്യത്തെ ടെലിവിഷൻ അഭിമുഖം അടുത്തകാലത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നെഹ്‌റു മുതൽ നരേന്ദ്ര മോദി വരെയുള്ള മുഴുവൻ പ്രധാനമന്ത്രിമാരുടെയും വരവും കാണാനായി. യുദ്ധങ്ങൾ, രാജാധികാരം അവസാനിപ്പക്കൽ, ജനാധിപത്യം അട്ടിമറിക്കൽ, അധികാരമാറ്റങ്ങൾ, അട്ടിമറികൾ- ആധുനികകാലഘട്ടത്തിലെ എല്ലാ രാഷ്ട്രീയമാറ്റങ്ങൾക്കും നിശബ്ദസാക്ഷ്യമാകാൻ എലിസബത്ത് രാജ്ഞിക്കായി. അധികാര കസേരയിലെ രാജ്ഞിയുടെ തീരുമാനമൊന്നും വിവാദമായി മാറിയില്ല. അതും അവരെ ശ്രദ്ധേയയാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവു കൂടിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ൽ രാജ്ഞിയുടെ കിരീടധാരണം നടക്കുമ്പോൾ ജവഹർലാൽ നെഹ്‌റുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. നെഹ്‌റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പല ഇന്ത്യൻ നേതാക്കളുമായും രാജ്ഞിക്ക് അടുത്ത വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും അടുപ്പം ഇന്ദിരാഗാന്ധിയോടും. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും പ്രത്യേക താൽപര്യം പുലർത്തുന്നതിലും രാജ്ഞി ശ്രദ്ധപുലർത്തി.

കുതിര സവാരിയും നൃത്തവും

ചൊവ്വാഴ്ച രാവിലെ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസണും തുടർന്ന് പുതിയ പ്രധാനമന്ത്രി ലിസ് ട്രസും രാജ്ഞിയെ സ്‌കോട്ട്‌ലൻഡിലെ ബാർമോറൽ കൊട്ടാരത്തിലെത്തി സന്ദർശിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി ബക്കിങ്ങാം പാലസിനു പുറത്ത് സ്ഥാനമേറ്റതും ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ബാർമോറൽ കൊട്ടാരത്തിൽ രാജ്ഞി വിശ്രമിച്ച ഇത്തവണയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്ത് ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ ബ്രിട്ടിഷ് മാധ്യമങ്ങളിൽ അച്ചടിച്ചുവന്നതിനു മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞിയുടെ ആരോഗ്യനില വഷളായെന്ന വാർത്തയും പുറത്തുവന്നത്. പിന്നീട് അത് മരണ വാർത്തയായി.

രാജഭരണത്തെ അപ്പാടെ എതിർക്കുന്ന ഒരുവിഭാഗം ആളുകൾ ബ്രിട്ടനിലുണ്ടെങ്കിലും രാജ്ഞിയും കൊട്ടാരവും രാജകുടുംബാംഗങ്ങളുമെല്ലാം മഹാഭൂരിപക്ഷം ബ്രിട്ടിഷുകാർക്കും ആരാധനാ ബിംബങ്ങൾ തന്നെയാണ്. കൊട്ടാരത്തിൽ അതിഥികളായെത്തിയ അമേരിക്കൻ പ്രസിഡന്റുമാരൊടൊത്ത് അത്താഴവിരുന്നിന്റെ ഭാഗമായി ചെറിയ നൃത്തച്ചുവടുകൾ വയ്ക്കാനും ചിലർക്കൊപ്പം കുതിരസവാരി നടത്താനുമെല്ലാം ആദ്യകാലങ്ങളിൽ രാജ്ഞി മടികാട്ടിയിരുന്നില്ല.

താൻ അധികാരത്തിലെത്തുംമുമ്പ് യുഎസ് പ്രസിഡന്റായിരുന്ന രണ്ടുപേരെ പിന്നീട് നേരിൽ കണ്ട ചരിത്രമുണ്ട് രാജ്ഞിക്ക്. 1929-33 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ഹെർബർട്ട് ഹൂവറിനെ 1957ലെ അമേരിക്കൻ സന്ദർശനത്തിലായിരുന്നു രാജ്ഞി നേരിൽകണ്ടത്. 1945-53 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാനെ1951ൽ കാണുമ്പോൾ രാജ്ഞി അധികാരകിരീടം അണിഞ്ഞിരുന്നില്ല. രാജകുമാരിയായിരിക്കെയാണ് അന്ന് ട്രൂമാനും ഭാര്യയും ചേർന്ന് അമേരിക്കയിലെത്തിയ എലിസബത്തിന് വിരുന്നു നൽകിയത്.