ൽഹി എന്ന മഹാനഗരത്തിൽ ഏകാന്തതയുടെ തടവറ സൃഷ്ടിച്ച് ജീവിച്ച മലയാളിയായ എഴുത്തുകാരൻ വി. ബ്രൈറ്റ് സെഗൽ യാത്രയായി. അമേരിക്കയിലും ബ്രിട്ടനിലും അറിയപ്പടുന്ന എഴുത്തുകാരനായിരുന്നു ബ്രൈറ്റ് സെഗൽ. എന്നാൽ പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി തിരിച്ചറിയാതെ പോയസാഹിത്യകാരനായിരുന്നു സെഗൽ. സിവിൽ സർവീസ് സ്വപ്‌നം കണ്ട് ഡൽഹിയിലെത്തി നടക്കാതെ പോയപ്പോൾ എഴുത്തിന്റെ തടവറയൊരുക്കി 33 വർഷം ഏകാന്തതയിൽ ജീവിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലയളവിൽ ഒരിക്കൽ പോലും സ്വന്തം നാടായ കേരളത്തിന്റെ മണ്ണിലേക്ക് എത്തി നോക്കിയതു പോലും ഇല്ല.

കഴിഞ്ഞ സെപ്റ്റംബർ 19ന് രാത്രിയിൽ ഡൽഹിയിലെ വാടക മുറിയിൽ ആരുടെയും കരുതൽ ലഭിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇതിനകം സൈഗലിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് കഥകളും കവിതകളുമായി നിരവധി പുസ്തകങ്ങളാണ്. പ്രസിദ്ധീകരിക്കപ്പെട്ടത് അമേരിക്കയിലാണെന്നു മാത്രം. ആമസോണിൽ നിരവധി പുസ്തകങ്ങൾ വിൽപനയിലുണ്ട്. അമേരിക്കൻ നോവലിസ്റ്റ് ബാർബറ വാട്കിൻസ് ഇദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞു നിർബന്ധിച്ചതോടെയാണ് സാഹിത്യ രചനയിലേയ്ക്കു തിരിയുന്നത്.

നഷ്ടത്തിന്റെ, പ്രണയത്തിന്റെ വേദനയുടെ, വിഷാദത്തിന്റെ ഒപ്പം സന്തോഷത്തിന്റെയും വരികളാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ദ് സ്പ്രിങ് കവിതാ സമാഹാരത്തിലുള്ളത്. കൂടാതെ നിഗൂഢ മുഹൂർത്തങ്ങളും സസ്‌പെൻസുകളുമായി ഒരുപിടി ഫിക്ഷനുകൾ, സ്‌കൂൾ, ബിരുദ വിദ്യാർത്ഥികൾക്കായി എഴുതിക്കൂട്ടിയ അക്കാദമിക് ഗ്രന്ഥങ്ങൾ, കോർപ്പറേറ്റ് സിനിമകൾക്കുള്ള തിരക്കഥയും സംവിധാനവും അങ്ങനെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ള സൃഷ്ടികൾ കുറച്ചൊന്നുമല്ല. ജനിച്ച നാട്ടിൽ അംഗീകാരം ലഭിച്ചില്ലെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ കവിയെയും കവിതയും ശ്രദ്ധിക്കപ്പെട്ടതായി ആമസോൺ എഴുത്തുകാരെക്കുറിച്ചുള്ള കുറിപ്പിൽ പറയുന്നു.

നിരവധി കോർപ്പറേറ്റ് സിനിമകൾക്കു തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് വാടക വീടിന്റെ ഉടമ സഹോദരന്റെ ആരോഗ്യ വിവരം അറിയിച്ചതിനെ തുടർന്നാണ് നാട്ടിലുള്ള ഏക സഹോദരൻ വിനോദ് ഡൽഹിയിൽ എത്തിയത്. വീട്ടുടമ പഴയ ഡയറിത്താളുകളിൽ നിന്നു നമ്പർ കണ്ടെത്തി വിളിക്കുകയായിരുന്നത്രെ. ചെല്ലുമ്പോഴേയ്ക്കും മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ലോഡി റോഡിലെ ശ്മശാനത്തിൽ ദഹിപ്പിച്ചു.