- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരാനോവായി കുഞ്ഞു മിൻസ; അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം ചിങ്ങവനത്തെ വീട്ടുമുറ്റത്ത് സംസ്‌കരിച്ചു; അവസാനമായി ഒരു നോക്ക് കാണാനെത്തിയത് ആയിരങ്ങൾ
കോട്ടയം: ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മരിച്ച നാലുവയസ്സുകാരി മിൻസാ മറിയം ജേക്കബിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു. മകൾ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകൾ ഒഴിവാക്കി മിൻസയുടെ സംസ്‌കാരത്തിനായി വീട്ടുമുറ്റത്ത് തന്നെ ഇടമൊരുക്കിയത്.
ചിങ്ങവനത്തെ കൊച്ചുപറമ്പിൽ വീടിന്റെ പരിസരത്തെല്ലാം മിൻസ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയിൽനിന്നു പുറപ്പെട്ട മൃതദേഹം, മകൾ ഓടിനടന്ന മുറ്റത്തേക്കു പ്രവേശിച്ചപ്പോൾ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. രണ്ടുദിവസം നീണ്ട പരിശോധനകൾക്കു ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്.
നാലാം ജന്മദിനാഘോഷം കഴിഞ്ഞ് സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കൊടുവിലായിരുന്നു മിൻസയുടെ ദാരുണ മരണം. സ്‌കൂൾ ബസിൽ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണു ദുരന്തത്തിന് ഇടയാക്കിയത്. കൊടും ചൂടിൽ മണിക്കൂറുകളോളം ബസിനുള്ളിൽ കുടുങ്ങിപ്പോയതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. മണിക്കൂറുകൾക്ക് ശേഷം 11.30ഓടെ ജീവനക്കാർ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളിൽ അവശ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഖത്തറിൽ മലയാളി വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിന്റെ മരണത്തിന് കാരണമായത് സ്‌കൂൾ ജീവനക്കാരുടെ അശ്രദ്ധയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉത്തരവാദികൾക്കെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു.
after the investigation proved the negligence of the workers, who were subjected to the most severe penalties. The Ministry renews its commitment to ensuring the safety and security of our students in our various educational institutions.
- وزارة التربية والتعليم والتعليم العالي (@Qatar_Edu) September 13, 2022
നാല് വയസുകാരിയായ മിൻസ പഠിച്ചിരുന്ന അൽ വക്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർ ഗാർഡൻ വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കൈമാറിയ മിൻസയുടെ മൃതദേഹം ഇന്ന് രാവിലെയാണ് നാട്ടിലെത്തിച്ചത്.