- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ പോയി ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ച ഗവേഷകൻ; കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ വ്യക്തി; അന്തരിച്ച പ്രമുഖ മലയാളഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ ഡോ.സ്‌കറിയാ സക്കറിയയുടെ സംസ്ക്കാരം നാളെ
ചങ്ങനാശ്ശേരി: പ്രമുഖ മലയാളഭാഷാ പണ്ഡിതനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.സ്‌കറിയാ സക്കറിയ അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ് അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഗവേഷകനും മലയാള ഭാഷാ പണ്ഡിതനുമായിരുന്നു. ദീർഘകാലം ചങ്ങനാശ്ശേരി എസ്ബി കോളേജിലും തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായ സേവനം അനുഷ്ഠിച്ചു. മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങൾ ഡോ.സ്‌കറിയാ സക്കറിയ നടത്തിയിട്ടുണ്ട്. ജർമനിയിലെ ടൂബിങ്ങൻ സർവകലാശാലയിൽ നിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തിൽ ഏറെ പ്രധാനമാണ്.
ജർമനി, ഇസ്രയേൽ, അമേരിക്ക തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേർന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ഒട്ടേറെ ഗവേഷണ പദ്ധതികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം -കൾച്ചറൽ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തിൽ തുടക്കമിട്ടത് അദ്ദേഹമാണ്. മലയാള ഭാഷയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്
വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ പ്രധാനപ്പെട്ടവ മലയാളവഴികൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങൾ, ഭാഷാ ചരിത്രം, യഹൂദപഠനം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ, ഫോക്ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ മുതിർന്ന ഗവേഷകനാണ്.
ഓക്സ്ഫോഡ്, കേംബ്രിജ് തുടങ്ങി ഒട്ടേറെ വിദേശ സർവകലാശാലകളിൽ ക്ഷണം സ്വീകരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങി ഗവേഷണപ്രധാനമായ ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചു. താരതമ്യ പഠനസംഘം ( താപസം) എന്ന ഗവേഷക കൂട്ടായ്മ സ്ഥാപിച്ച് താപസം എന്ന പേരിൽ തുടങ്ങിയ റിസർച്ച് ജേണൽ യു ജി സി അംഗീകാരമുള്ള, മലയാളത്തിലെ മികച്ച ജേണലാണ്. മലയാള സർവകലാശാലയും അടുത്തിടെ എം.ജി. സർവകലാശാലയും ഡിലിറ്റ് നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.
ഭാര്യ മേരിക്കുട്ടി സ്‌കറിയ (കലേക്കാട്ടിൽ, കുമ്മണ്ണൂർ, പാല), മക്കൾ ഡോ. സുമ സ്‌കറിയ (കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി, ഗുൽബെർഗ), ഡോ. അരുൾ ജോർജ് സ്‌കറിയ (നാഷനൽ ലോ യൂണിവേഴ്സിറ്റി, ബെംഗളൂരു). മരുമക്കൾ: ഡോ.വി.ജെ. വർഗീസ് (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി), ഡോ. നീത മോഹൻ (പക്കത്ത്, പീരുമേട്).