- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് ജന്മനാടിന്റെ യാത്രാമൊഴി; സംസ്കാരം സൈനിക ബഹുമതികളോടെ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് വിട നൽകി ജന്മനാട്. കാസർകോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതുദർശനത്തിനു ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇരുപത്തിനാലാം വയസിൽ ജനമനസുകളിൽ ഇടംനേടിയാണ് ധീര ജവാന്റെ മടക്കം.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു. ചെറുവത്തൂർ കിഴക്കേമുറിയിൽ അശ്വിൻ സ്ഥിരമായി കബഡി കളിക്കാറുണ്ടായിരുന്ന മൈതാനത്തിന് സമീപമായിരുന്നു പൊതുദർശനം. ആയിരങ്ങളാണ് പ്രിയ സൈനികനെ കാണാൻ ഒഴുകിയെത്തിയത്. മൃതദേഹം കിഴക്കേമുറിയിലെ വീട്ടിലേത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങളാണുണ്ടായത്.
വീട്ടുവളപ്പിൽ അശ്വിന് അന്ത്യവിശ്രമത്തിന് സൗകര്യം ഒരുക്കിയിടത്തും ജനനിബിഡമായിരുന്നു. നിറകണ്ണുകളോടെ നിരവധി പേർ. ധീരജവാന് അന്ത്യാഞ്ജലി അർപ്പിച്ചു.പൊലീസിന്റേയും സൈന്യത്തിന്റേയും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു യാത്രയയപ്പ്..അശ്വിന്റെ സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
ചെറുവത്തൂർ കിഴേക്കമുറികാട്ടുവളപ്പിൽ അശോകന്റെ മകനാണ് അശ്വിൻ. സൈനിക ഹെലികോപ്ടർ അപകടത്തിൽ അശ്വിൻ മരിച്ച വിവരം കഴിഞ്ഞ ദിവസം വൈകിട്ടാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. 19ാം വയസിൽ ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായാണ് അശ്വിൻ സൈന്യത്തിൽ പ്രവേശിച്ചത്. ഓണാഘോഷത്തിനായി നാട്ടിലെത്തിയ അശ്വിൻ ഒരു മാസം മുമ്പാണ് മടങ്ങിയത്.
അരുണാചൽ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സൈന്യം വാർത്താകുറിപ്പിലൂടെ അറിയിച്ചു. അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റിൽ നിന്നും കിട്ടിയത്. ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് അറിയിച്ചു. ഹെലികോപ്റ്റർ പറന്നുയരുമ്പോൾ കാലാവസ്ഥ അനുകൂലമായിരുന്നു.