- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 പുസ്തകങ്ങളും പന്ത്രണ്ടു ശാസ്ത്ര പ്രബന്ധങ്ങളും നൂറിലധികം ശാസ്ത്ര ലേഖനങ്ങളും; പലമേഖലകളിൽ കയ്യൊപ്പു ചാർത്തിയ സകലകലാവല്ലഭൻ: അന്തരിച്ച ഡോ. എ.അച്യുതന് കേരളത്തിന്റെ അന്ത്യാഞ്ജലി: മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ചു ഗവ. മെഡിക്കൽ കോളേജിന് കൈമാറും
കോഴിക്കോട്: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എൻജിനീയറിങ് അദ്ധ്യാപകനുമായ ഡോ. എ.അച്യുതന് (89) കേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറിയും പലതവണ പ്രസിഡന്റുമായിരുന്ന അദ്ദേഹം പലമേഖലകളിൽ കയ്യൊപ്പു ചാർത്തിയ സകലകലാവല്ലഭനായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ചു ഗവ. മെഡിക്കൽ കോളജിനു നൽകും.
ശാസ്ത്രജ്ഞൻ, അദ്ധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, സമരനായകൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് സാരഥി തുടങ്ങി പല മേഖലകളിൽ സജീവമായിരുന്നു അദ്ദേഹം. കേരള പരിസര സംരക്ഷണ സമിതി (സ്‌പെക്) യുടെ സ്ഥാപകാംഗമാണ്. 'പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്കു കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം ലഭിച്ചു. 20 പുസ്തകങ്ങളും വിവിധ രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലായി പന്ത്രണ്ടു ശാസ്ത്ര പ്രബന്ധങ്ങളും നൂറിലധികം ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
1933 ഏപ്രിൽ 3ന് ഇരിങ്ങാലക്കുട അവിട്ടത്തൂർ വാരിയത്ത് ജനിച്ച അദ്ദേഹത്തിന് കോഴിക്കോട് ആയിരുന്നു കർമമണ്ഡലം. കേരള സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദവും മദ്രാസ് ഐഐടിയിൽ നിന്നു പിഎച്ച്ഡിയും നേടി. കുറച്ചുകാലം പൊതുമരാമത്തു വകുപ്പിൽ ജോലി ചെയ്തു. പിന്നീട് തൃശൂർ, തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജുകളിലും കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിലും അദ്ധ്യാപകനായി. കേരള പരിസ്ഥിതി സംരക്ഷണസമിതി, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി തുടങ്ങിയവയുടെ പ്രസിഡന്റും ശാസ്ത്രഗതി, ഒരേ ഭൂമി, സ്ഥപതി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരും ആയിരുന്നു.
മാസ്റ്റർ ബിരുദത്തിനായി യുഎസിലേക്ക് പോയതോടെ അച്യുതന്റെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു. സ്‌കോളർഷിപ്പോടെയായിരുന്നു പഠനം. സംഘടനാ രംഗത്തേക്ക് ഇറങ്ങുന്നത് അവിടെവച്ചാണ് യൂണിവേഴ്‌സിറ്റി ഇന്ത്യ അസോസിയേഷൻ സെക്രട്ടറിയായി. 13 മാസത്തെ സജീവമായ ക്യാംപസ് ജീവിതം. അതാണ് തന്നിലെ എഴുത്തുകാരനെ ഉണർത്തിയതെന്ന് അച്യുതൻ പറഞ്ഞിട്ടുണ്ട്.
ലബോറട്ടറികളിലെ പരീക്ഷണഫലം നാട്ടിൽ പ്രാവർത്തികമാക്കുക എന്ന നിയോഗവുമായാണ് കേന്ദ്രസർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിൽ ശാസ്ത്ര സാങ്കേതിക വ്യാവസായിക സംരംഭത്തിന്റെ പ്രോജക്ട് ഓഫിസറായത്. അങ്ങനെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റ് കട്ടകളും മണ്ണുകട്ടകളും ഇവിടെ പ്രചാരത്തിലെത്തിച്ചു. അതുപോലെ റബർ മരത്തിൽനിന്ന് ഫർണിച്ചർ നിർമ്മിക്കുന്നതും പ്രാവർത്തികമാക്കിയത് അക്കാലത്താണ്. വീട് എന്ന സ്വപ്നം ബാലികേറാമലയാകുന്നതിനു പകരം ചെലവു കുറഞ്ഞതാകണം എന്ന ചിന്തയിൽനിന്നാണ് 'വാസ്തു വിദ്യാ പ്രതിഷ്ഠാനം' എന്ന പ്രസ്ഥാനത്തിനു രൂപം നൽകിയത്. 1962ൽ പരിഷത്ത് സ്ഥാപിതമായതു മുതൽ സജീവ പ്രവർത്തകനായിരുന്നു.