- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു പതിറ്റാണ്ട് തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ടിച്ച ആറന്മുളക്ഷേത്ര കൈസ്ഥാനി കുടുംബാംഗം; അന്തരിച്ച സുബ്രഹ്മണ്യൻ മൂസതിന് നാടിന്റെ അന്ത്യാഞ്ജലി
ആറന്മുള: 40 വർഷക്കാലം ഓണത്തിന് ഉണ്ണാവ്രതം അനുഷ്ടിച്ചുപോന്ന തെക്കേടത്ത് ഇല്ലത്ത് സുബ്രഹ്മണ്യൻ മൂസത് (89) അന്തരിച്ചു. ആറന്മുള ക്ഷേത്രാചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ഉണ്ണാവ്രതം അനുഷ്ടിച്ചിരുന്ന അദ്ദേഹം ആറന്മുളക്ഷേത്ര കൈസ്ഥാനി കുടുംബാംഗമാണ്. മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്, ആറന്മുള പള്ളിയോട സേവാസംഘം ഭാരവാഹി, മല്ലപ്പുഴശ്ശേരി യുവജന വായനശാല രക്ഷാധികാരി എന്നീനിലകളിൽ പ്രവർത്തിച്ചു.
തിരുവോണനാളിൽ ജലപാനമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ഉണ്ണാവ്രതം. ഭാര്യ: പരേതയായ ശാന്താദേവി (തിരുമംഗലം ഇല്ലം, തൃപ്രങ്ങോട്). മക്കൾ: ജയശ്രീ, ശ്രീലത, ഉമാദേവി, ഗീതാദേവി, ശ്രീകല, ശ്രീവിദ്യ, ധന്യ, വിനീത്. മരുമക്കൾ: രവി, രമേഷ്, സായിനാഥ്, മണി, സുബ്രഹ്മണ്യ ശർമ, വാസുദേവൻ, അനിൽ കുമാർ, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 12.30-ന് വീട്ടുവളപ്പിൽ.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലും സാന്നിധ്യമായിരുന്നു മൂസത്. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ച ഇദ്ദേഹം മല്ലപ്പുഴശ്ശേരി യുവജന വായനശാലയുടെ രക്ഷാധികാരിയുമായിരുന്നു. വായനശാലയുടെ സ്ഥലം, ആറന്മുള പൊലീസ് ക്വാർട്ടേഴ്‌സ്, ആറന്മുള ക്ഷേത്രത്തിന്റെ തെക്കേനടയിലെ കാണിക്കവഞ്ചി, കാത്തിരിപ്പുകേന്ദ്രം എന്നിവയ്ക്കും സ്ഥലം സൗജന്യമായി നൽകിയത് തെക്കേടത്ത് ഇല്ലമാണ്. സുബ്രഹ്മണ്യൻ മൂസതും പരേതനായ സഹോദരൻ ഡോ. വി.വി.മൂസതും ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറിയായിരുന്നുവെന്നതും അപൂർവത.
പൂർവികർക്ക് അറിയാതെപറ്റിയ പിഴവിന് ഉണ്ണാവ്രതം
പൂർവികർക്ക് അറിയാതെപറ്റിയ പിഴവിന് പരിഹാരമായിരുന്നു ഈ വ്രതാചാരം. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കൈസ്ഥാനീയ അവകാശമുള്ള തെക്കേടത്ത് ഇല്ലത്തിലെ അംഗമായിരുന്നു മൂസത്. അഭിഭാഷകൻകൂടിയായിരുന്ന ഇദ്ദേഹത്തെ നാട്ടുകാർ വക്കീൽകുഞ്ഞെന്നാണ് വിളിച്ചിരുന്നത്. പുത്തേഴത്ത്, ചെറുകര, കണ്ണങ്ങാട്ട് മഠങ്ങളാണ് ആറന്മുളയിലെ മറ്റ് ഇല്ലങ്ങൾ. ആറന്മുളക്ഷേത്രം വക പുഞ്ചകളിൽ വിളയുന്ന നെല്ല് നിർധനർക്ക് അളന്നുനൽകുന്നത് ഈ കുടുംബങ്ങളായിരുന്നു.
തിരുവോണത്തലേന്ന് നെല്ലുവാങ്ങാൻ താഴ്ന്ന സമുദായാംഗമായ ഗർഭിണി എത്തിയതറിയാതെ കണ്ണങ്ങാട്ട് മഠത്തിലുണ്ടായിരുന്നവർ വാതിലടച്ചു. മഠത്തിനുമുൻപിൽ മഴ നനഞ്ഞുനിന്ന സ്ത്രീ മരിച്ചു. ഇവർ ശിലയായി മാറിയെന്നും വിശ്വാസമുണ്ട്. ഇതേത്തുടർന്ന് നടത്തിയ പ്രശ്‌നവിധിയിൽ എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കുന്ന തിരുവോണനാളിൽ ഈ കൈസ്ഥാനീയരിലെ കാരണവർ ഉണ്ണാവ്രതമിരിക്കണമെന്ന
വിധിയുണ്ടായി. രാവിലെമുതൽ ജലപാനമില്ലാതെയാണ് വ്രതം. വൈകീട്ട് ദീപാരാധനശേഷം ക്ഷേത്രത്തിൽനിന്ന് നൽകുന്ന കരിക്കും പഴവും കഴിച്ചാണ് പൂർത്തിയാക്കുന്നത്. നാലുപതിറ്റാണ്ട് സുബ്രഹ്മണ്യൻ മൂസത് ഉണ്ണാവ്രതമിരുന്നു. അനാരോഗ്യം കലശലായ രണ്ടുവർഷം മുമ്പുവരെ വക്കീൽകുഞ്ഞ് ഇത് നിറവേറ്റി.